Interview / SREELAKSHMI R. (PRODUCER )
ആസിഫ് അലി നായകനായ ഇബ്ലീസ് എന്ന ചിത്രം നിർമ്മിച്ചുകൊണ്ടാണ് ഇച്ചായീസ് പ്രൊഡക്ഷൻസ് മലയാള ചലച്ചിത്ര നിർമ്മാണ രംഗത്ത് എത്തുന്നത്. വാസ്തവത്തിൽ കടുത്ത മമ്മൂട്ടി ആരാധകർ കൂടിയായ ഇച്ചായീസ് ദമ്പതികൾ സിനിമയിലേക്ക് എത്തിപ്പെടാനും അതുവഴി മമ്മൂക്കയെ പരിചയപ്പെടാനുമാണ് ഇബ്ലീസ് എന്ന സിനിമ നിർമ്മിക്കുന്നത്. വൺ എന്ന മമ്മൂട്ടി ചിത്രവുമായി എത്താൻ പ്ലാൻ ചെയ്തെങ്കിലും പ്രോജക്ട് നീണ്ടുപോയതോടെ മറ്റൊരു മമ്മൂട്ടി പ്രൊജക്ടുമായി എത്തുകയിരുന്നു. അതായിരുന്നു ഗാനഗന്ധർവൻ. ഗാനഗന്ധർവനു ശേഷം തങ്ങളുടെ ഡ്രീം പ്രോജക്ട് ആയ വൺ സിനിമ തിയേറ്ററുകളിൽ എത്തുമ്പോൾ ഇച്ചായീസ് സാരഥി ശ്രീമതി ലക്ഷ്മി ആർ സംസാരിക്കുന്നു.
Q.വൺ എന്ന ഈ പ്രോജക്ടിലേക്ക് എത്തിപ്പെടുന്നത്?
മമ്മൂക്കയുമായി ഒരു പടം ചെയ്തു തുടങ്ങണം എന്നൊരു ആഗ്രഹം ആയിരുന്നു ഞങ്ങൾക്ക്. പക്ഷെ ഒരു സിനിമ ബാക്ഗ്രൗണ്ട് ഇല്ലാത്ത ഞങ്ങൾക്ക് അത് വലിയ ഒരു കടമ്പ ആയിരുന്നു. അത് കാരണം ഞങ്ങൾ ആദ്യം ഒരു ചെറിയ ഫിലിം പ്രൊഡ്യൂസ് ചെയ്യാൻ തീരുമാനിച്ചു. ഇബ്‌ലീസ് എന്ന ആസിഫ് അലി പ്രൊജക്റ്റ് ഞങ്ങൾ അന്നൗൺസ് ചെയ്തു. അങ്ങനെ ആണ് സിനിമയിൽ ചുവടു വെച്ചത്. ഇബ്‌ലീസിന്റെ ഷൂട്ട് തുടങ്ങുന്നതിനു രണ്ടു ദിവസം മുമ്പ് മമ്മൂക്കയെ, ബാദുക്കയുടെ(പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ ) സഹായത്തോടെ അബ്രഹാമിന്റെ സന്തതികളുടെ ലൊക്കേഷനിൽ വെച്ച് കണ്ടു. അങ്ങനെ ബദുക്ക വഴിയാണ് ഈ പ്രോജെക്ടിൽ ഞങ്ങൾ എത്തുന്നത്.
Q. ഇച്ചായീസിന്റെ രണ്ടാമത്തെ മമ്മൂട്ടി ചിത്രമാണല്ലോ വൺ. എന്തുകൊണ്ട് രണ്ടു ചിത്രങ്ങളിലും മമ്മൂട്ടി.
ഞങ്ങളുടെ ആദ്യത്തെ മമ്മൂക്ക പ്രൊജക്റ്റ് വൺ ആകേണ്ടതായിരുന്നു. 2018 ഡിസംബർ ഷൂട്ട് സ്റ്റാർട്ട് ചെയ്യണ്ട പ്രൊജക്റ്റ് ആയിരുന്നു. പക്ഷെ ഇതിന്റെ ക്ലൈമാക്സ് വളരെ സൂഷ്മതയോടു ചെയ്യാൻ വേണ്ടി ബോബി ചേട്ടനും സഞ്ജയ് ചേട്ടനും സമയം വേണം എന്ന് പറഞ്ഞു. അത് കാരണം ഇത് കുറച്ചു വൈകും എന്ന് മനസിലാക്കി. മമ്മൂക്കയുടെ ഒരു പ്രൊജക്റ്റ് അതിനു മുമ്പ് ചെയ്യാം എന്ന് കരുതി. അങ്ങനെ ആണ് ഗാനഗന്ധർവന്റെ കഥ കേൾക്കുന്നതും. പിന്നെ മമ്മൂക്കയുമായി കൂടുതൽ അടുക്കാനും വലിയ ക്യാൻവാസിലുള്ള വൺ വളരെ comfort ആയി ചെയ്യാനും സാധിച്ചു.
Q. മമ്മൂക്കയെ മുഖ്യമന്ത്രിയായി സ്‌ക്രീനിൽ കണ്ടപ്പോൾ എന്ത് തോന്നി?
മമ്മൂക്കയെ കണ്ടില്ല എന്ന് തന്നെ പറയാം. കടക്കൽ ചന്ദ്രൻ എന്ന് പറഞ്ഞ ഒരു നേതാവിനെ കണ്ടു. ആ നേതാവിന്റെ അനുയായി ആയി പ്രവർത്തിക്കാൻ തോന്നി. കേരളക്കര കാത്തിരിക്കുന്നു ഒരു നേതാവ്. വരും കാലഘട്ടത്തിൽ ഈ സിനിമ വലിയൊരു പ്രചോദനമായി മാറിയേക്കും. ഒരു വലിയ മാറ്റത്തിനായി നമുക്ക് കാത്തിരിക്കാം.
Q. വൺ എന്ന ഈ സിനിമയിൽ ഉള്ള പ്രതീക്ഷകൾ?
മമ്മൂക്ക മുഖ്യമന്ത്രി ആകുന്നു. ബോബി സഞ്ജയ് തിരക്കഥ. ഈ സിനിമയിൽ സംസാരിക്കുന്ന ആശയം ഒരു സാധാരണ പൗരൻ എന്നനിലയിൽ എന്നെ വളരെ അധികം ചിന്തിപ്പിക്കുകയും ആകർഷിക്കുകയും ചെയ്തു. ഇത് ഒരു പൊളിറ്റിക്കൽ പാർട്ടിയുടെയും അല്ലേൽ ഒരു പൊളിറ്റീഷ്യനേയോ ഉദ്ദേശിച്ചു പറയുന്ന ഒരു കഥയല്ല.ഒരു ഉത്തമ ജനാധിപന്റെ കഥയാണ്. തീർച്ചയായും ഇതിന്റെ ഇതിവൃത്തം പ്രേക്ഷകർ രണ്ടു കയ്യും നീട്ടി സ്വീകരിക്കും എന്ന് നിസംശയം പറയാം.
https://youtu.be/spFFOuHxvwU
