ഗൃഹലക്ഷ്മി മാസികയുടെ പുതിയ ലക്കത്തിൽ വന്ന മമ്മൂട്ടിയുടെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്‌ടിച്ചു മുന്നേറുകയാണ്. മലയാള സിനിമയിൽ അൻപത് വർഷങ്ങൾ പൂർത്തിയാക്കിയ താര ചക്രവർത്തി ദിവസം ചെല്ലുംതോറും യുവതാരങ്ങൾക്ക് വെല്ലിവിളിയാ വുകയാണെന്നും അദ്ദേഹത്തിന് പ്രായം റിവേഴ്‌സ് ഗിയറിലാണെന്നും നിരവധി പേരാണ് അഭിപ്രായപ്പെടുന്നത്. താരങ്ങളടക്കം ആയിരക്കണക്കിനുപേരാണ് മെഗാസ്റ്റാറിന്റെ പുതിയ ചിത്രങ്ങൾ ഷെയർ ചെയ്യുന്നത്.
മമ്മൂട്ടിയോടൊപ്പം നിരവധി സിനിമകളിൽ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ച മനോജ് കെ. ജയൻ ഏറെ രസകരമായ കമന്റാണ് പോസ്റ്റ് ചെയ്തത്. ‘എൻറെ മമ്മൂക്കാ….എന്താ ഇത്? ഒരു രക്ഷയുമില്ലല്ലോ. പുതിയ പിള്ളേർക്ക് ജീവിച്ചു പോകണ്ടേ? കിടുക്കി…തിമിർത്തു…കലക്കി…’ മനോജ് കെ. ജയൻ ചിത്രം പോസ്റ്റ് ചെയ്തുകൊണ്ട് ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഗൃഹലക്ഷ്മി ഫോട്ടോഷൂട്ടിൽ അതീവ സ്റ്റൈലിഷ് ആയാണ് മമ്മുക്ക എത്തിയിട്ടുള്ളത്. അമൽ നീരദ് സംവിധാനം ചെയ്യുന്ന ഭീഷ്മപർവത്തിന്റെ അവസാന ഷെഡ്യൂളിൽ അഭിനയിച്ചുകൊണ്ടിരിക്കുന്ന മമ്മൂട്ടി തുടർന്ന് ‘പുഴു’ എന്ന ചിത്രത്തിൽ ജോജി ചെയ്യും.