കോഴിക്കോട്: കോവിഡ് ആശങ്കക്കിടയിൽ സിനിമാ ലോകത്തിന് പ്രതീക്ഷ നൽകി മെഗാസ്റ്റാർ മമ്മൂട്ടിയുടെ സൂപ്പർഹിറ്റ് ചിത്രം മാസ്റ്റർപീസ് റഷ്യൻ ഭാഷയിലേക്ക് മൊഴിമാറ്റുന്നു. മലയാളത്തിൽ നിന്നും റഷ്യൻ ഭാഷയിലേക്ക് മൊഴിമാറ്റുന്ന ആദ്യ ചിത്രമാണിത്. റോയൽ സിനിമാസിന്റെ ബാനറിൽ സി.എച്ച് മുഹമ്മദ് നിർമ്മിച്ച ചിത്രം നേരത്തെ ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളിലേക്കും മൊഴി മാറ്റിയിട്ടുണ്ട്.
നോർവെ ആസ്ഥാനമായ ഫോർ സീസൺ ക്രിയേഷൻസാണ് ചിത്രം റഷ്യൻ ഭാഷയിലേക്ക് മൊഴിമാറ്റുന്നത്. ഫോർസീസണുമായി റോയൽ സിനിമാസ് കഴിഞ്ഞ ദിവസം ധാരണാപത്രത്തിൽ ഒപ്പുവെച്ചു.
ഉദയ് കൃഷ്ണയുടെ തിരക്കഥയിൽ അജയ് വാസുദേവാണ് ചിത്രം സംവിധാനം ചെയ്തത്. മമ്മൂട്ടിക്ക് പുറമെ ഉണ്ണി മുകുന്ദൻ, വരലക്ഷ്മി, പാഷാണം ഷാജി, ക്യാപ്റ്റൻ രാജു, കലാഭവൻ ഷാജോൺ, സന്തോഷ് പണ്ഡിറ്റ്, മഖ്ബൂൽ, ഗോകുൽ സുരേഷ് ഗോപി, പൂനം ബജ് വ, ലെന എന്നിവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. 2017 ഡിസംബറിൽ റിലീസായ ചിത്രം രണ്ട് വർഷത്തിന് ശേഷമാണ് റഷ്യൻ ഭാഷയിലേക്ക് മൊഴി മാറ്റുന്നത്. അതേസമയം മാസ്റ്റർപീസ് അറബിയിലേക്ക് മൊഴിമാറ്റുന്നതുമായി ബന്ധപ്പെട്ട് ചർച്ച പുരോഗമിക്കുന്നതായി സി.എച്ച് മുഹമ്മദ് അറിയിച്ചു.
