പ്രേക്ഷകലക്ഷങ്ങളെ പൊട്ടിച്ചിരിപ്പിച്ച് ബോക്സ് ഓഫീസിൽ തരംഗം സൃഷ്ടിച്ച വൻ വിജയങ്ങൾ സമ്മാനിച്ച നാദിർഷ പുതിയ സിനിമയുമായി എത്തുന്നു.ഹാസ്യരസപ്രധാനങ്ങളായ ടി.വി ഷോകളിലൂടെ ആസ്വാദകരുടെ മനം കവർന്ന സുനീഷ് വാരനാടാണ് ജയസൂര്യ,സലിം കുമാർ, നമിത പ്രമോദ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ഈ സിനിമയുടെ രചന നിർവഹിക്കുന്നത്.മെഗാ ഹിറ്റായ ‘അമർ അക്ബർ അന്തോണി’ റിലീസായിട്ട് അഞ്ച് വർഷങ്ങൾ പിന്നീടുമ്പോഴാണ് നാദിർഷ പുതിയ സിനിമയുമായി എത്തുന്നത്. സുജിത് വാസുദേവ് ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രം അരുൺ നാരായൺ പ്രൊഡക്ഷൻസ് നിർമിക്കുന്നു.
ആർട്ട് ഡയറക്ടർ -സുജിത് രാഘവ്. പ്രൊജക്റ്റ് ഡിസൈനർ- ബാദുഷ.കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നവംബർ പത്തിന് ഈ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.നാദിർഷയെപ്പോലെ മിമിക്രി വേദികളിൽ നിന്ന് ടിവി ഷോകളിലും പിന്നീട് സിനിമയിലും എത്തി വേറിട്ട വേഷപ്പകർച്ചകളിലൂടെ സിനിമാ ആസ്വാദകരുടെ മനം കവരുകയും ദേശീയ സംസ്ഥാന പുരസ്‌ക്കാരങ്ങൾ അടക്കം കരസ്ഥമാക്കുകയും ചെയ്ത ജയസൂര്യയും സലിം കുമാറും പ്രധാന വേഷങ്ങളിൽ എത്തുമ്പോൾ മറ്റൊരു കോമഡി ഫാമിലി മെഗാ ഹിറ്റാണ് മലയാള സിനിമാപ്രേക്ഷകർ പ്രതീക്ഷിക്കുന്നത്.
‘കേശു ഈ വീടിന്റെ നാഥൻ’ ആണ് ഇനി റിലീസാകാനുള്ള നാദിർഷച്ചിത്രം.ദിലീപും ഉർവശിയും പ്രധാന കഥാപാത്രങ്ങളാകുന്ന ഈ സിനിമയിൽ ഗാനഗന്ധർവൻ കെ.ജെ യേശുദാസ് ആലപിക്കുന്ന ഒരു ഗാനരംഗം കൂടി ഇനി ചിത്രീകരിക്കാനുണ്ട്. ‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’ എന്ന എവർ ഗ്രീൻ സിനിമയുടെ രചയിതാവ് സജീവ് പാഴൂരിന്റെതാണ് ഈ സിനിമയുടെ തിരക്കഥ. കുടുംബ പശ്ചാത്തലത്തിൽ നർമത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിക്കുന്ന സിനിമയിൽ വൻ താര നിരയുടെ സാന്നിധ്യവുമുണ്ട്.ദിലീപ് തികച്ചും വ്യത്യസ്തമായ വേഷപ്പകർച്ചയിൽ എത്തുന്നു എന്നതും ഈ ചിത്രത്തിന്റെ സവിശേഷതയാണ്.