മനുഷ്യനും മൃഗവും വനവും പ്രമേയമായി വെള്ളിത്തിരയിലെത്തിയ മലയാളസിനിമകളിൽ മുൻപന്തിയിലാണ് ഐ.വി ശശി-ലോഹിതദാസ്-മമ്മൂട്ടി ടീമിന്റെ ‘മൃഗയ’യുടെ സ്ഥാനം . വേട്ടക്കാരൻ വാറുണ്ണിയായി മലയാളത്തിന്റെ മഹാനടന്റെ അത്ഭുതകരമായ പരകായപ്രവേശത്തിന് സാക്ഷ്യം വഹിച്ച ഈ ചിത്രം പ്രേക്ഷകരിലെത്തിയിട്ട് 31 വർഷങ്ങളാകുന്നു.
വാറുണ്ണി പുലിയോടൊപ്പം സംഘടനം നടത്തുന്ന രംഗങ്ങൾ അമ്പരപ്പോടെയാണ് പ്രേക്ഷകർ വീക്ഷിച്ചത്.വാറുണ്ണിയെപ്പോലെ തന്നെ ലോഹിതദാസിന് പരിചയമുള്ള ഒരു വേട്ടക്കാരനുണ്ടായിരുന്നു. അയാളുടെ കഥയിൽ പ്രചോദനമുൾക്കൊണ്ട് രചിക്കപ്പെട്ട സിനിമയാണ് മൃഗയ. ഗ്രാഫിക്സും വിഎഫ്എക്സും ഒന്നും ഇല്ലാതിരുന്ന കാലത്ത് ഇത്തരത്തിൽ ഒരു സിനിമ പൂർണതയിൽ എത്തിക്കുന്നതിൽ ഐ.വി ശശിയുടെ സംവിധാന മികവിന് പ്രധാന പങ്കുണ്ട്. മമ്മൂട്ടി ഡ്യൂപ്പിനെ ഉപയോഗിച്ചു എന്നൊക്കെ അന്ന് ആരോപണങ്ങൾ ഉയർന്നിരുന്നു. ഇതിനെക്കുറിച്ച് ഒരു അഭിമുഖത്തിൽ സംവിധായകൻ പറഞ്ഞത് ഇങ്ങനെ – ‘അത്തരം ആരോപണങ്ങളിൽ വാസ്തവമില്ല. ആകെ രണ്ടു ലോങ്ങ്ഷോട്ടിൽ മാത്രമാണ് മമ്മൂട്ടി ഡ്യൂപ്പിനെ ഉപയോഗിച്ചത്. ബാക്കി മുഴുവൻ സീനും അതിസാഹസികമായി തന്നെയാണ് ചിത്രീകരിച്ചത്. യാതൊരുവിധ മുൻപരിശീലനവുമില്ലാതെയാണ് മമ്മൂട്ടി പുലിയുമായുള്ള സംഘട്ടനത്തിന് തയ്യാറായത്. പുലിയുടെ ഒരു ട്രയിനറുണ്ടായിരുന്നു”
30 ദിവസങ്ങൾ കൊണ്ട് ചിത്രീകരണം പൂർത്തിയായ സിനിമയ്ക്ക് ഇന്നും ആരാധകർ ഏറെയാണ്. താരത്തിളക്കത്തിന്റെ പകിട്ടുകൾ ഇല്ലാത്ത കഥാപാത്രത്തെ സ്വീകരിച്ച മമ്മൂട്ടി,ഒരു അഭിനേതാവ് എന്ന നിലയിൽ വ്യത്യസ്തത പുലർത്തുന്ന വേഷങ്ങൾ തിരഞ്ഞെടുക്കാൻ എക്കാലവും നടത്തിയിട്ടുള്ള നിതാന്ത ശ്രമങ്ങൾക്ക് ഉത്തമ ഉദാഹരണമാണ് വാറുണ്ണി. സംഭാഷണങ്ങളിലും ശരീര ഭാഷയിലും മമ്മൂട്ടിയിലെ നടൻ പ്രേക്ഷകരേയും നിരൂപകരേയും ഒരുപോലെ വിസ്മയിപ്പിച്ചു. വാറുണ്ണിയിലൂടെ മികച്ച നടനുള്ള സംസ്ഥാനപുരസ്ക്കാരം അദ്ദേഹം നേടിയെടുക്കുകയും ചെയ്തു. ജഗതി, തിലകൻ, ഉർവശി തുടങ്ങിയവരുടെ മികച്ച പ്രകടനങ്ങളും സിനിമയുടെ പ്രത്യേകതയായിരുന്നു. ഒരു വാണിജ്യ സിനിമയുടെ ചേരുവകൾ അധികം ഇല്ലാതിരുന്നിട്ടുകൂടി മൃഗയ ബോക്സ് ഓഫീസിൽ വലിയ വിജയം നേടി.
