വ്യത്യസ്തമായ പ്രമേയങ്ങൾ കേന്ദ്രീകരിച്ചു മലയാളത്തിന് മികച്ച ഹിറ്റുകൾ സമ്മാനിക്കുന്ന ശ്രദ്ധേയ സംവിധായകനാണ് ജീത്തു ജോസഫ്. 2007ൽ സുരേഷ് ഗോപിയെ നായകനാക്കി ‘ഡിറ്റക്റ്റീവ്’ എന്ന ക്രൈം ത്രില്ലർ ചിത്രത്തിലൂടെയാണ് ജീത്തു ജോസഫിന്റെ സിനിമാ ജീവിതം ആരംഭിക്കുന്നത്. സൂപ്പർ താരങ്ങൾ മുതൽ യുവതാരങ്ങൾ വരെ ജീത്തു ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്. യുവതാരം കാളിദാസനെ നായകനാക്കി ഒരുക്കുന്ന ‘Mr & Ms റൗഡി’ എന്ന പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ ജീത്തു ജോസഫ് മമ്മൂട്ടി ടൈംസിനോട് പങ്കുവെയ്ക്കുന്നു.
തീർത്തും വ്യത്യസ്തമായ പ്രമേയങ്ങളാണ് താങ്കളുടെ മുൻചിത്രങ്ങളിൽ വന്നിട്ടുള്ളത്. Mr & Ms റൗഡി എന്ന ചിത്രത്തിലേയ്ക്ക് എങ്ങനെയാണു താങ്കൾ എത്തിപ്പെട്ടത്.?
എന്റെ ഭാര്യ, ലിന്റയാണ് ഈ ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ഹ്യൂമർ സബ്‌ജെക്ടിൽ ഒരു ചിത്രം ചെയ്യണമെന്ന് ഒരുപാട് നാളായി ഞാൻ ആലോചനയിൽ ആയിരുന്നു. ത്രില്ലർ ചിത്രങ്ങളും ആക്ഷൻ ചിത്രങ്ങളും ചെയ്‌തു മടുത്തിരിക്കുന്ന ഈ വേളയിൽ ഒരുപാട് ആളുകൾ എന്നോട് എന്തുകൊണ്ടാണ് പുതുമുഖങ്ങളെ അണിനിരത്തി ഒരു ചിത്രം ചെയ്യാത്തത് എന്നൊക്കെ ചോദിക്കാറുണ്ടായിരുന്നു. അങ്ങനെയിരിക്കെ ‘ആദി’ എന്ന ചിത്രത്തിന്റെ ജോലികൾ പുരോഗമിച്ചു കൊണ്ടിരിക്കുന്ന സമയം എന്റെ ഭാര്യയാണ് ഹ്യൂമറിന്റെ പശ്ചാത്തലത്തിൽ ഒരുക്കാവുന്ന ഒരു ചിത്രത്തെക്കുറിച്ച് എന്നോട് സംസാരിച്ചത്. കേട്ടപ്പോൾ തന്നെ എനിക്ക് അത് ഇഷ്ടമായി. അതുകൊണ്ട് ഞാൻ തന്നെയാണ് ലിന്റയോട് ഈ വിഷയം എഴുതുവാൻ ആവശ്യപ്പെട്ടത്. ഒരുപാട് പുതുമകൾ ഒന്നും ഞാൻ ഈ ചിത്രത്തിൽ അവകാശപ്പെടുന്നില്ല, എങ്കിൽ കൂടി തീയേറ്ററുകളിലെത്തുന്ന പ്രേക്ഷകർക്ക് കുറച്ചു നേരം ആഘോഷിക്കുവാനുള്ള രീതിയിലാണ് Mr & Ms റൗഡി ഒരുക്കിയിട്ടുള്ളത്.
ഈ അടുത്ത നാളുകളിൽ റിയലിസ്റ്റിക്കായുള്ള മലയാളം ഹ്യൂമർ ചിത്രങ്ങൾക്ക് പ്രേക്ഷകരുടെ ഭാഗത്തുനിന്നും വൻ സ്വീകാര്യത ലഭിക്കുന്നുണ്ട്. Mr & Ms റൗഡി എന്ന ചിത്രത്തെ ആ ഗണത്തിൽ ഉൾപ്പെടുത്താൻ കഴിയുമോ.?
