ഒരു നടനായും മനുഷ്യനായും എന്നും ഏവർക്കും മാതൃകയാണ് മമ്മൂട്ടി എന്ന് പ്രശസ്ത ഗായകൻ രാകേഷ് ബ്രഹ്മാനന്ദൻ. തന്റെ ജീവിതത്തിലെ മൂന്ന് പ്രധാനപ്പെട്ട മുഹൂർത്തങ്ങൾ മമ്മൂട്ടിയുടെ സാന്നിദ്ധ്യം നിറഞ്ഞു നിൽക്കുന്നവയാണെന്നും അദ്ദേഹം പറഞ്ഞു.മമ്മൂട്ടിക്ക് അദ്ദേഹത്തിന്റെ പിറന്നാൾ ദിനത്തിൽ ആശംസകൾ അർപ്പിച്ചുകൊണ്ട് ചലച്ചിത്ര, സാമൂഹ്യ,സാംസ്ക്കാരിക മേഖലകളിലെ പ്രമുഖർ അണിനിരന്ന ‘മെഗാ വിഷസ് ടു മെഗാസ്റ്റാർ’ എന്ന വീഡിയോയിലാണ് രാകേഷ് മഹാനടനെക്കുറിച്ച് സംസാരിച്ചത്.
രാകേഷിന്റെ വാക്കുകൾ – “ഒരു ഗായകൻ എന്ന നിലയിൽ മമ്മൂക്കയ്ക്ക് വേണ്ടി പാടണം എന്ന ആഗ്രഹം സാധിച്ചത് അദ്ദേഹം തന്നെ നിർമ്മിച്ച, അനൂപ് കണ്ണൻ സംവിധാനം നിർവഹിച്ച, ‘ജവാൻ ഓഫ് വെള്ളിമല’ എന്ന സിനിമയിലൂടെ ബിജിബാലേട്ടന്റെ സംഗീത സംവിധാനത്തിലാണ്. എന്റെ അച്ഛനും മമ്മൂക്കയ്ക്ക് വേണ്ടി പാടിയിട്ടുണ്ട്. അതൊരു അപൂർവ്വ ഭാഗ്യമായി കരുതുന്നു.ഓഗസ്റ്റ് സിനിമയുടെ ബാനറിൽ ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്ത ‘പതിനെട്ടാം പടി’ യിലെ ഒരു ഗാനത്തിലൂടെയാണ് സംഗീത സംവിധായകനായി അരങ്ങേറ്റം കുറിച്ചത്, അതും മമ്മൂക്കയുടെ സിനിമയാണ് .എന്റെ മകൾ ആത്മിക ജനിച്ചത് മമ്മൂക്കയുടെ ജന്മദിനമായ സെപ്റ്റംബർ ഏഴിനാണ്. മമ്മൂക്കയുടെ നക്ഷത്രം വിശാഖം തന്നെയാണ് മകളുടേയും“.
പിന്നണി ഗായകൻ എന്ന നിലയിലും, സംഗീത വേദികളിലും സജീവ സാന്നിധ്യമായ രാകേഷ് ബ്രഹ്മാനന്ദൻ ആദ്യമായി ഈണമിട്ട ‘ഹേമന്ത പൗർണമി…’ എന്ന ഗാനവും സംഗീതപ്രേമികളുടെ മനം കവർന്നു. മനു ആനന്ദ് സംവിധാനം ചെയ്യുന്ന ‘FIR’ എന്ന തമിഴ് സിനിമയിലൂടെ അഭിനേതാവായും അരങ്ങേറ്റം കുറയ്ക്കാൻ ഒരുങ്ങുകയാണ് മലയാള സംഗീത പ്രേമികൾക്ക് ഒരിക്കലും മറക്കാനാകാത്ത ഒരു പിടി അനശ്വര ഗാനങ്ങൾ സമ്മാനിച്ച അനുഗൃഹീത ഗായകൻ ബ്രഹ്മാനന്ദന്റെ മകൻ കൂടിയായ രാകേഷ്.