1989-ൽ ‘സ്വന്തം എന്നു കരുതി’ എന്ന ചിത്രത്തിലൂടെ ബാലതാരമായി മലയാളത്തിൽ അഭിനയിച്ച മന്യ, ജോക്കർ എന്ന ലോഹിതദാസ് ചിത്രത്തിലൂടെയാണ് നായികയായി മലയാളത്തിൽ അരങ്ങേറുന്നത്. ജോക്കറിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ച മന്യ തുടർന്ന് കുഞ്ഞിക്കൂനൻ, രാക്ഷസരാജാവ്, വക്കാലത്ത് നാരായണൻകുട്ടി, വൺമാൻ ഷോ, സ്വപ്നക്കൂട്, പറഞ്ഞുതീരാത്ത വിശേഷങ്ങൾ തുടങ്ങി ഒട്ടേറെ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.
2010-ൽ പുറത്തുവന്ന പതിനൊന്നിൽ വ്യാഴം എന്ന ചിത്രത്തിലാണ് മന്യ അവസാനമായി അഭിനയിക്കുന്നത്. കല്യാണത്തോടെ സിനിമാ ലോകത്തുനിന്നും ഏറെക്കുറെ വിട്ടു നിൽക്കുകയായിരുന്നു. ഡൈവോഴ്സും പുനർ വിവാവഹവും ഒക്കെയായി സ്വകാര്യ ലോകത്തേക്ക് ഒതുങ്ങുകയായിരുന്നു മന്യ.
കഴിഞ്ഞ കുറച്ചുനാളുകളായി കുഞ്ഞിക്കൂനനിലെ സായ്കുമാറിന്റെ വാസു അണ്ണൻ എന്ന കഥാപാത്രത്തെ ചേർത്ത് മന്യയുടെ പേരിൽ ചില ട്രോളുകളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. അതിനു മറുപടിയുമായി താരം എത്തുകയും ചെയ്തു.
ഇപ്പോഴിതാ, മമ്മൂട്ടി, ദിലീപ് തുടങ്ങിയ മലയാളത്തിൽ താൻ കൂടുതൽ അഭിനയിച്ച നായകന്മാരെക്കുറിച്ചുള്ള അഭിപ്രായങ്ങൾ തുറന്നു പറയുകയാണ് മന്യ.
മമ്മൂട്ടിയോടൊപ്പമുള്ള ലൊക്കേഷൻ അനുഭവങ്ങൾ മന്യ പങ്കുവയ്ക്കുന്നതിങ്ങനെ:
രാക്ഷസരാജാവിലാണ് ഞാൻ ആദ്യമായി മമ്മൂക്കയോടൊപ്പം അഭിനയിക്കുന്നത്. ഭയത്തോടെയായിരുന്നു ആ സിനിമയുടെ ലൊക്കേഷനിലേക്ക് എത്തിയത്. സത്യം പറഞ്ഞാൽ ആദ്യമായി മമ്മൂക്കയെ കണ്ടപ്പോൾ മുഖത്തു നിന്നും കണ്ണെടുക്കാനായില്ല. എത്ര സുന്ദരനാണ് അദ്ധേഹം. ഇത് വളരെ ചെറിയ കുട്ടിയാണല്ലോ എന്നാണ് എന്നെ കണ്ടയുടനെ ആദ്ധേഹം പറഞ്ഞത്.
ആ സമയത്ത് ഞാൻ വളരെ മെലിഞ്ഞിട്ടായിരുന്നു. പ്രായം തോന്നിപ്പിക്കാനായി എന്റെ കഥാപാത്രത്തിനു കണ്ണട ഇടീക്കുകയും ചെയ്തിരുന്നു. മമ്മൂക്കയുടെ അടുത്ത് പോകാനും സംസാരിക്കാനുമൊക്കെ സത്യത്തിൽ ഭയങ്കര പേടിയായിരുന്നു. പക്ഷേ എത്ര വിനയമുള്ള വ്യക്തിയാണെന്നോ അദ്ധേഹം. ഞാൻ ഒരു വെജിറ്റേറിയനാണ്. എന്റെ അമ്മ നോൺ വെജിറ്റേറിയനും. അമ്മയ്ക്കായി മമ്മൂക്ക വീട്ടിൽ നിന്നും മീൻ കറിയൊക്കെ കൊണ്ടുവന്നു തരുമായിരുന്നു. അപരിചതൻ എന്ന ചിത്രത്തിലാണ് പിന്നീട് ഞാൻ മമ്മൂക്കയോടൊപ്പം അഭിനയിക്കുന്നത്.