പൂർണ്ണമായും റിയലിസ്റ്റിക്ക് എന്ന് ഈ ചിത്രത്തെ വിശേഷിപ്പിക്കാൻ കഴിയില്ല, അങ്ങനെ റിയലിസ്റ്റിക്കായി ഈ ചിത്രം ചെയ്യാൻ കഴിയും എന്ന് എനിക്ക് തോന്നുന്നുമില്ല.അത് കൊണ്ട് തന്നെ Mr & Ms റൗഡിയ്ക്ക് ആ ഒരു സമീപനമല്ല സ്വീകരിച്ചിരിക്കുന്നത്. ഒന്നോ രണ്ടോ റിയലിസ്റ്റിക്ക് ചിത്രങ്ങൾ വിജയിച്ചു എന്ന് കരുതി അതൊരു ട്രെൻഡാണ് എന്ന് ഞാൻ വിശ്വസിക്കുന്നില്ല. എല്ലാ വിഭാഗത്തിലും പെടുന്ന ചിത്രങ്ങൾ പ്രദർശനത്തിനെത്തിയാൽ അത് പ്രേക്ഷകർക്ക് പുതുമ സമ്മാനിക്കും.
യുവതാരങ്ങളാണ് പ്രധാനമായും ഈ ചിത്രത്തിൽ മുഖ്യകഥാപാത്രങ്ങളായി എത്തുന്നത്, എല്ലാ വിഭാഗം പ്രേക്ഷകരെയും തൃപ്തിപ്പെടുത്താൻ Mr & Ms റൗഡിയ്ക്ക് കഴിയും എന്ന് വിശ്വസിക്കുന്നുണ്ടോ.?
എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തും വിധമാണ് ഈ ചിത്രം ചെയ്‌തിട്ടുള്ളത്. പക്ഷെ അത് അവരെ രസിപ്പിക്കുമോ ഇല്ലയോ എന്നത് തീയറ്ററിലെത്തുന്ന പ്രേക്ഷകർ തന്നെയാണ് തീരുമാനിക്കുന്നത്. കുട്ടികൾക്കൊപ്പം കുടുംബമായി തന്നെ കാണാൻ കഴിയുന്ന ചിത്രമാണ് Mr & Ms റൗഡി. ചിത്രം കുടുംബപ്രേക്ഷകരെ തൃപ്തരാക്കും എന്ന് തന്നെയാണ് ഞങ്ങളുടെ വിശ്വാസവും.
വളരെ എക്സ്പീരിയൻസ് ഉള്ള നടന്മാരായ മോഹൻലാൽ, സുരേഷ് ഗോപി, ദിലീപ് മുതൽ പുതിയ തലമുറയിലെ പ്രണവ് മോഹൻലാൽ, കാളിദാസ് ജയറാം വരെ താങ്കളുടെ നായകന്മാരായി എത്തിനിൽക്കുന്നു. രണ്ട് ജനറേഷനുകളിലെ ഈ താരങ്ങളെ വച്ച് സഹകരിക്കുമ്പോൾ എന്ത് വ്യത്യാസമായിരുന്നു താങ്കൾക്ക് അനുഭവപ്പെട്ടത്.?
പണ്ടുള്ള അഭിനേതാക്കളുടെ അത്രയും അച്ചടക്കവും പ്രതിബദ്ധതയും പൊതുവെ ഇപ്പോഴത്തെ ഭൂരിഭാഗം യുവതാരങ്ങൾക്കുമില്ല എന്ന് തോന്നാറുണ്ട്. ഏത് പ്രൊജക്ടിലായാലും അതിൽ ഒരു അച്ചടക്കവും പ്രതിബദ്ധതയും അത്യാവശ്യമാണ്, അത് ഇല്ലാത്തവർ അധികനാൾ ആ സ്ഥാനത്ത് തുടരുകയുമില്ല. മാത്രമല്ല പുതിയതായി വരുന്ന ആളുകൾ ഈ കലയെ എത്രത്തോളം ഗൗരവമായി കാണുന്നുണ്ട് എന്ന് സംശയം ഉണ്ട്.
പ്രേക്ഷക പ്രശംസകൾ നേടി മമ്മൂക്കയുടെ ‘പേരൻപ്’, ‘യാത്ര’ എന്നീ ചിത്രങ്ങൾ തീയറ്ററുകളിൽ തുടരുകയാണ്, ഈ അവസരത്തിൽ മമ്മൂട്ടിയുമായി താങ്കളുടെ ഒരു പ്രൊജക്റ്റ് പ്രേക്ഷകർക്ക് പ്രതീക്ഷിക്കാമോ.?
