മമ്മൂട്ടി നായകനായ ദി പ്രീസ്റ്റ് ഓവർ സീസ് വിതരണം ഏറ്റെടുത്തു ആദ്യമായി ഈ രംഗത്തേക്ക് കടന്നുവന്ന ട്രൂത്ത് ഗ്ലോബൽ ഫിലിംസിന്റെ സാരഥികളായ അബ്ദുൾ സമദും RJ സൂരജും മമ്മൂട്ടി ടൈംസിനോട്…
കോവിഡ് മഹാമാരി മൂലം ഏറ്റവുമധികം പ്രതിസന്ധിയിലായ മേഖലയാണ് സിനിമാ വ്യവസായം. അതിൽത്തന്നെ ഏറ്റവും കൂടുതൽ ബാധിച്ചത് തീയേറ്റർ വ്യവസായത്തെയാണ്. കോവിഡ് ലോക്ക് ഡൗൺ മൂലം ലോകത്ത് തിയേറ്ററുകൾ അടഞ്ഞു കിടന്നത് ഒരു വർഷത്തോളമാണ്. പിന്നീട് ലോക്ഡൗണിൽ ഇളവുകൾ അനുവദിച്ചുവെങ്കിലും തിയേറ്ററുകളെ പ്രതിസന്ധി പിന്നെയും ബാധിച്ചു. ഇന്ത്യയിൽ 50 ശതമാനം ആയിരുന്നു ഒക്യുപൻസി അനുവദിച്ചത്. എന്നാൽ ഗൾഫ് പോലുള്ള രാജ്യങ്ങളിൽ കേവലം 30 ശതമാനം മാത്രമാണ് അനുമതി. പ്രതീക്ഷയുണർത്തിയ പല സിനിമകളും തിയേറ്ററുകളിലെത്തിയെങ്കിലും ആളുകൾ തീയേറ്ററുകളിലേക്ക് വരാൻ മടിച്ചു പ്രത്യേകിച്ചും കുടുംബപ്രേക്ഷകർ. ചില നിർമാതാക്കൾ ആകട്ടെ ലാഭം മാത്രം മുന്നിൽ കണ്ട് OTT പ്ലാറ്റ്ഫോമുകളും തേടിപ്പോയി. ഇത് തീയറ്ററുകാരെ കൂടുതൽ പ്രതിസന്ധിയിലാക്കി.
എന്നാൽ ലോകമെങ്ങുമുള്ള തിയേറ്ററുകളെ വീണ്ടും സജീവമാക്കി കൊണ്ട് ഒരു മലയാള ചലച്ചിത്രം അത്ഭുതം സൃഷ്ടിക്കുകയാണ്. മമ്മൂട്ടി നായകനായെത്തിയ ദി പ്രീസ്റ്റ് എന്ന ചിത്രം കുടുംബപ്രേക്ഷകരെ അടക്കം ആകർഷിച്ചു കേരളത്തിനൊപ്പം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മുന്നേറുമ്പോൾ ഒരുവർഷത്തെ കൊവിഡ് പ്രതിസന്ധിയുടെ കാലത്തിനുശേഷം തിയറ്ററുകൾ സജീവമാക്കിയ സിനിമ എന്ന ഖ്യാതി സ്വന്തമാക്കി ദി പ്രീസ്റ്റ് എന്ന സിനിമയും അതിലെ നായകനായ മമ്മൂട്ടിയും തിയേറ്ററുകാരുടെയും പ്രേക്ഷകരുടെയും സിനിമാ മേഖലയുടെയും കയ്യടി നേടുകയാണ് .
ഇന്ത്യക്ക് പുറത്ത് ഈ സിനിമ പ്രദർശനത്തിനെത്തിച്ചിരിക്കുന്നത് ട്രൂത്ത് എന്ന ഒരു പുതിയ ഫിലിം കമ്പനിയാണ്. ഖത്തർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ട്രൂത്ത് എന്ന റിയൽ എസ്റ്റേറ്റ്- ഹോസ്പിറ്റാലിറ്റി ഗ്രൂപ്പിന്റെ ചെയർമാൻ അബ്ദുൽ സമദ് ആണ് ട്രൂത്ത് ഫിലിംസിന്റെ ചുക്കാൻ പിടിക്കുന്നത്. അദ്ദേഹത്തോടൊപ്പം മലയാളത്തിലെ പ്രശസ്ത സംവിധായകൻ സലിം അഹമ്മദും ഖത്തറിലെ പ്രശസ്ത റേഡിയോ ജോക്കിയായ സൂരജും ഈ പ്രസ്ഥാനത്തിന്റെ നേതൃനിരയിലുണ്ട്.
