പൊന്തന്മാട- കഥാപാത്രത്തിനുള്ളില്‍ നടന് ഒളിക്കുകയും കഥാപാത്രം അതിന്റെ പൂര്‍ണരൂപത്തിലും ഭാവത്തിലും പ്രേക്ഷകന്റെ മുമ്പില്‍ എത്തുകയും ചെയ്യുമ്പോള്‍ നടന് വിജയിക്കുന്നു. മറിച്ച് നടന്റെ ഉള്ളില്‍ കഥാപാത്രം മറഞ്ഞിരിക്കുകയും നടന് തന്റെ സ്വതസിദ്ധമായ മാനറിസങ്ങളോടെ പ്രത്യക്ഷപ്പെടുകയും ചെയ്യുമ്പോള്‍ നടന് പരാജയപ്പെടുന്നു. പൊന്തന്‍മാടയായി മമ്മൂട്ടി തിരശ്ശീലയില്‍ നിറയുമ്പോള്‍ കഥാപാത്രം മാത്രം നമ്മുടെ മുമ്പില്‍ നില്ക്കുന്ന അനുഭവം. നടന് എന്ന നിലയില്‍ മമ്മൂട്ടി മുഴുവന്‍ മാര്‍ക്കും നേടുന്നു. എത്ര പ്രകോപിപ്പിച്ചാലും യാതൊരു ഭാവവ്യത്യാസവുമില്ലാതെ നടന്നകലുന്ന പാവത്താനായ മാട. സ്വന്തം പെണ്ണിനെപ്പോലും ചൊവ്വേ നേരെ നോക്കി നടത്താന്‍ പ്രാപ്തിയില്ലാത്തവനായ മാട. വലിയ വീട്ടില്‍ വീട്ടുജോലിക്ക് പോകുന്ന ഭാര്യ അവിടത്തെ ഏമാന്റെ വെപ്പാട്ടിയായി മാറിയാലും മാടയ്ക്ക് പ്രത്യേകിച്ച് പ്രതിഷേധമൊന്നുമില്ല.
അന്തിയുറങ്ങുന്ന കൂരയില്‍ വിരുന്നിനെത്തിയ ചങ്ങാതി പാതിരാത്രിക്ക് ഭാര്യയെ കയറിപ്പിടിച്ചാലും മാടയില്‍ അത് വലിയ ഭാവവ്യത്യാസമൊന്നും വരുത്തില്ലെന്നു പറഞ്ഞാല്‍ മാടയുടെ സ്വഭാവ പ്രത്യേകതകളുടെ ഒരു ഏകദേശരൂപമായി. മാടയുടെ ഈ സാധുത്വത്തോട് അനുകമ്പയാര്‍ന്ന സ്നേഹത്തോടെ പ്രതികരിച്ചത് മാടയുടെ യജമാനന് മാത്രമാണ്. സ്നേഹവും സഹതാപവും ഒരുമിച്ച് നല്കിയ തന്റെ യജമാനന് മരിച്ചതറിഞ്ഞ് തിക്കിത്തിരക്കി എത്തുന്ന മാട. ആ ആള്‍ക്കൂട്ടത്തിനിടയിലൂടെ കടന്നുചെല്ലാനാകാതെ – മാടയുടെ കുലമഹിമയും അതിനു തടസ്സം – വിമ്മിട്ടപ്പെട്ടു നില്ക്കുന്ന മാട. ഒടുവില്‍ തന്റെ യജമാനന്റെ മൃതശരീരം കാണാന്‍ മാട വഴി കണ്ടെത്തി. തൊട്ടടുത്തുനില്ക്കുന്ന കമുകിലേക്ക് മാട വലിഞ്ഞുകയറി. കമുകില്‍ പിടിച്ചിരുന്ന് തന്റെ യജമാനന്റെ മുഖം അവസാനമായി കാണുന്ന മാടയുടെ ദൈന്യതയാര്‍ന്ന മുഖം.
അധികനേരം ആ കാഴ്ച കാണാന്‍ കെല്‍പ്പില്ലാതെ കമുകില്‍നിന്ന് ഊര്‍ന്നിറങ്ങി നിലത്തു മലര്‍ന്നു കിടന്ന് വിങ്ങിക്കരയുന്ന മാട. മൗനത്തിന്റെ ഭാഷയില്‍ മനസ്സിനുള്ളിലെ ദുഃഖങ്ങളെയാകെ മുഖത്തുപ്രതിഫലിപ്പിക്കുന്ന അസാധാരണമായ അഭിനയ വൈഭവം മാടയിലൂടെ പുറത്തെടുക്കുകയാണ് മമ്മൂട്ടി. ജരാനരകള്‍ ബാധിച്ച മാടയുടെ വാര്‍ധക്യകാലം. പ്രായത്തിന്റെ അവശതയും വല്ലായ്മയുമെല്ലാം മാടയുടെ ഓരോ ചലനങ്ങളിലും ദൃശ്യം. ആരും തുണയില്ലാത്ത വാര്‍ദ്ധക്യത്തിന്റെ അവസാന ഖണ്ഡത്തില്‍ അന്നന്നത്തെ ആഹാരത്തിനു വഴിതേടുന്ന മാടയുടെ നിസ്സഹായ ഭാവങ്ങള്‍. വിശപ്പിന്റെ വിളിക്ക് മറുപടിയെന്നോണം സ്വന്തം കൈത്തൊഴിലിന്റെ ബാക്കിപത്രമായ വട്ടിയും കുട്ടയുമെല്ലാം ചായക്കടയില്‍ കൊടുത്തിട്ട് കടയുടമസ്ഥന്റെ ദാക്ഷിണ്യത്തിനായി കാത്തിരിക്കുന്ന വയോധികനായ മാടയുടെ ദീനതയാര്‍ന്ന നോട്ടം. ആദ്യത്തേത് വേര്‍പിരിയലിന്റെ ദീനരോദനമാണെങ്കില് രണ്ടാമത്തേത് വിശപ്പുളവാക്കിയ കാഠിന്യതയുടെ മൗനരോദനം. നൊമ്പരങ്ങള്‍ കടിച്ചമര്‍ത്തി ഒന്നിനോടും പ്രതികരിക്കാനാകാതെ നിസ്സഹായതയുടെ ആള്‍രൂപമായി ജീവിക്കുന്ന മാട, ഏറ്റുമുട്ടലിന്റെ ദുര്‍ഘടമായ പാതവിട്ട് ഒഴിഞ്ഞുപോകലിന്റെ എളുപ്പവഴി തേടുകയാണ്. കഥാപാത്രമല്ലാതെ ഒരിടത്തും ഒരു നിമിഷം പോലും നടന്റെ രൂപഭാവങ്ങള്‍ കാണികളുടെ മനസ്സിലേക്ക് വരുന്നില്ല. മമ്മൂട്ടിയെന്ന സുമുഖനായ നടന്റെ മാടയായുള്ള വേഷപ്പകര്‍ച്ച മലയാളത്തിനു കൊണ്ടുവന്നത് പുരസ്കാരങ്ങളുടെ പെരുമഴയാണ്.

