തന്റെ മനസ്സിൽ ആളിക്കത്തിയ പ്രതികാരം വീട്ടാൻ ഒരു കൊലപാതക പരമ്പര തന്നെ നടത്തുന്ന മമ്മൂട്ടിയുടെ അതി ശക്തമായ കഥാപാത്രം ജി .കെ. മലയാളത്തിലെ വാണിജ്യ സിനിമകളുടെ നിരയിൽ സവിശേഷമായ സ്ഥാനം അലങ്കരിക്കുന്ന ‘ന്യൂ ഡൽഹി’ ക്ക് പുതു തലമുറയിലും ആരാധകർ ഏറെയാണ്. സൂപ്പർ മെഗാ ഹിറ്റുകളിലൂടെ മലയാളത്തിൽ വിജയ പരമ്പര സൃഷ്‌ടിച്ച ഡെന്നീസ് ജോസഫ് , മാസ്റ്റർ ക്രാഫ്റ്റ് മാൻ ജോഷിയുമായി ഒരുമിച്ച ‘ന്യൂ ഡൽഹി’ 1987 ലാണ് വെള്ളിത്തിരയിലെത്തിയത്. കേരളത്തിന് പുറത്തും മലയാള സിനിമയ്ക്ക് പെരുമ നേടിക്കൊടുത്ത പ്രധാന ചിത്രങ്ങളിൽ ഒന്നാണ് ‘ന്യൂ ഡൽഹി’. മലയാളത്തിൽ അതുവരെ ഉണ്ടായ പല റെക്കോഡുകളും ഈ ചിത്രത്തിന് മുൻപിൽ കടപുഴകി വീണു.ഹിന്ദി, തെലുങ്ക്, കന്നട എന്നീ ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെടുകയും ചെയ്ത സിനിമയാണ് ‘ന്യൂ ഡൽഹി’.
സൂപ്പർ ഹിറ്റ് സിനിമകളുടെ നിർമാതാവായ ജൂബിലി ജോയ് തോമസ് ഈ ചിത്രത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ – “ന്യൂ ഡൽഹി സിനിമയ്ക്കു മുമ്പ് ഞങ്ങള്‍ ഡൽഹിയിൽ പോയിട്ടുണ്ടായിരുന്നു. ജൂബിലിയുടെ സിനിമകൾ ഉൾപ്പെടുത്തി ഒരു ഫിലിം ഫെസ്റ്റ് നടത്താൻ ഡൽഹിയിലെ മലയാളി അസോസിയേഷൻ തീരുമാനിച്ചു. അപ്പോഴാണ് ശരിക്കും ഡൽഹി കാണുന്നത്. അവിടുത്തെ വീതി കൂടിയ വഴികളും വഴികളുടെ വശങ്ങളിലായി വലിയ മരങ്ങളും, പാർലമെന്റ് മന്ദിരം, സൗത്ത് ബ്ലോക്ക്, നോർത്ത് ബ്ലോക്ക് അങ്ങനെ എല്ലാം ഞങ്ങൾ കണ്ടു. ഇവിടെ വച്ച് ഒരു സിനിമയെടുക്കണമെന്ന് ഞങ്ങൾക്ക് ഒരു തോന്നലുണ്ടാവുകയും ഒരുപാട് സുഹൃത്തുക്കൾ അതിന് ധൈര്യം പകരുകയും ചെയ്തു . അങ്ങനെ ഡെന്നിസ് അതിനു പറ്റിയ ഒരു ആശയവും പറഞ്ഞു. അങ്ങനെയാണ് ന്യൂഡൽഹി ഉണ്ടാകുന്നത്. ആ സിനിമയാണ് ഞങ്ങളുടെ എല്ലാവരുടെയും കരിയർ തന്നെ മാറ്റിമറിച്ചത് എന്ന് പറയാം . ന്യൂഡൽഹിയുടെ നിർമാതാവ് എന്നാണ് ഇന്നും എന്നെ പരിചയപ്പെടുത്തുമ്പോൾ പറയുന്നത്.
ആ സിനിമയോടെ ഡെന്നിസിനെ അന്വേഷിച്ച് പല ഭാഷകളിൽ നിന്നും രജനികാന്ത്, മണിരത്നം തുടങ്ങിയ വലിയ താരങ്ങളും സംവിധായകരും എത്തി. ആ ചിത്രം ശരിക്കും കേരളത്തിൽ മാത്രം ഒതുങ്ങി നിന്നില്ല. ഇന്നത്തെ കാലത്ത് പാൻ–ഇന്ത്യൻ സിനിമ എന്ന് പറയുന്നപോലെയായിരുന്നു ന്യൂ ഡൽഹി . മദ്രാസിൽ ആ സിനിമയ്ക്ക് വൻ സ്വീകരണമായിരുന്നു. മലയാള സിനിമയെന്നാൽ ഇക്കിളിപ്പടങ്ങൾ ആണെന്ന അവിടുത്തെ സാധാരണ പ്രേക്ഷകരുെട ധാരണ മാറ്റിയെടുത്തത് ന്യൂഡൽഹിയും തുടർന്നു വന്ന ‘ഒരു സിബിഐ ഡയറിക്കുറിപ്പു’മാണ്. മദ്രാസിൽ മാത്രം പടം നൂറു ദിവസത്തിലധികം ഓടി. അന്നത്തെ കാലത്ത് ഈ സിനിമ ഒരു അദ്ഭുതമായിരുന്നു. അതിൽ ഉപയോഗിച്ചിരുന്ന വേഷവിധാനങ്ങൾ ഡൽഹി നഗരക്കാഴ്ചകൾ , തമിഴ്, ഹിന്ദി, ഇംഗ്ലീഷ് ഭാഷയൊക്കെ ഉപയോഗിച്ചുള്ള സംഭാഷണങ്ങൾ, തമിഴ് നടൻ ത്യാഗരാജന്റെ ശ്രദ്ധേയ വേഷം ഒക്കെ പ്രേക്ഷകരെ വലിയ രീതിയിൽ സ്വാധീനിച്ചു അങ്ങനെ ആ സിനിമ പല സ്ഥലങ്ങളിലും പ്രദർശിപ്പിച്ചു“. ഡെന്നീസ് ജോസഫിന്റെ ഒന്നാം ചരമ വാർഷിക ദിനത്തിൽ മലയാള മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ജോയ് തോമസ് ‘ന്യൂ ഡൽഹി’ യെക്കുറിച്ച് മനസ്സ് തുറന്നത്