Connect with us

Hi, what are you looking for?

Latest News

സച്ചി : മലയാള സിനിമയുടെ തീരാനഷ്ടം !

പ്രിയ സച്ചിയ്ക്ക് മമ്മൂട്ടി ടൈംസിന്റെ ആദരാഞ്ജലികൾ… 

 

മലയാള സിനിമയ്ക്ക് ഇനിയുമൊരുപാട് ഹിറ്റുകൾ ബാക്കിവച്ചു, പറയാൻ ബാക്കിവച്ച ഒരുപാട് കഥകളുമായി  സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി (സച്ചിദാനന്ദന്‍) യാത്രയായി.
തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ രാത്രി 9.30 നായിരുന്നു അന്ത്യം. ഹൃദയാഘാതത്തിനു പിന്നാലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സച്ചിക്ക് രക്തസമ്മര്‍ദ്ദം നിയന്ത്രിച്ചുനിര്‍ത്താനുള്ള മരുന്നുകളോടെ സച്ചി വെന്‍റിലേറ്ററില്‍ തുടരുകയായിരുന്നു.

ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് വടക്കാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ സച്ചിയെ ഇടുപ്പ് മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയിരുന്നു. അതിനുശേഷമാണ് അദ്ദേഹത്തിനു ഹൃദയാഘാതം സംഭവിച്ചത്. 16ന് പുലര്‍ച്ചെയാണ് ജൂബിലി മിഷന്‍ ആശുപത്രിയില്‍ സച്ചിയെ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്‍റെ തലച്ചോര്‍ പ്രതികരിക്കുന്നില്ലെന്നും ഹൈപോക്സിക് ബ്രെയിന്‍ ഡാമേജ് (എന്തെങ്കിലും കാരണത്താല്‍ തലച്ചോറിലേക്ക് ഓക്സിജന്‍ എത്താത്ത അവസ്ഥ) സംഭവിച്ചിട്ടുണ്ടെന്നും ജൂബിലി മിഷന്‍ ആശുപത്രി 16ന് പുറത്തിറക്കിയ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചതുപ്രകാരമുള്ള നിരീക്ഷണത്തിലായിരുന്നു അദ്ദേഹം.

അതേസമയം അനസ്തേഷ്യ നല്‍കിയതിലെ പിഴവല്ല സച്ചിയ്ക്കുണ്ടായ ഹൃദയാഘാതത്തിനു കാരണമെന്ന വിശദീകരണവുമായി കെജിഎംഒഎ സംസ്ഥാന പ്രസിഡന്‍റ് ഡോ: ജോസഫ് ചാക്കോ രംഗത്തെത്തിയിരുന്നു. അനസ്‍തേഷ്യയുടെ ഫലവും കഴിഞ്ഞ് പോസ്റ്റ് ഓപ്പറേഷന്‍ വാര്‍ഡില്‍ ചെന്ന് അവിടെയുള്ളവരോടു സംസാരിക്കുകയും കാപ്പി കുടിക്കുകയും ചെയ്‍ത ശേഷമാണ് സച്ചിക്ക് ഹൃദയാഘാതവും ബാക്കി പ്രശ്‍നങ്ങളും ഉണ്ടായതെന്നാണ് അദ്ദേഹത്തിന്‍റെ വിശദീകരണം. ഇന്ത്യന്‍ സൊസൈറ്റി ഓഫ് അനസ്‍തെറ്റിസ്റ്റ് ഇതു സംബന്ധിച്ച് നടത്തിയ അന്വേഷണത്തില്‍ നിന്നു വ്യക്തമായ കാര്യം ഇതാണെന്നാണ് അദ്ദേഹം പറയുന്നത്.

തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിൽ ജനിച്ച കെ.ആർ. സച്ചിദാനന്ദൻ എന്ന സച്ചി എട്ടു വർഷം ഹൈക്കോടതിയിൽ അഭിഭാഷകനായിരുന്ന ശേഷമാണ് സിനിമയിലേക്കെത്തിയത്. എഴുതിയ തിരക്കഥകളിൽ ഭൂരിഭാഗവും ഹിറ്റുകളാക്കിയ സച്ചി സംവിധാനം ചെയ്ത രണ്ടു ചിത്രങ്ങളും ബോക്സോഫീസ് ഹിറ്റുകളായിരുന്നു. അടുത്ത കാലത്ത് ദക്ഷിണേന്ത്യയിൽ ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ട സിനിമകളിലൊന്നായ അയ്യപ്പനും കോശിയുമാണ് അവസാന ചിത്രം. പ്രമേയത്തിലും അവതരണത്തിലും പുലർത്തിയ വ്യത്യസ്തതയാണ് സച്ചി ചിത്രങ്ങളുടെ പ്രത്യേകത. പ്രണയവും പകയും നർമവും പ്രതികാരവുമൊക്കെ വ്യത്യസ്ത ഭാവങ്ങളിൽ ആ സിനിമകളിൽ പ്രത്യക്ഷപ്പെട്ടു.

