ഇന്ന് മമ്മൂട്ടിയുടെ പെഴസ്ണൽ മേക്കപ്പ് മാനും മാനേജരുമായ എസ് ജോർജ്ജിന്റെ പിറന്നാൾ ആണ്. പിറന്നാൾ ദിനത്തിൽ ഒരു മമ്മൂട്ടി ആരാധകൻ ഫേസ് ബുക്കിൽ കുറിച്ച പോസ്റ്റ്…
1991 ഓഗസ്റ്റ് 15 ഊട്ടിയിലെ ഒരു തണുത്ത വെളുപ്പാൻകാലം. മമ്മൂക്കയുടെ മുഖത്ത് മേക്കപ്പ് ഇടുന്ന അക്കാലത്തെ മലയാള സിനിമയിലെ സജീവ മേക്കപ്പ്മാൻ എം. ഒ ദേവസ്യ. തൊട്ടരികിൽ അച്ഛൻ മമ്മൂക്കക്ക് മേക്കപ്പ് ഇട്ടുകൊടുക്കുന്നത് നോക്കി ഇരിക്കുന്ന മകൻ ജോർജ് സെബാസ്റ്റ്യൻ.
‘നീലഗിരി’ സിനിമയുടെ ഷൂട്ടിങ് ലൊക്കേഷൻ ആയിരുന്നു ഇത്, ഇവിടെനിന്നാണ് മമ്മൂക്കയുടെ അരികിലേക്ക് ജോർജ് എത്തുന്നത്. തന്റെ പഠനകാലത്തെ ഒഴിവുസമയങ്ങളിൽ മിക്കപ്പോഴും അച്ഛന്റെ കൂടെ ലൊക്കേഷനുകളിലായിരിക്കും ജോർജ്. മേക്കപ്പ് ചെയ്യുന്നതിനിടെ ദേവസ്യയോട് മമ്മൂക്ക ചോദിച്ചു. ”ജോര്‍ജിനെ എനിക്കൊപ്പം അയച്ചുകൂടെ.. എന്റെ മേക്കപ്പ് മാന്‍ ആയി..” കേട്ടപ്പോള്‍ ദേവസ്യ ചേട്ടൻ സന്തോഷത്തോടെ ജോർജിനോട് ചോദിച്ചു അതുകേട്ട താമസം സമ്മതം മൂളാന്‍ ജോർജിന് കൂടുതല്‍ ചിന്തിക്കേണ്ടി വന്നില്ല.
https://m.facebook.com/story.php?story_fbid=337300474426627&id=100044400307272
(മമ്മൂക്കയുടെ മുഖത്ത് ആദ്യമായി മേക്കപ്പ് ചെയ്തതും അവിടന്നിങ്ങോട്ട് മിക്ക സിനിമകളിലും മേക്കപ്പ് ചെയ്തതും ദേവസ്യ ചേട്ടനായിരുന്നു. മമ്മൂട്ടിയെ ആദ്യകാലത്ത് പലരും മമ്മൂട്ടി സാർ, മമ്മൂട്ടിക്ക എന്നൊക്കെ വിളിച്ചിരുന്നു. എന്നാൽ മമ്മൂട്ടിയെ ആദ്യമായി മമ്മൂക്ക എന്ന് വിളിച്ചത് മേക്കപ്പ്മാൻ ദേവസ്യയാണ്.)
മമ്മൂക്കയുടെ സിനിമകളിലെ മേക്കപ്പ് മാനായിട്ടായിരുന്നു ജോർജിന്റെ തുടക്കമെങ്കിലും മമ്മൂക്കയുടെ പെഴ്സണൽ മേക്കപ്പ്മാനായി ജീവിതത്തിലെ സജീവ സാനിധ്യമാകാൻ അധികസമയം വേണ്ടിവന്നില്ല.
കഴിഞ്ഞ 30 വർഷമായി മമ്മൂക്കയുടെ സന്തതസഹചാരിയാണ് ജോർജ്. മമ്മൂക്കയുടെ കുടുംബങ്ങൾക്കിടയിലും നല്ലൊരു സ്ഥാനമാണ് ജോർജിന്. ജോർജിന്റെ സാമീപ്യമാണ് മമ്മൂക്കയുടെ സൗന്ദര്യ രഹസ്യമെന്ന് പറഞ്ഞാലും അതിശയപ്പെടേണ്ട കാര്യമില്ല. ജോർജിന്റെ ഈ അർപ്പണ ബോധവും, കഠിനാധ്വാനവും കൊണ്ടൊക്കെയാണ് മലയാള സിനിമാ ആരാധകർക്കിടയിൽ ജോർജ് ഇന്ന് ജോർജ് ഏട്ടനായി മാറിയതും. ലോകത്ത് എവിടെപ്പോയാലും ജോർജ് കൂടെയുണ്ടാകും, മമ്മൂക്കയുടെ മുന്നിലും പിന്നിലും. സിനിമാപ്രേമികൾ ജോർജ് എന്ന പേരിനൊപ്പവും മമ്മൂട്ടി എന്ന് ചേർത്ത് പറയാൻ തുടങ്ങിയത് അതുകൊണ്ടാണ്. (ജോർജ് മമ്മൂട്ടി)
മമ്മൂക്കയെ കാണാന്‍ എത്തുന്നവര്‍ ആദ്യം കാണുന്നത് ജോര്‍ജിനെയാണ്, കാരണം മമ്മൂക്ക സന്തോഷത്തിലാണോ ദേഷ്യത്തിലാണോ, തിരക്കിലാണോ എന്നൊക്കെ ഒറ്റനോട്ടത്തില്‍ തിരിച്ചറിയുവാന്‍ ജോർജിന് സാധിക്കും. മമ്മൂക്കയുടെ അഭിനയ ജീവിതത്തിലും യഥാര്‍ത്ഥ ജീവിതത്തിലും നിഴല്‍പോലെ കൂടെയുള്ള വ്യക്തിത്വമാണ് ജോര്‍ജ്. മമ്മൂക്കയുടെ ഏത് മാനറിസങ്ങളും ജോര്‍ജിന് പരിചിതമാണ്. ഒരു അഭിനേതാവും ചമയക്കാരനും എന്ന ബന്ധത്തിനപ്പുറം വളര്‍ന്ന ഒരു സൗഹൃദമാണ് ഇവര്‍ തമ്മില്‍ ഇന്നുള്ളത്. അതിനാല്‍ ഇന്നുവരെ മമ്മൂട്ടിയില്‍ നിന്ന് ജോർജിന് വഴക്ക് കേട്ടിട്ടില്ല.
