പത്തോളം സിനിമകളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാള സിനിമാ പ്രേക്ഷകരുടെ പ്രിയങ്കരിയായ അഭിനയത്രിയായി മാറാൻ നിമിഷ സജയന് സാധിച്ചു.ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ‘തൊണ്ടി മുതലും ദൃക്ക് സാക്ഷിയും’ എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച നിമിഷ തുടർന്ന് അഭിനയിച്ച ‘ഈട’, ‘ഒരു കുപ്രസിദ്ധ പയ്യൻ’ തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങളും മികച്ച പ്രതികരണങ്ങൾ നേടി . അടുത്തിടെ പുറത്തിറങ്ങിയ ‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ’, ‘നായാട്ട്’ എന്നീ സിനിമകളിലെ അവരുടെ പ്രകടനങ്ങൾ ഏറെ ശ്രദ്ധേയങ്ങളായിരുന്നു. ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമാ ചരിത്രത്തിൽ സ്വന്തമായി ഒരു സ്ഥാനം നേടിയെടുക്കാൻ കഴിഞ്ഞ അപൂർവം അഭിനേതാക്കളിൽ ഒരാളാണ് നിമിഷ.
സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്ത ‘വൺ’ എന്ന സിനിമയിൽ നിമിഷ അവതരിപ്പിച്ച വേഷവും മികച്ചതായിരുന്നു. മമ്മൂട്ടി അവതരിപ്പിച്ച കടയ്ക്കൽ ചന്ദ്രൻ എന്ന മുഖ്യമന്ത്രി കഥാപാത്രത്തിന്റെ സഹോദരിയുടെ വേഷത്തിൽ നിമിഷ തിളങ്ങി. ഈ ചിത്രത്തിൽ മമ്മൂട്ടിയും നിമിഷവും ഒരുമിച്ച വൈകാരിക രംഗങ്ങൾ ഹൃദ്യമായിരുന്നു. മമ്മൂട്ടിയോടോപ്പമുള്ള അഭിനയത്തെക്കുറിച്ച് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നിമിഷ മനസ്സ് തുറന്നു. “മമ്മൂക്കയോടൊപ്പം അഭിനയിച്ചത് കുറച്ചു സീനുകളിൽ മാത്രമാണ്. വലിയ താരമാണ്, പക്ഷേ വളരെ സിംപിളാണ്.സ്നേഹത്തോടെയാണ് അദ്ദേഹം പെരുമാറിയത്. പുറത്തു നിന്ന് കാണുമ്പോഴുള്ള ഗൗരവമൊന്നുമില്ല.കളിയും ചിരിയുമൊക്കെയുള്ള ഇടപെടൽ”.