സലിം അഹമ്മദ് സംവിധാനം ചെയ്ത കുഞ്ഞനന്തന്റെ കട എന്ന ചിത്രമാണ് എന്റെ ആദ്യ സിനിമ. വളരെ ചെറുപ്പം മുതലേ സിനിമയെയും മമ്മൂക്കയെയും ഇഷ്ടപ്പെടുന്ന എനിയ്ക്ക് മമ്മൂക്കയുടെ നായികയായി സിനിമയിലെത്താൻ കഴിഞ്ഞു എന്നത് വലിയൊരു ഭാഗ്യായിട്ടാണ് ഞാൻ കരുതുന്നത്. കുഞ്ഞനന്തൻ എന്ന മമ്മൂക്കയുടെ ടൈറ്റിൽ ക്യാരക്ടറിന്റെ ഭാര്യ ചിത്തിര എന്ന കഥാപാത്രത്തെയാണ് ഞാൻ അവതരിപ്പിച്ചത്. ഭർത്താവ് കുഞ്ഞനന്തനുമായി പൊരുത്തപ്പെട്ട് പോകാൻ കഴിയാത്ത പ്രകൃതമുള്ള വളരെ ബോൾഡായ ഒരു കഥാപാത്രമായിരുന്നു.
ഞാൻ അഭിനയിച്ച ആദ്യരംഗം തന്നെ മമ്മൂക്കയോടൊപ്പമുള്ളതായിരുന്നു. ക്യാമറയെ എങ്ങിനെയാണ് അഭിമുഖീകരിക്കുക, എങ്ങനെയാണ് പ്രസന്റ് ചെയ്യേണ്ടത് ..അങ്ങിനെയുള്ള ആശങ്കകൾ ആദ്യം ഉണ്ടായിരുന്നു. എന്നാൽ ചിത്രീകരണം തുടങ്ങിയ ആദ്യ ദിവസം മുതൽ ലൊക്കേഷനിലെത്തി കാര്യങ്ങൾ പഠിക്കാൻ ശ്രമിച്ചു. കുഞ്ഞനന്തനും ഭാര്യയും കൂടി ഒരു ഡോക്ടറെ കാണാൻ പോകുന്ന രംഗമായിരുന്നു ആദ്യം ഷൂട്ട് ചെയ്തത്. ഡോക്ടറോട് കുഞ്ഞനന്തൻ പല കാര്യങ്ങളും പറയുമ്പോൾ നീരസത്തോടെ അത് നിഷേധിക്കുന്ന രംഗമായിരുന്നു എന്റെ ഏറ്റവും വലിയ പ്രശ്നം. മമ്മൂക്കയുടെ മുഖത്ത് നോക്കി നീരസം കാണിക്കാനും ദേഷ്യപ്പെടാനുമൊക്കെ ആദ്യം വലിയ പ്രയാസമായിരുന്നു. ഞാൻ ഏറെ ഇഷ്ടപ്പെടുന്ന മമ്മൂക്കയുടെ മുഖത്തുനോക്കി അങ്ങിനെയൊക്കെ ചെയ്യാൻ ഒരു ബുദ്ധിമുട്ട്. ഇതു മനസ്സിലാക്കിയ മമ്മൂക്ക, ഇത് കഥാപാത്രമാണെന്നും തന്റെ മുന്നിൽ നിൽക്കുന്നത് മമ്മൂട്ടിയല്ല, കുഞ്ഞനന്തനാണ് എന്നും അതുൾക്കൊണ്ട് പെരുമാറാനും പറഞ്ഞു തന്നു. അതോടെ ആ പ്രശ്നം മാറി.
തുടർന്ന് ഗ്യാംഗ്സ്റ്റർ, ഫയർമാൻ, പത്തേമാരി (ഗസ്റ്റ്) തുടങ്ങിയ മമ്മൂട്ടി ചിത്രങ്ങളിലും ഭാഗമാകാനുള്ള ഭാഗ്യം എനിക്കുണ്ടായി.
മമ്മൂക്കയുമായുള്ള രസകരവും ത്രില്ലിംഗുമായ ഒരു എക്സിപീരിയൻസ് എനിയ്ക്ക് നേരത്തെ തന്നെയുണ്ട്. മമ്മൂക്കയെ ദുബായിൽ പല സ്ഥലത്തു വച്ചും നേരിൽ കാണാൻ കഴിഞ്ഞിട്ടുണ്ടെങ്കിലും അടുത്ത് കാണാനും സംസാരിക്കാനും കഴിയുന്നത് വർഷങ്ങൾക്കു മുൻപ് ദുബായിൽ സംഘടിപ്പിച്ച ‘മമ്മൂട്ടി ഹിറ്റ്സ് പരേഡ്’ എന്ന ഒരു സ്വീകരണച്ചടങ്ങിൽ വച്ചാണ്. വർഷങ്ങളായി റേഡിയോ ജോക്കി എന്ന നിലയിൽ ദുബായിയുടെ കലാ-സാംസ്കാരിക രംഗങ്ങളിലെ പ്രവർത്തനങ്ങൾ നേരിട്ട് കാണാൻ കഴിഞ്ഞിട്ടുള്ള വ്യകതി എന്ന നിലയ്ക്ക് ഗൾഫ് നാട് ഇതുവരെ കണ്ടിട്ടില്ലാത അതിഗംഭീരമായ ഒരു സ്വീകരണച്ചടങ്ങായിരുന്നു അത്. . ബോളിവുഡിലെയും ഹോളിവുഡിലെയും വരെ താരങ്ങൾ ദുബായിൽ വന്നുപോകാറുണ്ടെങ്കിലും അവർക്കൊന്നും ലഭിക്കാത്ത സ്വീകരണമായിരുന്നു അന്ന് മമ്മൂക്കയ്ക്ക് ലഭിച്ചത്. ദുബായ് നഗരത്തിലൂടേ ഹെലികോപ്ടറിൽ ചുറ്റിയ ശേഷം ജനക്കൂട്ടത്തിനിടയിലേക്ക് ഇറങ്ങിവരുന്ന വമ്പിച്ച സ്വീകരണം. ദുബായിയുടെ ചരിത്രത്തിൽ തന്നെ അങ്ങിനെയൊരു സ്വീകരണം ഒരു താരത്തിനും നൽകിയിട്ടില്ല. അന്ന് മമ്മൂക്കയ്ക്കൊപ്പം ഹെലികോപ്ടറിൽ ഹിറ്റ് എഫ് എം റേഡിയോയ്ക്ക് വേണ്ടി സഞ്ചരിക്കാൻ എനിയ്ക്ക് ഭാഗ്യം ലഭിച്ചിരുന്നു. എന്റെ ജീവിതത്തിലെ ഒരിക്കലും മറാക്കാനാകാത്ത, അപൂർവ നിമിഷമായിരുന്നു അത്.
