ടി. എ ഷാഹിദിന്റെ രചനയിൽ അൻവർ റഷീദ് സംവിധാനം ചെയ്ത ‘രാജ മാണിക്യം’ ബോക്സ് ഓഫീസിൽ പ്രകമ്പനം സൃഷ്ടിച്ച ചിത്രമാണ്. ബെല്ലാരി രാജ എന്ന പോത്തു കച്ചവടക്കാരനായി മമ്മൂട്ടി നിറഞ്ഞാടിയ സിനിമ അദ്ദേഹത്തിന്റെ കരിയറിൽ നാഴികക്കല്ലായ ഒന്നാണ്. രാജ മാണിക്യത്തിന്റെ ഒരു സവിശേഷത അതിൽ മമ്മൂട്ടി ഉപയോഗിച്ച തിരുവനന്തപുരം സ്ലാങ്ങായിരുന്നു. “യെവൻ പുലിയാണ് കേട്ടാ..” എന്ന പഞ്ച് ഹിറ്റ് ഡയലോഗ് സിനിമയിലെ പല സന്ദർഭങ്ങളിലും പല വ്യക്തികളെ വിശേഷിപ്പിക്കാൻ മാണിക്യം ഉപയോഗിക്കുന്നുണ്ട്. ഇതടക്കം രാജ മാണിക്യത്തിലെ നിരവധി സംഭാഷണങ്ങളും പ്രേക്ഷകർ ഏറ്റെടുത്തു. വിവിധ വികാരങ്ങൾ പ്രകടിപ്പിക്കേണ്ട വ്യത്യസ്ത സന്ദർഭങ്ങളിൽ ഭാഷാ ഭേദത്തിന്റെ തനിമ തെല്ലും നഷ്ടപ്പെടാതെ കൈകാര്യം ചെയ്യാൻ മമ്മൂട്ടിക്ക് കഴിഞ്ഞു.
രാജമാണിക്യം കോമഡി ട്രാക്കുള്ള ഒരു ചിത്രമേ അല്ലായിരുന്നു എന്നും ഫാമിലി-ആക്ഷൻ ചിത്രമെന്ന രീതിയിലായിരുന്നു ആലോചിച്ചിരുന്നതെന്നും സംവിധായകൻ അൻവർ റഷീദ് പറയുന്നു. സംവിധായകന്റെ വാക്കുകൾ –
“രാജമാണിക്യത്തിന്റെ സംവിധാന ചുമതല ഏറ്റെടുക്കുമ്പോൾ രണ്ടു കാര്യങ്ങളാണ് മമ്മൂക്ക തന്നോട് ചോദിച്ചത്. ഒന്ന് സിനിമയുടെ സബ്ജക്റ്റ് ഇഷ്ടപ്പെട്ടോ ? രണ്ട് രാജമാണിക്യം എന്ന കഥാപാത്രത്തിന് തിരുവനന്തപുരം സ്ളാങ് ഉപയോഗിക്കാൻ പറ്റുമോ? രണ്ടാമത്തെ ചോദ്യം ഞാൻ ഒട്ടും പ്രതീക്ഷിക്കാത്തതായിരുന്നു.രാജമാണിക്യം കോമഡി ട്രാക്കുള്ള ഒരു ചിത്രമേ അല്ലായിരുന്നു. ഫാമിലി-ആക്ഷൻ ചിത്രമെന്ന രീതിയിലായിരുന്നു ആലോചിച്ചിരുന്നത്.പക്ഷേ ആലോചിച്ചപ്പോൾ മമ്മൂക്ക പറഞ്ഞ തിരുവനന്തപുരം ശൈലി സിനിമയ്ക്ക് വളരെ ഗുണം ചെയ്യുമെന്ന് തോന്നി. സ്ളാങ് മാറിയതുകൊണ്ടാണ് രാജമാണിക്യത്തിന് ഒരു ഹ്യൂമർ ടച്ച് വന്നത്.സത്യത്തിൽ ഹ്യൂമറിനായി ആ സിനിമയിൽ ഒരു ഡയലോഗ് പോലും എഴുതിച്ചേർത്തിട്ടില്ല.മമ്മൂക്കയുടെ അവതരണത്തിലൂടെ ഹ്യൂമർ വർക്ക് ഔട്ടാവുകയായിരുന്നു.”
