മമ്മൂട്ടിയും രജനീകാന്തും ആദ്യമായി ഒന്നിച്ച ചിത്രമാണ് മണിരത്നത്തിന്റെ ദളപതി. തമിഴ് നാട്ടിൽ വമ്പൻ ഹിറ്റായി മാറിയ ഈ ചിത്രം മമ്മൂട്ടിയ്ക്ക് നേടിക്കൊടുത്ത താരമൂല്യം വളരെ വലുതാണ്. സാധാരണ രജനീ ചിത്രങ്ങളിൽ ഒന്നിച്ചഭിനയിക്കുന്ന നടന്മാർക്ക് വലിയ കൈയടി ലഭിക്കാറില്ല. എന്നാൽ ദളപതിയിൽ ഒരു അഭിനേതാവ് എന്ന നിലയിൽ രജനീകാന്തിനെക്കാൾ കൈയടി ലഭിച്ച കഥാപാത്രമാണ് ദേവ. മമ്മൂട്ടി അവതരിപ്പിച്ച ദേവ എന്ന അധോലോക നായകന്റെ വലം കൈയായ സൂര്യ എന്ന കഥാപാത്രത്തെയാണ് രജനികാന്ത് അവതരിപ്പിച്ചത്.
ഇന്നും ചാനലുകളിൽ ദളപതി പ്രദർശിപ്പിക്കുമ്പോൾ കാഴ്ചക്കാർ ഏറെയാണ്.
ദളപതിയിൽ അഭിനയിച്ച ശേഷം രജനീകാന്ത് മമ്മൂട്ടിയെക്കുറിച്ചു പറഞ്ഞ വാക്കുകൾ മമ്മൂട്ടി എന്ന നടനും വ്യക്തിയും അന്യഭാഷകളിൽ എങ്ങനെ ആദരിക്കപ്പെടുന്നു എന്നതിന് ഉദാഹരണം കൂടിയാണ്.
രജനിയുടെ ആ വാക്കുകൾ :
മമ്മൂട്ടിയും ഞാനും പ്രധാന വേഷങ്ങളിൽ അഭിനയിച്ച ‘ദളപതി’ എന്ന ചിത്രത്തിലൂടെ മമ്മൂട്ടിയുമായി ആഴമുള്ള ഒരു സൗഹൃദം മെനഞ്ഞെടുക്കുവാൻ എനിയ്ക്ക് കഴിഞ്ഞു. ഞങ്ങൾ ഒരുമിച്ചഭിനയിച്ചത് ആദ്യമായാണെങ്കിലും ഒരിക്കലും മറക്കാനാവാത്ത ഒട്ടേറെ മുഹൂർത്തങ്ങളും ഓർമയിൽ മിഴിവോടെ തെളിഞ്ഞുനിൽക്കുന്ന നിരവധി അനുഭവങ്ങളും ദളപതിയുടെ സെറ്റിൽ വച്ചു എനിയ്ക്ക് നേടുവാൻ കഴിഞ്ഞു.
ന്യുഡൽഹി കണ്ടതിനുശേഷമാണ് ഞാൻ മമ്മൂട്ടിയുടെ ആരാധകനായി മാറിയത്. ചടങ്ങുകളിലും ലൊക്കേഷനുകളിലും വെച്ച് ഞങ്ങൾ ഇടയ്ക്ക് കണ്ടുമുട്ടാറുണ്ട്. മമ്മൂട്ടിയെ അടുത്തറിയാൻ തുടങ്ങിയതിനുശേഷമാണ് അദ്ദേഹത്തിന്റെ സ്വഭാവവിശേഷം എന്നെ വളരെ ആകർഷിച്ചത്.
ദളപതി യിൽ ഞങ്ങൾ 43 ദിവസം ഒരുമിച്ച് പ്രവർത്തിച്ചു. മമ്മൂട്ടിയെപ്പോലെ അസാമാന്യ സാമർത്ഥ്യമുള്ള ഒരു അഭിനേതാവിനേ ദേവയെ അവതരിപ്പിക്കാൻ സാധിക്കൂ എന്നത് ഒരു സത്യമാണ്.
അതിലെ ഒരു രംഗം ഒരിക്കലും മനസ്സിൽ നിന്നും മായില്ല.
മഴ പെയ്യുന്ന ഒരു സീനിൽ മമ്മൂട്ടിയുടെ ദേവ കസേരയിൽ ചാരി കിടക്കുന്നു. ജനാലയ്ക്കൽ നിൽക്കുന്ന സേനാനായകനായ സൂര്യയെ കാണുമ്പോഴുണ്ടാകുന്ന ദേവയുടെ പ്രതികരണം അസാധാരണമായ അഭിനയത്തിലൂടെ മമ്മൂട്ടി ഉജ്ജ്വലമാക്കി. ദേവ മെല്ലെ എഴുന്നേറ്റ് ശരീരത്തിൽ പുതച്ചിരുന്ന തോർത്ത് വലിച്ചു മാറ്റി,
“ഇത പാര്… നല്ലാ പാര്. ”
മമ്മൂട്ടി ഈ ഡയലോഗ് പറഞ്ഞപ്പോൾ ഞാൻ അറിയാതെ കോരിത്തരിച്ചു പോയി. കാരണം ആരെയും വിസ്മയിപ്പിക്കുന്നതായിരുന്നു ആ അഭിനയം. ഇതുപോലെ പല രംഗങ്ങളിലും അദ്ദേഹം എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.
ദളപതിയുടെ സെറ്റിൽ കഴിച്ചുകൂട്ടിയ ഞങ്ങളുടെ ദിനങ്ങൾ ഒരിക്കലും എനിക്ക് മറക്കാൻ പറ്റാത്തതാണ്. എന്റെ ഭാര്യ ലതയും മമ്മൂട്ടിയുടെ അഭിനയശൈലിയെക്കുറിച്ചും പെരുമാറ്റത്തെക്കുറിച്ചും ഏറെ പ്രശംസിക്കാറുണ്ട്.