https://m.facebook.com/story.php?story_fbid=320302256482133&id=100055070829789
മമ്മൂട്ടി ഓരോ തവണ വെള്ളിത്തിരയിൽ തിളങ്ങുമ്പോഴും ജോർജിന്റെ സ്വതസിദ്ധമായ മേക്കപ്പുകൾക്ക് പത്തരമാറ്റ് തിളക്കമായിരുന്നു. അന്താരാഷ്ട്ര തലത്തിൽ ഏറെ പ്രശംസയേറ്റുവാങ്ങിയ പല മമ്മൂട്ടി കഥാപാത്രങ്ങൾക്കും പിന്നിൽ ജോർജിന്റെ മേക്കപ്പിനും വലിയൊരു സ്ഥാനമുണ്ടായിരുന്നു. ദേശീയ ചലച്ചിത്ര പുരസ്‌ക്കാര നിർണ്ണയത്തിൽ ഏറെ ചർച്ചയായ പല സിനിമകൾക്കും പറയാനുണ്ട് ഓരോ കഥകൾ, പാലേരിമാണിക്യം ഒരു പാതിരാ കൊലപാതകം എന്ന ചിത്രത്തിൽ മൂന്ന് വ്യത്യസ്ത വേഷങ്ങളിൽ മമ്മൂട്ടി നിറഞ്ഞാടിയപ്പോൾ പിന്നണിയിൽ ഏറെ കയ്യടി നേടിയത് ആ മൂന്ന് കഥാപാത്രങ്ങളെയും വെവ്വേറെ നിലനിർത്തിയ മേക്കപ്പ് വൈദഗ്ധ്യം തന്നെയായിരുന്നു. കഴിഞ്ഞ 50 വർഷത്തിനിടയിൽ മമ്മൂട്ടി എന്ന നടൻ 400 സിനിമകൾക്ക് മുകളിൽ അഭിനയിച്ചെങ്കിൽ അതിലെ 250 കഥാപാത്രങ്ങൾ ഒന്നിനൊന്നു വ്യത്യസ്തമായി നിലനിൽക്കുന്നതിൽ ഒരു കാരണം ജോർജ് ഏട്ടന്റെ മേക്കപ്പ് തന്നെയാണ്.
മലയാളത്തിലെ ഏറ്റവും സുന്ദരനായ നടന്റെ സൗന്ദര്യം വീണ്ടും വീണ്ടും കൂട്ടുന്നതിലെ ജോര്‍ജ് ടച്ച് കുറച്ച് സ്‌പെഷ്യല്‍ ആണ്. അതിനുപിന്നില്‍ പൊടിക്കൈകള്‍ ഒന്നുമില്ലെന്നാണ് ജോര്‍ജിന്റെ പക്ഷം.
ജോര്‍ജ്ജ് ഇന്ന് മലയാള സിനിമയിലെ അറിയപ്പെടുന്ന നിര്‍മാതാവ് കൂടിയാണ്. റാഫിയുടെ തിരക്കഥയില്‍ ഷാഫി സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം മായാവിയുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറായാണ് ആദ്യമായി ജോര്‍ജ് നിര്‍മ്മാണ രംഗത്ത് എത്തുന്നത്. പിന്നീട് മമ്മൂട്ടി- ലാൽ ജോസ് കൂട്ടുകെട്ടിൽ ഇമ്മാനുവല്‍ എന്ന സിനിമ നിർമ്മിച്ചത് ജോര്‍ജ്ജ് ആയിരുന്നു. സിന്‍സില്‍ സെല്ലുലോയ്ഡ് എന്ന ബാനറിലാണ് ജോര്‍ജ് സിനിമ നിര്‍മ്മിക്കുന്നത്.
മമ്മൂക്കയും പാര്‍വതി തിരുവോത്തും ആദ്യമായി ഒന്നിച്ചെത്തുന്ന “പുഴു” എന്ന് പേരിട്ടിരിക്കുന്ന സിനിമയാണ് ഇനി ജോർജ് നിർമ്മിക്കുന്നത്. നാവഗതയായ റത്തീനയാണ് സംവിധാനം ചെയ്യുന്നത്. മമ്മൂട്ടി ആദ്യമായി ഒരു വനിതാ സംവിധായികയുടെ മലയാള ചിത്രത്തില്‍ നായകനാകുന്നുവെന്ന സവിശേഷതയുമുണ്ട് ചിത്രത്തിന്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫറർ ഫിലിംസാണ് ചിത്രം വിതരണം ചെയ്യുന്നത്.
Hameedali Punnakkadan