കോളജ് പഠനകാലത്ത് ഫിലിം സൊസൈറ്റിയിലും നാടക പ്രവർത്തനങ്ങളിലും സജീവമായിരുന്നു. മുപ്പതോളം അമച്വർ നാടകങ്ങൾ സംവിധാനം ചെയ്ത സച്ചി, നൂറോളം വേദികളിൽ നടനായിട്ടുമുണ്ട്. പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂറ്റിൽ സിനിമ പഠിക്കാനായിരുന്നു ആഗ്രഹമെങ്കിലും കുടുംബത്തിന്റെ അനുവാദമില്ലാത്തതിനാൽ നടന്നില്ല. സിഎയ്ക്കു പഠിക്കുന്നതിനിടെയാണ് നിയമവും പഠിച്ചത്. പിന്നെ ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്തു. അക്കാലത്താണ് സേതുവുമായി അടുപ്പമുണ്ടായതും ഒരുമിച്ച് സിനിമ ചെയ്യാൻ പദ്ധതിയിട്ടതും.

2007 ൽ പൃഥ്വിരാജ് ചിത്രം ചോക്കലേറ്റിന് സുഹൃത്ത് സേതുവുമായി ചേർന്ന് തിരക്കഥയെഴുതിയാണ് സിനിമയിലേക്കെത്തിയത്. ഷാഫി സംവിധാനം ചെയ്ത ചിത്രം സൂപ്പർഹിറ്റായിരുന്നു. തുടർന്നുവന്ന റോബിൻ ഹുഡ്, മേക്കപ്പ് മാൻ, സീനിയേഴ്സ് എന്നീ ചിത്രങ്ങളും വിജയമായിരുന്നു. ഡബിൾസ് എന്ന ചിത്രത്തിനു ശേഷം 2012 ൽ സേതുവുമായി പിരിഞ്ഞു.

റൺ ബേബി റൺ എന്ന മോഹൻലാൽ ചിത്രത്തിനാണ് സച്ചി ആദ്യം തനിയെ തിരക്കഥയൊരുക്കിയത്. 2012 ൽ ചേട്ടായീസ് എന്ന സിനിമയുടെ നിർമാണത്തിൽ പങ്കാളിയായി. 2015 ൽ പുറത്തുവന്ന അനാർക്കലിയിലൂടെയാ‌ണ് സംവിധായകനായത്. പൃഥ്വിരാജ് നായകനായ പ്രണയചിത്രം വൻഹിറ്റായിരുന്നു. 2017 ൽ അരുൺഗോപിക്കു വേണ്ടി എഴുതിയ ദിലീപ് ചിത്രം രാമലീലയും വിജയമായി. ദിലീപിന്റെ ജയിൽവാസത്തിനു ശേഷം റിലീസ് ചെയ്ത ആദ്യ ചിത്രമെന്ന നിലയിൽ വാർത്തകളിൽ നിറഞ്ഞ രാമലീല പ്രേക്ഷകപ്രശംസയും നേടി.

2019 ൽ ജീൻപോൾ ലാൽ സംവിധാനം ചെയ്ത ഡ്രൈവിങ് ലൈസൻസിനു തിരക്കഥയൊരുക്കി. പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷങ്ങളിലെത്തിയ ചിത്രം വൻവിജയമായിരുന്നു. തുടർന്ന് സച്ചിയുടെ രണ്ടാം സംവിധാനസംരംഭം അയ്യപ്പനും കോശിയും പ്രേക്ഷകരുടെയും നിരൂപകരുടെയും കയ്യടി നേടി. ബിജുമേനോനും പൃഥ്വിരാജും ടൈറ്റിൽ റോളുകളിലെത്തിയ ചിത്രം മറ്റു ഭാഷകളിൽ റീമേക്കിന് ഒരുങ്ങുന്നതും വലിയ വാർത്തയായിരുന്നു. തമിഴിലും തെലുങ്കിലും പ്രധാന വേഷങ്ങൾ ആരു ചെയ്യുമെന്ന ചർച്ചകൾ സമൂഹമാധ്യമങ്ങളിലടക്കം സജീവമായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Related Articles

© Copyright 2021 Mammootty Times | Designed & Managed by KP.A