“സിനിമയിൽ വന്നതുമുതൽ ഞാൻ ആഗ്രഹിക്കുന്നതാണ്, മമ്മൂക്കയുടെ കൂടെ ഒരു ചിത്രത്തിൽ മമ്മുക്കയോടൊപ്പമുള്ള നല്ലൊരു വേഷം. അതെനിക്കു ലഭിച്ചു എന്നതു മാത്രമല്ല, മമ്മുക്കയാണ് എന്നെ ഈ ചിത്രത്തിലേക്ക് സജസ്റ്റ് ചെയ്തത് എന്നതുകൂടിയാകുമ്പോൾ എനിക്ക് ‘പരോൾ’ നൽകുന്നത് ഇരട്ടി സന്തോഷമാണ്. “
പരോൾ സിനിമയുടെ വിശേഷങ്ങൾ ചോദിച്ചപ്പോൾ മിയ ജോർജ്ജ് ആദ്യം പറഞ്ഞത് ഇക്കാര്യമാണ്.
ചെറുപ്പം മുതലേ ഒരുപാട് കണ്ടുവരുന്ന ഒരു നടൻ..സിനിമ കാണുന്ന ആ സമയത്തൊന്നും സിനിമയിലേക്ക് വരുമെന്നൊന്നും വിചാരിച്ചിട്ടില്ല. സിനിമയിൽ വന്ന് ആക്ടീവ് ആയിക്കഴിഞ്ഞപ്പോൾ തോന്നിയ ഒരു ആഗ്രഹമാണ് ഒരു സിനിമയിലെങ്കിലും മമ്മൂക്കയോടൊപ്പം ഒരുമിച്ച് അഭിനയിക്കണമെന്ന്. പിന്നീട് എക്കാലവും എനിക്ക് ഓർമ്മിക്കാൻ വേണ്ടി ഒരു സിനിമയെങ്കിലും. അങ്ങിനെ കാത്തിരുന്നു കിട്ടിയ ഒരു സിനിമയാണ് പരോൾ എന്നു പറയാം. അതും മമ്മൂക്കയാണ് റെക്കമെന്റ് ചെയ്തത് എന്നറിഞ്ഞപ്പോൾ പറഞ്ഞറിയിക്കാനാകാത്ത സന്തോഷം തോന്നി.
ലൊക്കേഷനിൽ വച്ച് ഷൂട്ടിംഗ് സമയത്ത് മമ്മൂക്ക എന്നോട് പറഞ്ഞു, ‘അനാർക്കലി’ കണ്ട സമയത്തേ നോട്ട് ചെയ്തിരുന്നു. എപ്പോഴെങ്കിലും ഒരു സിനിമയിൽ സഹകരിപ്പിക്കണം എന്നുമുണ്ടായിരുന്നു എന്ന്. അതുകേട്ടപ്പോൾ സന്തോഷത്തോടൊപ്പം അഭിമാനവും തോന്നി. മമ്മൂക്കയെപ്പോലെ ഒരു മഹാനടൻ എന്റെ അഭിനയം ശ്രദ്ധിച്ച് ഓർത്തുവച്ച് എന്നെ വിളിച്ചു എന്നത് ചെറിയ കാര്യമല്ലല്ലോ..!
കഥാപാത്രത്തെക്കുറിച്ച്
കത്രീന എന്നാണ് കതാപാത്രത്തിന്റെ പേര്. മമ്മൂക്ക അവതരിപ്പിക്കുന്ന അലക്സ് എന്ന ക്യാരക്ടറിന്റെ സഹോദരി. പെങ്ങളെ വളരെ പ്രൊട്ടക്ട് ചെയ്യുകയും കെയർ ചെയ്യുകയും ചെയ്യുന്ന വാൽസല്യ നിധിയായ ഒരു ഏട്ടൻ. ഓൺസ്ക്രീനിലാണെങ്കിലും മമ്മൂക്കയുടെ ആ സ്നേഹം അനുഭവിക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം.
പരോൾ എന്ന സിനിമ:
ഈ സിനിമയുടെ കാര്യ പറഞ്ഞു കഴിഞ്ഞാൽ എല്ലാം ‘മമ്മുക്ക, മമ്മുക്ക’ എന്നായിരിക്കും. കാരണം, ഞാൻ ആഗ്രഹിച്ചുകിട്ടിയ ഒരു സിനിമ. ഇടുക്കി-കട്ടപ്പന ഏരിയയിൽ താമസിക്കുന്ന കഥാപാത്രം. പേര് കത്രീന. ഞാൻ ഉം ഒരു കൃസ്ത്യാനിയാണല്ലോ. എന്റെ ലാംഗ്വേജിൽ തന്നെ സംസാരിച്ചോളാൻ ഡയറക്ടർ പറഞ്ഞപ്പോൾ കൂടുതൽ സ്വാഭാവികത കിട്ടിയ പോലെ.
ഇതൊരു ഫാമിലി ഡ്രാമയാണ്. ഒരുപാട് നല്ല മുഹൂർത്തങ്ങൾ ഒക്കെയുള്ള, ടച്ചിങ്ങായ ഒരുപാട് സീനുകൾ ഉള്ള നല്ലൊരു കുടുംബചിത്രമായിരിക്കും പരോൾ. പ്രേക്ഷകരെ എന്റർടെയിൻ ചെയ്യിക്കാൻ വേണ്ടി ഒരുക്കിയ ഒരു സിനിമ. അതുകൊണ്ടുതന്നെ പ്രേക്ഷകർക്ക് ഈ സിനിമ ഇഷ്ടമാകും എന്നാണെന്റെ വിശ്വാസം. നിങ്ങളെല്ലാവരും ഈ സിനിമ കാണണം, അഭിപ്രായം അറിയിക്കണം.
Box News
വാൽസല്യം- എനിക്കേറ്റവും ഇഷ്ടപ്പെട്ട മമ്മൂട്ടി സിനിമ:
എനിയ്ക്ക് വളരെയേറെ ഇഷ്ടപ്പെട്ട മമ്മുക്കയുടെ സിനിമയാണ് വാൽസല്യം. കുടുംബസ്നേഹിയായ ഒരു ക്യാരക്ടർ. നല്ലൊരു മകനാണ്, ഏട്ടനാണ്, ഭർത്താവാണ്, അച്ഛനാണ്…കുടുംബത്തിലെ എല്ലാ കാര്യങ്ങളും നോക്കിനടത്തുന്ന വാൽസല്യനിധിയായ ഒരു കഥാപാത്രം. എപ്പോൾ ടി.വിയിൽ വരുമ്പോഴും ഞാൻ ഈ സിനിമ കാണും. ആ ക്യാരക്ടറൈസേഷൻ എനിക്ക് വളരെ ഇഷ്ടമാണ്. എന്റെ ഫേവറേറ്റായ ആ സിനിമയുടെ കുറെ ഷേഡ്സ് പരോളിലും വരുന്നുണ്ട്, മമ്മുക്കയുടെ ക്യാരക്ടറിന്.
