മമ്മൂട്ടിയുടെ ജന്മദിനത്തിൽ പങ്കെടുക്കാൻ പറ്റിയില്ലെന്നു പറഞ്ഞു വാവിട്ടു നിലവിളിച്ച പീലിമോളുടെ പിറന്നാളായിരുന്നു ഇന്ന്. പക്ഷേ സങ്കടമെല്ലാം മാറി ആള്‍ ഓടിനടക്കുകയാണ്. പിറന്നാള്‍ ആയതുകൊണ്ടു മാത്രമല്ല, ഇത് പീലിമോൾക്ക് സ്പെഷ്യൽ പിറന്നാളാണ്. സാക്ഷാൽ മമ്മൂട്ടി സർപ്രൈസ് കേക്കും സമ്മാനങ്ങളും എത്തിച്ച് ഞെട്ടിച്ച പിറന്നാൾ.
പുത്തനുടുപ്പും കേക്കും സമ്മാനങ്ങളുമായി കൊച്ചിയിൽ നിന്ന് രണ്ട് പേരെത്തിയപ്പോൾ പീലിമോളെ പോലെ തന്നെ വീടു മുഴുവൻ അമ്പരന്നു. ‘ഹാപ്പി ബർത്ത്ഡേയ് പീലിമോൾ, വിത്ത് ലവ് മമ്മൂട്ടി’ എന്നാണ് കേക്കിൽ എഴുതിയിരുന്ന വാചകങ്ങൾ. വീട്ടുകാർ തയ്യാറാക്കി വച്ച കേക്ക് പിതാവ് ഹമീദ് തന്നെ മാറ്റി വച്ച്, മമ്മൂക്ക സമ്മാനിച്ച കേക്ക് മുറിച്ചായിരുന്നു ആഘോഷം. പക്ഷേ അതുകൊണ്ടും തീർന്നില്ല. കേക്കു മുറിച്ചതിനു ശേഷം കാത്തിരുന്നത് അടുത്ത സർപ്രൈസ്. മെഗാസ്റ്റാര്‍ വിഡിയോ കോളിൽ. മമ്മൂക്കയെ കണ്ടപ്പോൾ പീലി നാണം കുണുങ്ങിയായി.
കൊച്ചിയിലെ യുവ ഫാഷൻ ഡിസൈനറായ ബെൻ ജോൺസൺ പ്രത്യേകം നെയ്തെടുത്ത ഉടുപ്പാണ് പീലിക്കായി മമ്മൂട്ടി കൊടുത്തുവിട്ടത്. അങ്കമാലി ചമ്പന്നൂർ സ്വദേശികളായ ജോസ് പോളും ബിജു പൗലോസും ആണ് മമ്മൂട്ടിയുടെ സമ്മാനങ്ങളുമായി പെരിന്തൽമണ്ണയിൽ എത്തിയത്.
സെപ്റ്റംബർ 7 ന് ആയിരുന്നു മമ്മൂട്ടിയുടെ ജന്മ ദിനം. മാതാപിതാക്കൾ ജോലി കഴിഞ്ഞു വരുമ്പോൾ അവർ മമ്മൂട്ടിയുടെ ജന്മദിന ആഘോഷത്തിന് പോയതാണ് എന്ന് കരുതി പീലി വഴക്കുണ്ടാക്കിയ വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്.