മഞ്ചേരിയിൽ അഡ്വ.ശ്രീധരൻ നായരുടെ കീഴിൽ വക്കീലായി ജോലി നോക്കുന്ന സമയത്താണ് എനിയ്ക്ക് വിവാഹാലോചനകൾ വന്നതും സുൽഫത്തുമായുള്ള വിവാഹം ഉറപ്പിച്ചതും.
പിന്നീട് ഇടയ്ക്കൊക്കെ സുലുവിനെ ഒന്ന് കാണണമെന്ന് തോന്നും. പക്ഷെ എന്ത് കാരണം പറഞ്ഞു അവിടെ പോകും.? ആലോചിച്ചിട്ട് ഒരു വഴിയുമില്ല.
ഇടയ്ക്ക് ഞാൻ അങ്ങോട്ട് ഫോൺ ചെയ്യും. മിക്കവാറും സുലുവായിരിക്കും ഫോൺ എടുക്കുന്നത്.
“ഹലോ.. ഞാനാണ് മമ്മൂട്ടി “.
“ശരി, ബാപ്പയുടെ കൈയിൽ കൊടുക്കാം…”
എന്റെ ശബ്ദം തിരിച്ചറിയുന്നതോടെ സുലു ഫോൺ ബാപ്പയെ ഏല്പിക്കും. ഞാൻ ചമ്മും. എനിയ്ക്ക് സംസാരിക്കേണ്ടത് ബാപ്പയോടല്ലല്ലോ…!
വീട്ടിലെ മൂത്തയാളാണ് സുൽഫത്. അതിനിളയത് റസിയ. മൂന്നാമത്തേത് അസീസ്. ഏറ്റവും ഇളയത് സൗജത്ത്.
വിവാഹത്തിന്റെ തിരക്കായിരുന്നു പിന്നെ. അതിനുശേഷം ഞാൻ മഞ്ചേരിയിൽ പോയത് സുഹൃത്തുക്കളെയും മറ്റും വിവാഹത്തിന് ക്ഷണിക്കാൻ വേണ്ടിയാണ്.
മെയ് അഞ്ചാം തിയതി തന്നെ കൂട്ടുകാരൊക്കെ ചെമ്പിലെ വീട്ടിൽ വന്നു. മധു, മുരളി, ഷെറഫ്, ആന്റണി പലയ്ക്കൻ, വിശ്വംഭരൻ, അപ്പു തുടങ്ങി എല്ലാവരും ഒത്തുകൂടിയപ്പോൾ ഒരു ഉത്സവ പ്രതീതിയായി.
പിന്നെ അവരായിരുന്നു എല്ലാറ്റിനും മുൻപന്തിയിൽ. എന്റെ അളിയൻ സലിമും ബന്ധുക്കളുമൊക്കെ പന്തലുകെട്ടാനും സദ്യയൊരുക്കാനുമൊക്കെ അഹോരാത്രം കഷ്ടപ്പെട്ടു.
ആ രാത്രി എനിയ്ക്ക് ഉറക്കം വന്നില്ല.
വല്ലാത്ത ടെൻഷൻ. നാളെ മുതൽ ഒരു പെൺകുട്ടി എന്റെ ജീവിതത്തിലേക്ക് കടന്നു വരുന്നു. സ്വപ്നങ്ങളും ദുഃഖങ്ങളും പങ്കുവയ്ക്കാൻ… അല്ലലും ആഹ്ലാദങ്ങളും ഏറ്റുവാങ്ങാൻ.. ആ സ്വപ്നം അനിർവചനീയമായ ഒരു വികാരമായി ഉള്ളിൽ ആകെ നിറഞ്ഞു.
ഞാൻ വീട്ടിൽ നിന്ന് എണീറ്റ് അപ്പുവിന്റെ വീട്ടിൽ പോയി കിടന്നു. എന്നിട്ടും ഉറങ്ങാൻ കഴിഞ്ഞില്ല.
പിറ്റേന്ന് പ്രഭാതം. നിദ്രാവിഹീനമായ ഒരു രാവിന്റെ ആലസ്യത്തോടെയാണ് ഞാൻ എണീറ്റത്. പുതിയൊരു ജീവിതത്തിലേക്ക് പദമൂന്നുന്ന ദിവസം. കുളിച്ചു പാന്റും സ്യുട്ടും ധരിച്ചു ‘പുതിയാപ്ല’യായി അണിഞ്ഞൊരുങ്ങി.
വിവാഹത്തിനു പോകാൻ രണ്ടു ബസ്സുകൾ ഉണ്ട്. ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരുമൊക്കെ അതിൽ കയറി. പുതിയാപ്ലയെ സ്വീകരിച്ചു കൊണ്ടുപോകാൻ സുലുവിന്റെ വീട്ടിൽനിന്നും അലങ്കരിച്ച ഒരു വിദേശ കാർ അയച്ചിരുന്നു. ഞാനും സഹോദരി അമ്മയും ആ കാറിലാണ് പോയത്.
മട്ടാഞ്ചേരിയിൽ വധൂഗൃഹത്തിനോട് ചേർന്നുള്ള പുരയിടത്തിൽ കൂറ്റൻ പന്തൽ. അതിൽ തിങ്ങി നിറഞ്ഞിരിക്കുന്ന ആളുകൾ. പന്തലിനുള്ളിൽ ഒരു പ്രത്യേക പ്ലാറ്റ്ഫോം. അവിടെ വെച്ചാണ് നിക്കാഹ്.
ഇസ്ലാം മതപ്രകാരം വധുവിന്റെ പിതാവിന് പണം കൊടുത്താണ് വരൻ വധുവിനെ സ്വീകരിക്കുന്നത്. അതിന് മഹർ എന്നു പറയും.
വിവാഹ ചടങ്ങുകൾ നടത്തിയത് ഒരു മുസ്ലിയാരാണ്. സുലുവിന്റെ ബാപ്പയുടെയും എന്റെയും കൈകൾ ചേർത്തുപിടിച്ച് കബൂൽ ചെയ്യിച്ചു. ഒരു കരാറാണത്.
“എന്റെ മകൾ സുൽഫതിനെ തൊണ്ണൂറ്റൊമ്പതര മിഥുക്കാൽ മഹറിന് ഹലാലായ ഭാര്യയായി, ഇണയാക്കി, തുണ യാക്കി നിനക്കു ഞാൻ തരുന്നു…”