കഴിഞ്ഞ നാല് പതിറ്റാണ്ടിലധികമായി ലോകത്തിന് മുൻപിൽ അഭിനയപ്രതിഭയുടെ കരുത്തുകൊണ്ട് കേരളത്തിന്റെ അഭിമാനമായി നിറഞ്ഞു നിൽക്കുന്ന മഹാ നടനാണ് മമ്മൂട്ടി എന്ന് പ്രമുഖ ബി.ജെ.പി നേതാവ് കെ.സുരേന്ദ്രൻ. മമ്മൂട്ടിക്ക് അദ്ദേഹത്തിന്റെ പിറന്നാൾ ദിനത്തിൽ ആശംസകൾ അർപ്പിച്ചുകൊണ്ട് ചലച്ചിത്ര-സാമൂഹ്യ – സാംസ്ക്കാരിക മേഖലകളിലെ പ്രമുഖർ അണിനിരന്ന ‘മെഗാ വിഷസ് ടു മെഗാസ്റ്റാർ’ എന്ന വീഡിയോയിലാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കൂടിയായ കെ.സുരേന്ദ്രന്റെ വാക്കുകൾ.
മമ്മൂട്ടി ടൈംസ് ഒരുക്കിയ വീഡിയോയിൽ ആർടിസ്റ്റ് നമ്പൂതിരിയും ഫാസിലും പ്രിയദർശനും അപ്പച്ചനും തുടങ്ങി പുതു തലമുറ വരെ ആശംസകളുമായി എത്തിയിരുന്നു. ശോഭന, എം.ജി ശ്രീകുമാർ, രഞ്ജി പണിക്കർ, സത്യരാജ്, രാകേഷ് ബ്രഹ്‌മാനന്ദൻ, ഗോപി സുന്ദർ, കലൂർ ഡെന്നീസ്, ഷൈൻ ടോം ചാക്കോ, ഇനിയ, രഞ്ജിത്ത് ശങ്കർ, ഹരിശ്രീ അശോകൻ, ഉദയകൃഷ്ണ, അഡ്വ. ജയശങ്കർ, ബിപിൻ ചന്ദ്രൻ, കെ.എസ്.ചിത്ര,ലിബർട്ടി ബഷീർ, സിന്ധുരാജ് തുടങ്ങി നൂറിലധികം വ്യക്തിത്വങ്ങൾ ഭാഗമായ വീഡിയോ ചുരുങ്ങിയ ദിവസങ്ങൾകൊണ്ട് ഒരുലക്ഷത്തിലധികം ആളുകളാണ് കണ്ടത്. തലമുറ ഭേദമന്യേ, സമൂഹത്തിന്റെ വിവിധ തലങ്ങളിൽ സജീവ സാന്നിദ്ധ്യമായ വ്യക്തികൾക്ക് മലയാളത്തിന്റെ മഹാനടനോടുള്ള ആദരവും സ്നേഹവുമാണ് ഈ വീഡിയോ പ്രകടമാക്കുന്നത്