അന്യഭാഷകളിൽ മമ്മൂട്ടിയോളം തിളങ്ങിയ മറ്റൊരു അഭിനേതാവ് വേറെയില്ല. ഭാഷയും ദേശവും കടന്ന് മമ്മൂട്ടി കഥാപാത്രങ്ങൾ ജനഹൃദയങ്ങൾ കീഴടക്കുന്നതിന് ചലച്ചിത്ര ലോകം പല തവണ സാക്ഷ്യം വഹിച്ചിട്ടുണ്ട്. മലയാളത്തിലെ വിഖ്യാത സംവിധായകരുടെയും എഴുത്തുകാരുടേയും സിനിമകളിൽ ഏറെ ശ്രദ്ധേയമായ വേഷങ്ങൾ പകർന്നാടിയ മമ്മൂട്ടി ദക്ഷിണേന്ത്യൻ ചലച്ചിത്ര ലോകത്തെ അതുല്യ പ്രതിഭകളായ കെ. ബാലചന്ദർ, ബാലു മഹേന്ദ്ര, കെ. വിശ്വനാഥ് ,മണി രത്നം എന്നിവരുടെയെല്ലാം സിനിമകളിൽ മികച്ച വേഷങ്ങളിൽ എത്തി എന്നത് അദ്ദേഹത്തിലെ നടന് ലഭിച്ച വലിയ ആദരങ്ങളിൽ ഒന്ന് തന്നെയാണ്.സ്വാതി കിരണം, ദളപതി തുടങ്ങിയ സിനിമകളിലെ ശക്തമായ കഥാപാത്രങ്ങളായി പ്രേക്ഷക മനം കീഴടക്കിയ മമ്മൂട്ടിയ്ക്ക് ഇത്തരം പ്രകടനങ്ങൾ അന്യ ഭാഷകളിലും ആരാധകരെ സൃഷ്ട്ടിച്ചു.ഡോക്ടർ ബാബാസാഹബ് അംബ്ദേദ്ക്കർ എന്ന സിനിമയിലൂടെ ദേശീയ പുരസ്‌കാരവും സ്വന്തമാക്കാൻ മലയാളത്തിന്റെ മഹാ നടന് സാധിച്ചു.
ഭാഷാപരമായ പരിമിതികളെ അതി സമർത്ഥമായി മറികടന്നു കൊണ്ട് രൂപത്തിലും ഭാവത്തിലും സംഭാഷണ രീതികളിലും വിസ്മയം തീർക്കുന്ന മമ്മൂട്ടിയെ പേരൻപ്, യാത്ര എന്നീ സിനിമകളിലൂടെ അടുത്തിടെയും ചലച്ചിത്ര പ്രേമികൾ കണ്ടു. വിദേശ മേളകളിലടക്കം പേരൻപിലെ അമുദവൻ കയ്യടി നേടിയപ്പോൾ ആദരിക്കപ്പെട്ടത് ഇന്ത്യൻ സിനിമ കൂടിയാണ്. 1993ൽ പുറത്തിറങ്ങിയ ‘ധർത്തീപുത്ര’ എന്ന ഹിന്ദി സിനിമയുടെ മേക്കിങ് വീഡിയോയിൽ ഭാഷാപരമായ വെല്ലുവിളികളെ സംബന്ധിച്ചുള്ള മമ്മൂട്ടിയുടെ മറുപടി ഏറെ ശ്രദ്ധേയമാണ്. മറ്റു ഭാഷകളിൽ പൂർണത അവകാശപ്പെടാനില്ലെന്നാണ് മമ്മൂട്ടി പറയുന്നത് . ഭാഷാപരമായ പരിമിതികളെ മറികടക്കാനുള്ള നിശ്ചയദാർഢ്യം ആ വാക്കുകളിൽ കാണാം. വൈകാരിക ഭാവങ്ങൾ ഏതു ഭാഷയിലും ഒരുപോലെ ആണെന്നും അദ്ദേഹം പറയുന്നു. ധർത്തീ പുത്രയുടെ ലൊക്കേഷൻ ദൃശ്യങ്ങളും സംവിധായകന്റെ വാക്കുകളും വീഡിയോയിൽ ഉണ്ട്