കോവിഡ് പ്രതിസന്ധി രൂക്ഷമായി തുടരുമ്പോഴാണ് ട്രൂത്ത് തങ്ങളുടെ ആദ്യ സിനിമാ സംരംഭവുമായി ലോകമെങ്ങുമുള്ള മലയാളികൾക്കിടയിലേക്ക് എത്തുന്നത്. ജിസിസി രാജ്യങ്ങളിൽ 30% എക്യുപൻസിയിൽ മാത്രം ആണ് പ്രദർശനാനുമതി ഉള്ളത്. അതും കുവൈറ്റ്, ബഹറിൻ എന്നിവിടങ്ങളിൽ തിയേറ്ററുകൾ ഇപ്പോഴും തുറന്നിട്ടില്ല. ഈ അവസരത്തിൽ വലിയൊരു റിസ്ക് ആണ് ട്രൂത്ത് ഫിലിംസ് ഏറ്റെടുത്തത്. ഇങ്ങനെ ഒരു അവസ്ഥയിൽ സിനിമ തിയേറ്ററുകളിലേക്ക് എത്തിക്കുക എന്നത് വലിയൊരു റിസ്ക്കായിരുന്നില്ലേ എന്ന ചോദ്യത്തിന് ട്രൂത്തിന്റെ സാരഥി അബ്ദുൽ സമദിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു.
” മമ്മൂട്ടി എന്ന ബ്രാൻഡ് നെയിമിൽ ഉള്ള വിശ്വാസം, അതു മാത്രം മതിയായിരുന്നു ഞങ്ങൾക്ക്. ഇന്നത് സിനിമ തിയേറ്ററുകളിലേക്കെത്തി, ലോകം മുഴുവനുമുള്ള മലയാളികൾ കുടുംബസമേതം തിയേറ്ററിലെത്തി പ്രീസ്റ്റ് എന്ന സിനിമ കാണുമ്പോൾ ഞങ്ങളുടെ ആ വിശ്വാസം 100% ശരിയായിരുന്നു എന്ന് അടിവരയിട്ട് തെളിയിക്കുകയാണ്’. മമ്മൂക്കയുടെ ഒരു ഡൈ ഹാർഡ് ഫാൻ കൂടിയായ അബ്ദുൽ സമദിന്റെ മുഖത്ത് അത് പറയുമ്പോൾ ആത്മാവിശ്വാസം കലർന്ന ഒരു ചെറുപുഞ്ചിരി.
മമ്മൂട്ടി ടൈംസിന്റെ യൂട്യൂബ് ചാനലിന്റെ ‘സ്റ്റാർ ചാറ്റിൽ’ പങ്കെടുത്തു സംസാരിക്കവേയാണ് അബ്ദുൽ സമദ് ട്രൂത്ത് ഫിലിംസിന്റെ തുടക്കത്തേക്കുറിച്ചും ഭാവി പദ്ധതികളെ കുറിച്ചുമെല്ലാം മനസ്സ് തുറന്നത്. അബ്ദുൽ സമദിനൊപ്പം ട്രൂത്തിന്റെ സാരഥികളിൽ ഒരാളായ RJ സൂരജും സ്റ്റാർ ചാറ്റിൽ പങ്കെടുത്തു.

സലിം അഹമദ്
” ഞാൻ ഒരുപാട് നന്ദി പറയുന്നത് മമ്മൂക്കയോട് ആണ് ഇത്രയും വലിയ ഒരു റിസ്ക് എടുത്തു അദ്ദേഹം തന്ന ഒരു അവസരമാണ് ഇങ്ങനെയൊരു കാര്യം ചെയ്യാൻ കഴിഞ്ഞതു തന്നെ. ഈ രംഗത്തേക്ക് കടന്നു വരുമ്പോൾ ഒരു നിർബന്ധം കൂടി ഉണ്ടായിരുന്നു. നിർബന്ധം എന്ന് പറയാൻ പറ്റില്ല വലിയൊരു ആഗ്രഹം എന്ന് പറയാം. ട്രൂത്തിന്റെ ആദ്യ സിനിമാ സംരംഭം മമ്മൂക്കയുടെ മൂവിയിലൂടെ തന്നെ ആയിരിക്കണമെന്ന്. അത് മമ്മൂക്ക കനിഞ്ഞു നൽകി എന്ന് തന്നെ പറയാം.” അബ്ദുസമദ് പറയുന്നു.
