ആദ്യ തിയേറ്റർ അനുഭവങ്ങൾ ചികഞ്ഞെടുക്കുക എന്ന് പറയുന്നത് ശ്രമകരമായ ഒരു ഉദ്യമമാണ്. കാരണം അതിനൂതന ഐ മാക്സ് സ്‌ക്രീനുകളിൽ നിന്നും മഴവിൽ വർണ്ണങ്ങളിലുള്ള ബൾബുകളുടെയും ഡിസ്കോ പാട്ടുകളുടെ അകമ്പടിയോടും കൂടെ ഉയർന്നു പൊങ്ങിയിരുന്ന തിരശീലാ കർട്ടണുകളെ ആവുന്നത്ര ശക്തിയോടെ കയ്യടിച്ചു വരവേറ്റിരുന്ന ആ കൊട്ടക കാലം വരെയുള്ള ഓർമകളുടെ അകലം അത്ര ചെറുതാണെന്ന് തോന്നുന്നില്ല എന്നത് തന്നെയാണ്. പക്ഷെ അതിനിടയിൽ ഒരു ക്ലാസ്സിക് സ്മരണ പോലെ മനസ്സിൽ ഇപ്പോഴും തങ്ങി നിൽക്കുന്ന ചില ചിത്രങ്ങളും തിയേറ്റർ അനുഭവങ്ങളും ഉണ്ട് എന്നതും വിസ്മരിക്കാനാവില്ല. ആദ്യം തിയേറ്ററിൽ പോയി കണ്ട ചിത്രമേതാണെന്നു എനിക്കോർമ്മയില്ല പക്ഷെ ആദ്യം തിയേറ്ററിൽ പോയി കണ്ട മമ്മൂട്ടി ചിത്രമേതാണെന്നു ചോദിച്ചാൽ ഇന്നും വെള്ളി വെളിച്ചം പോലെ സ്ഫുരിക്കുന്ന ആ ഒരു കഥാപാത്രം.. ക്ഷമിക്കണം ഒന്നല്ല രണ്ടു കഥാപാത്രം എന്ന് പറയേണ്ടി വരും അതെ 2000 ൽ മമ്മൂക്ക വിനയൻ കൂട്ടുകെട്ടിൽ പിറന്ന ദാദാ സാഹിബ് എന്ന ചിത്രം അത് തന്നെയാണ് ഞാനാദ്യമായി തിയേറ്ററിൽ പോയി കണ്ട മമ്മൂക്ക ചിത്രം.
എനിക്കന്ന് പ്രായം ഏഴു വയസ്സാണ് ഇന്നത്തേക്കാളുപരി അന്ന് മലബാറിലുള്ള പല മുസ്ലിം വീടുകളിലും കൂടും കുടുക്കയും എടുത്തു സിനിമ കാണാൻ പോവുക എന്നത് സാദാരണയായി അവലംബിക്കപ്പെട്ടിരുന്ന ഒരു രീതിയായിരുന്നു. പെരിന്തൽമണ്ണ കെ സി മൂവീസ് ആണ് അന്ന് എന്റെ നാട്ടിലെ ഏറ്റവും പ്രൗഢിയുള്ള തിയേറ്റർ എന്റെ വീട്ടിലെ പ്രായം ചെന്ന വലിയുമ്മ ഉൾപ്പടെ ഞങ്ങൾ ആറര പേരാണ് സാഹിബിനെ കാണാൻ വീട്ടിൽ നിന്നിറങ്ങിയത് ഇതിലെ ആറരയിലെ അര അന്ന് കൈക്കുഞ്ഞായിരുന്ന എന്റെ അനിയൻ സജീറാണ്, പിന്നെ കുടുംബമല്ലെങ്കിലും കുടുംബമായിരുന്ന സേതുവേട്ടൻ പ്രഭചേച്ചി. പക്ഷെ ഇന്നത്തെ പോലെ ഞാൻ അന്ന് മമ്മൂക്കയെ അതി തീവ്രമായി ഇഷ്ട്ടപെടാനോ പിന്തുടരാനോ ഒന്നും ശ്രമിച്ചിരുന്ന ആളല്ല കാരണം ഒരു ഏഴുവയസ്സുകാരനു അത്രയൊക്കെ തീവ്രതയെ പ്രകൃതി അനുവദിച്ചിട്ടുള്ളു എന്നത് തന്നെ. രാവിലെകളിൽ തൃശൂർ ആകാശവാണിയിൽ നിന്നും കേട്ടിരുന്ന ‘ദാദാ സാഹിബ് വരുന്നേ വഴി മാറിക്കോ…’ എന്ന ഗാനം, സുന്ദരിയായ കൊച്ചുമോളെ (സനുഷയെ) തോളിലേറ്റിയെ അതിസുന്ദരനായ ഒരു ഉപ്പൂപ്പാ (മമ്മൂക്ക) പിന്നെ അതിനോടകം തന്നെ എനിക്ക് മുന്നേ രണ്ടു തവണ സിനിമ കണ്ട എന്റെ വാപ്പയുടെ വായിൽ നിന്ന് കേട്ട ചില പേരുകൾ (സപ്പർ, സ്വാമി, സാഹിബ്)ഇവയൊക്കെയായിരുന്നു സിനിമ കാണുന്നത് വരെ എനിക്കുള്ള അറിവും ആകർഷണവും.
