അനശ്വരത്തിലെ താരാപദം ,
ന്യൂഡൽഹിയിലെ തൂ മഞ്ഞിൻ,
ദളപതിയിലെ കാട്ടു കുയിലേ,
അഴഗനിലെ സാദി മല്ലി പൂചാരമേ….
ഇന്ത്യൻ സിനിമയുടെ പ്രിയഗായകൻ എസ്.പി ബാലസുബ്രഹ്‌മണ്യവും, ഇന്ത്യൻ സിനിമയുടെ മുഖം മമ്മൂട്ടിയും ഒന്നിച്ച ഒരുപിടി മനോഹരമായ ഗാനങ്ങൾ. മമ്മൂട്ടിയ്ക്കായി എസ്.പി.ബി ആലപിച്ച ഗാനങ്ങളെല്ലാം സൂപ്പർ ഹിറ്റായിരുന്നു.
എസ്.പി.ബി സർ യാത്രയാകുന്ന വേളയിൽ മമ്മൂക്കയ്ക്കൊപ്പം അദ്ദേഹം പങ്കിട്ട ഒരു സ്റ്റേജ് ഷോ വീണ്ടും ഓർമകളിൽ നിറയുകയാണ്.ഇരുവരും ഒരുമിച്ച് ചേർന്നപ്പോൾ അപൂർവ അനുഭവങ്ങൾക്കാണ് വേദി സാക്ഷിയായത്
മമ്മൂട്ടി അഭിനയിച്ച കെ. വിശ്വനാഥ് സംവിധാനം ചെയ്ത ‘ സ്വാതി കിരണം ‘ എന്ന തെലുങ്ക് ചിത്രത്തിന്റെ അനുഭവമാണ് എസ് പി ബി അന്ന് പങ്കുവച്ചത്. മമ്മൂട്ടിയ്ക്ക് വേണ്ടി ഡബ്ബ് ചെയ്യണമെന്ന് വിശ്വനാഥ് എസ്.പി.ബിയോട് ആവശ്യപ്പെട്ടു. മമ്മൂട്ടിയെ പോലൊരു മഹാനടന് വേണ്ടി ഡബ്ബ് ചെയ്യണമെന്നത് തന്നെ വളരെയേറെ സന്തോഷിപ്പിച്ചെന്ന് എസ്.പി.ബി പറഞ്ഞു. പക്ഷേ, മമ്മൂട്ടി സംവിധായകനോട് പറഞ്ഞത് തന്റെ ഡയലോഗുകൾ താൻ തന്നെ പറയാം. താൻ കഠിനമായി പരിശ്രമിക്കാം. എന്നിട്ടും ഇഷ്ടപ്പെട്ടില്ലെങ്കിൽ ബാലു സാറിനെ കൊണ്ട് ചെയ്യിച്ചാൽ മതി എന്നാണ്. പക്ഷേ അത്ഭുത ഭാഷാ പാഠവമുള്ള മമ്മൂട്ടിക്ക് വേണ്ടി ഇങ്ങനെ വേണ്ടി വന്നില്ലെന്നും മമ്മൂട്ടി തന്നെ ചിത്രത്തിനായി ഡബ്ബ് ചെയ്തെന്നും എസ്.പി.ബി ഓർമിച്ചു.
ശബ്ദം നൽകാൻ സാധിച്ചില്ലെങ്കിലും സ്വാതി കിരണം ഉൾപ്പെടെ തമിഴിലും തെലുങ്കിലുമൊക്കെ മമ്മൂട്ടിയ്ക്കായി മനോഹരമായ ഗാനങ്ങൾ പാടാൻ സാധിച്ചെന്നും അദ്ദേഹം പറഞ്ഞു. മമ്മൂട്ടിയെ അരികെ നിറുത്തി സ്വാതി കിരണത്തിലെ ‘ സംഗീത സാഹിത്യ സമലംകൃതേ ‘ എന്ന ഗാനം എസ്.പി.ബി ആലപിക്കുകയും ചെയ്തു. തുടർന്ന് അഴകനിൽ മമ്മൂട്ടിയ്ക്ക് വേണ്ടി പാടിയ സാദി മല്ലി പൂചാരമേ എന്ന ഗാനം ഒപ്പം ആലപിക്കാൻ മമ്മൂട്ടിയെ അരികിലേക്ക് ക്ഷണിക്കുകയും ചെയ്തു. എസ്.പി.ബിയുടെ ഗാനത്തിൽ ലയിച്ച് നിന്ന മമ്മൂട്ടി അദ്ദേഹത്തിന്റെ പാട്ടിനൊത്ത് ചെറുതായി പാടുകയും ചെയ്തു.