“ജിസിസി ഏറ്റവും കൂടുതൽ തിയേറ്ററുകളിൽ റിലീസ് ചെയ്യുന്ന ആദ്യ മലയാള ഫിലിം ആയി ട്രൂത്തിന്റെ പ്രഥമ സംരംഭമായ ദി പ്രീസ്റ്റ് എത്തി എന്നത് തന്നെ ഞങ്ങൾ തുടക്കക്കാരാണെങ്കിലും മോശക്കാരല്ല എന്ന് തെളിയിക്കാൻ കഴിഞ്ഞു എന്നതാണ് ഏറ്റവും വലിയ സന്തോഷം. അതിൽ മമ്മൂക്കയും വളരെ ഹാപ്പിയാണ് എന്നറിഞ്ഞു” സൂരജിന്റെ വാക്കുകൾ.
ആദ്യ ദിവസം മൊത്തം ജിസിസി യിൽ 584 ഷോസ് ആണ് കളിച്ചത്. 108 സെൻസറുകളിൽ. കോവിഡ മൂലം കുവൈറ്റ് ബഹറിൻ എന്നിവിടങ്ങളിൽ പ്രദർശിപ്പിക്കാൻ കഴിഞ്ഞില്ല. ആ രാജ്യങ്ങൾ കൂടി ഉണ്ടായിരുന്നുവെങ്കിൽ എക്കാലത്തെയും റെക്കോർഡ് ആക്കാമായിരുന്നു. ഇക്കാര്യത്തിൽ എല്ലായിടത്തുമുള്ള തിയേറ്റർ അധികൃതരോടും ഞങ്ങൾ നന്ദി പറയുന്നു” സൂരജ് കൂട്ടിച്ചേർത്തു.
കോവിഡ് പ്രതിസന്ധിമൂലമുണ്ടായ ഇത്രയും വലിയ ഒരു ഇടവേളയ്ക്കുശേഷം തിയറ്ററുകളിലേക്ക് ആളുകൾക്ക് ഒരുമിച്ചു പോകാൻ കഴിയുന്ന ഒരു മെഗാസ്റ്റാർ സിനിമയാണ് എത്തിയത്. അത് പ്രേക്ഷകർ ശരിക്കും സെലിബ്രേറ്റ് ചെയ്യുന്നുണ്ട് എല്ലായിടത്തും. വലിയൊരു സിനിമാ പ്രേമി കൂടിയായ അബ്ദുസമദ് പറഞ്ഞു.
പ്രീസ്റ്റ് ഓവർസീസ് റിലീസുമായി ബന്ധപ്പെട്ട് മമ്മൂക്കയെ അദ്ദേഹത്തിന്റെ വീട്ടിൽ പോയി നേരിട്ട് കണ്ട് അനുഭവങ്ങളും അബ്ദുൾസമദ് സൂരജും പ്രേക്ഷകരുമായി പങ്കുവെക്കുന്നു.
ഖത്തറിൽ നിന്നും ആദ്യത്തെ ഫിലിം ഡിസ്ട്രിബ്യുഷൻ കമ്പനിയായ ട്രൂത്ത് ഗ്ലോബൽ ഫിലിംസ് ആദ്യമായി പുറത്തിറക്കിയ ദി പ്രീസ്റ്റ് ജിസിസി യിൽ ഏറ്റവും കൂടുതൽ സ്‌ക്രീനുകളിൽ റിലീസ് ചെയുന്ന ആദ്യ മലയാള സിനിമയായി മാറി.
ഖത്തർ ആസ്ഥാനമായി ആദ്യമായാണ് ഒരു ഓവർസീസ് ഫിലിം ഡിസ്ട്രിബ്യുഷൻ കമ്പനി സ്ഥാപിതമാകുന്നത്.
റിയൽ എസ്റ്റേറ്റ് കമ്പനിയായ ട്രൂത്ത് ഗ്രൂപ്പിന്റെ ചെയർമാൻ അബ്ദുൽ സമദ് ആണ് സ്ഥാപകൻ. മലയാളം റേഡിയോ എഫ്.എം ആർ ജെ സൂരജ്, സംവിധായകൻ സലിം അഹമദ് എന്നിവർ പാർട്ണർമാരാണ്.
ഫോട്ടോസ് : സാബു ദോഹ.