മറ്റു പ്രോജക്ടുകളുമായി ബന്ധപ്പെട്ട് ഒരുപാട് യാത്രകളിലായിരുന്നതിനാൽ നിർഭാഗ്യവശാൽ രണ്ട് ചിത്രങ്ങളും എനിക്ക് കാണുവാൻ കഴിഞ്ഞിട്ടില്ല. ഒരുപാട് സുഹൃത്തുക്കൾ എന്നോട് ഈ ചിത്രങ്ങൾ കാണണമെന്നും ഒരുകാരണവശാലും മിസ്സ് ചെയ്യരുത് എന്നൊക്കെ അറിയിച്ചിട്ടുമുണ്ട്. മമ്മൂട്ടിയുമായുള്ള എന്റെ ഒരു ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണെങ്കിൽ ‘ദൃശ്യം’ എന്ന സിനിമയ്ക്ക് മുന്നേ ‘മെമ്മറീസ്’ എന്ന ചിത്രവും പിന്നീട് മറ്റൊരു സബ്ജക്‌ടും അദ്ദേഹവുമായി ചർച്ച ചെയ്‌തിട്ടുണ്ട് പക്ഷെ അദ്ദേഹത്തിന്റെ മറ്റു ചിത്രങ്ങളുമായി ബന്ധപ്പെട്ടുള്ള തിരക്കുകൾ മൂലം ആ പ്രൊജെക്ടുകൾ നടന്നില്ല. കാലക്കേട് എന്ന് വേണമെങ്കിൽ പറയാം. പക്ഷെ എന്റെ മനസ്സിൽ അദ്ദേഹവുമായി ഒരു ചിത്രം ആലോചനയിലുണ്ട്. മമ്മൂക്കയ്ക്ക് ആ സബ്ജക്‌ട് ഇഷ്ടപ്പെടും എന്ന പ്രതീക്ഷയിലാണ് മുന്നോട്ട് പോകുന്നതും.
Mr & Ms റൗഡിയുടെ മറ്റു വിശേഷങ്ങൾ.?
രണ്ട് ഗാനങ്ങളാണ് ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഒരു നവാഗതനാണ് ഈ ചിത്രത്തിനായി സംഗീതം സംവിധാനം നിർവ്വഹിച്ചത്. ഒരു ഗാനം നേരത്തെ തന്നെ പുറത്തുവിട്ടിരുന്നു, സോഷ്യൽ മീഡിയകളിൽ ആ ഗാനത്തിന് മികച്ച അഭിപ്രായം നേടുകയും ചെയ്തിട്ടുണ്ട്. ഈ സിനിമയെക്കുറിച്ച് ട്വിസ്റ്റോ സസ്‌പെൻസോ ഒന്നും പ്രതീക്ഷിക്കരുത് എന്നാണ് പറയുവാനുള്ളത്. ‘ലൈഫ് ഓഫ് ജോസൂട്ടി’ എന്ന സിനിമയുടെ പോസ്റ്ററുകളിൽ ഉൾപ്പടെ ട്വിസ്റ്റില്ല, സസ്‌പെൻസ്സില്ല.. ജീവിതം മാത്രം എന്നൊക്കെ പ്രത്യേകം പ്രതിപാദിച്ചിരുന്നതാണ്. എന്നിട്ടും ആളുകൾ ട്വിസ്റ്റും സസ്പെൻസ്സും പ്രതീക്ഷിച്ചു വരികയുണ്ടായി. അത് കൊണ്ട് പ്രേക്ഷകർ ദയവായി അങ്ങനെ ട്വിസ്റ്റോ സസ്പെൻസ്സോ പ്രതീക്ഷിച്ചു വരരുത്. ഇതൊരു ലൈറ്റ് ഹേർട്ടഡ് സിനിമയാണ്. ഭയങ്കര പുതുമകൾ ഒന്നും അവകാശപ്പെടുന്നില്ല. പക്ഷെ കുടുംബമായി വന്ന് ആസ്വദിക്കാവുന്ന ഒരു ചിത്രം തന്നെയാണ് Mr & Ms റൗഡി.