മുരളി ഗോപിയുടെ രചനയിൽ ഒരുങ്ങുന്ന മമ്മൂട്ടി ചിത്രത്തെക്കുറിച്ചുള്ള വാർത്ത ഏറെ ആവേശത്തോടെയാണ് ചലച്ചിത്രപ്രേമികൾ സ്വീകരിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്റെ സംവിധായകനൊപ്പമുള്ള ചിത്രം പങ്കുവെച്ച് നവാഗതനായ ഷിബു ബഷീറിനെ പരിചയപ്പെടുത്തിയിരിക്കുകയാണ് മുരളി ഗോപി.”നവാഗത സംവിധായകൻ ഷിബു ബഷീറിനൊപ്പം. എന്റെ സ്ക്രിപ്റ്റിലെ മമ്മൂട്ടി സിനിമ സംവിധാനം ചെയ്യുന്നത് ഇദ്ദേഹമാണ്” എന്നാണ് മുരളി ഗോപി ചിത്രത്തോടൊപ്പം കുറിച്ചത്. തന്റെ തിരക്കഥയിൽ ഒരു മമ്മൂട്ടി ചിത്രം ഒരുക്കാൻ ഷിബു ബഷീർ നിരന്തരമായി നടത്തിയ ശ്രമങ്ങളെക്കുറിച്ച് അടുത്തിടെ ഒരു അഭിമുഖത്തിൽ മുരളി ഗോപി സൂചിപ്പിച്ചിരുന്നു.
ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ഈ സിനിമയിലൂടെ അരങ്ങേറ്റം കുറിക്കുന്ന ഷിബു ബഷീർ പത്ര പ്രവർത്തകനാണ്. ‘Yesterday’ ,‘ Detour’ തുടങ്ങിയ ശ്രദ്ധേയങ്ങളായ ഷോർട്ട് ഫിലിമുകൾ സംവിധാനം ചെയ്തിട്ടുണ്ട്. ‘ഗ്രാൻഡ് മാസ്റ്റർ’ , ‘മിസ്റ്റർ ഫ്രോഡ് ‘,‘ഐ ലവ് മി’ തുടങ്ങിയ ചിത്രങ്ങളിൽ ബി.ഉണ്ണികൃഷ്ണന്റെ സംവിധാന സഹായിയായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. എമ്പുരാന് ശേഷമായിരിക്കും മുരളി ഗോപിയുടെ തിരക്കഥയിലുള്ള ഈ മമ്മൂട്ടി ചിത്രം ആരംഭിക്കുന്നത്.