മലയാള സിനിമയുടെ ചരിത്രത്തിൽ സുവർണ ലിപികകളാൽ എഴുതിച്ചേർക്കപ്പെട്ട സിനിമകളിൽ ഒന്നാണ് 1990 ൽ വെളളിത്തിരയിലെത്തിയ മതിലുകൾ. അടൂർ ഗോപലകൃഷ്ണൻ എന്ന വിഖ്യാത സംവിധായകൻ ഒരുക്കിയ മതിലുകൾ 1990 മെയ് 18 നാണ് പ്രദർശനത്തിനെത്തിയത്. മലയാളം കണ്ട എക്കാലത്തെയും മികച്ച എഴുത്തുകാരിൽ ഒരാളായ വൈക്കം മുഹമ്മദ് ബഷീർ രചിച്ച മതിലുകളിൽ കേന്ദ്ര കഥാപാത്രമായി എത്തിയത് മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയാണ്. നിരവധി ദേശീയ അന്തർദേശീയ പുരസ്ക്കാരങ്ങൾ നേടിയ സിനിമ കൂടിയാണ് മതിലുകൾ. മികച്ച നടനും സംവിധായകനുമായി ദേശീയ തലത്തിൽ മമ്മൂട്ടിയും അടൂരും പുരസ്‌ക്കാരത്തിന് അർഹരായി. മികച്ച ശബ്ദ ലേഖകനായി എൻ. ഹരികുമാറും ദേശീയ പുരസ്‌ക്കാരത്തിന് അർഹനായി.ജയിൽ സെല്ലിന്റെ ഇടുങ്ങിയ സ്ഥലത്ത് ജീവിക്കുന്ന ബഷീർ അയൽവാസിയായ ജയിൽ വളപ്പിലെ ഒരു സ്ത്രീയെ പ്രണയിക്കുന്നു.അവർ പരസ്പരം കാണാതിരിക്കാനും ആശയവിനിമയം നടത്താൻ കഴിയാത്തതിനും കാരണമാകുന്നത് ജയിലിലെ ഉയരം കൂടിയ മതിലാണ്.ബഷീറിന്റെ പ്രണയം ഒരു സ്ത്രീ ശബ്ദമായി അവതരിപ്പിക്കപ്പെടുന്നു. ബഷീറിന്റെ മനം കവർന്ന നാരായണി ഒരിക്കലും സിനിമയിൽ പ്രത്യക്ഷപ്പെടുന്നുമില്ല.
പ്രശസ്ത നി.രൂപകൻ സി. ആർ നീലകണ്ഠൻ മമ്മൂട്ടിയ്ക്ക് ദേശീയ പുരസ്ക്കാരം നേടിക്കൊടുത്ത കഥാപാത്രങ്ങളെക്കുറിച്ച് നടത്തിയ വിശകലനത്തിൽ മതിലുകളിലെ ബഷീറിനെക്കുറിച്ച് പരാമർശിക്കുന്നത് ഇങ്ങനെ – “അടൂർ ഗോപലകൃഷ്ണൻ തന്റെ മൂന്ന് ചിത്രങ്ങളിലെ പ്രധാന കഥാപാത്രങ്ങളെ ഏൽപ്പിച്ചത് മമ്മൂട്ടിയെയാണ് എന്നത് തന്നെ സമ്പൂർണമായും ‘നിയന്ത്രിത അഭിനയ’ത്തിന് മമ്മൂട്ടിക്ക് ശേഷിയുണ്ട് എന്നതിനാലാണ്. ബഷീർ എന്ന മനുഷ്യൻ, നിരവധി വൈവിധ്യപൂർണ്ണമായ ജീവിത വ്യവസ്ഥകളിലൂടെ സഞ്ചരിച്ച് പാകത നേടിയ വ്യക്തിയാണ്. അത് വൃദ്ധനായ ബഷീർ. പക്ഷേ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് തടവ് ശിക്ഷ അനുഭവിക്കുന്ന യുവാവായ ബഷീറോ? അദ്ദേഹത്തിന്റെ തന്നെ വരികൾ വരച്ചു വയ്ക്കുന്ന ചിത്രം സ്വീകരിക്കുകയേ നിവൃത്തിയുള്ളൂ. ഒട്ടും തന്നെ അതിഭാവുകത്വം ഇല്ലാത്ത വ്യക്തിയാണ് ബഷീർ. ഇവിടെ മമ്മൂട്ടി ചെയ്യേണ്ടിയിരുന്നത് ‘അഭിനയിക്കാതിരിക്കുക’ എന്നതാണ്.അതാണ് ചെയ്തതും” .
കഥാപാത്ര അവതരണത്തിൽ മറ്റ് അഭിനേതാകൾക്ക് ടെക്സ്റ്റ് ബുക്കുകൾ ആയി മാറുന്ന അവതരണ രീതിയാണ് മതിലുകൾ അടക്കം പല ചിത്രങ്ങളിലും മമ്മൂട്ടിയുടേത്. മൂന്ന് പതിറ്റാണ്ടുകൾക്കിപ്പുറവും പ്രേക്ഷകർക്കും നിരൂപകർക്കും ചലച്ചിത്രവിദ്യാർത്ഥികൾക്കും ഏറെ പ്രിയപ്പെട്ട സിനിമകളിൽ ഒന്നാണ് മതിലുകൾ.