കെ സി മൂവീസിന്റെ ടിക്കറ്റ് കൗണ്ടറിലേക്കുള്ള തുരങ്കത്തിലൂടെയുള്ള കാത്തു നിൽപ്പും പുറത്തിറങ്ങിയപ്പോഴുള്ള ദീര്ഘ നിശ്വാസവും ഇന്നും ഒരു നെടു വീർപ്പാണ്. സിനിമ തുടങ്ങിയത് മുതൽ വലിയ ആർപ്പുവിളികളാണ് ചുറ്റിലും ഞങ്ങൾ ആറ് പേരടങ്ങിയ വരിയിൽ എന്റെ അനിയൻ ഒഴികെ ഞങ്ങളെല്ലാരും ഒരേ ഇരിപ്പും ചുറ്റും ശബ്ദമുണ്ടാക്കുന്നവരിലേക്കുള്ള വലിയുമ്മയുടെ ശകാരവും കാണാം,
സെൻട്രൽ സ്കൂൾ മതിലിനു മുകളിലെ പോസ്റ്ററിൽ കണ്ട ഉപ്പൂപ്പയെ സ്‌ക്രീനിൽ കാണിച്ചപ്പോൾ നേരത്തെ കണ്ട ആർപ്പുവിളികളേക്കാൾ പതിന്മടങ്ങിരട്ടിയായിരുന്നു ആവേശം എന്തിനെന്നറിയാതെ ഞാനും ആവുന്ന വിധം ഒച്ചവെച്ചു. തുടക്കം മുതൽ കൊട്ടക വിടും വരെ ആവേശവും നൊമ്പരവും തമാശയും എല്ലാം ഒരുപോലെ ആസ്വദിച്ചിരുന്നു ഞാൻ അന്ന് എന്ന് വേണം അനുമാനിക്കാൻ കാരണം അതിനു ശേഷം എത്രയോ തവണ ഞാൻ ദാദാ സാഹിബ് കണ്ടിരിക്കുന്നു എത്രയോ തവണ മമ്മൂട്ടി സിനിമകൾ കണ്ടിരിക്കുന്നു പക്ഷെ ഇന്നും ആദ്യമായി കണ്ട ആ മമ്മൂക്ക ചിത്രം എനിക്ക് മനഃപാഠമാണ് അതിലെ മിക്ക ഡയലോഗുകളും. അന്ന് മുതൽ ആദ്യം ഓര്മ വരുന്ന സീൻ ഫ്ലാഷ്ബാക്കിൽ ചുറ്റും കത്തിയമരുന്ന തീകൂമ്പാരത്തിലേക്കു കെട്ടിടത്തിന് മുകളിൽ നിന്നും ചാടിയ ചെറുപ്പക്കാരൻ ദാദാ സാഹിബും കയ്യിലുള്ള വാളും അതിനു ശേഷമുള്ള ഇടിയുമാണ്.
യാതൊരു വികാരവുമില്ലാതെ അന്ന് ദാദ സാഹിബിനു ടിക്കറ്റ് എടുക്കുമ്പോൾ എനിക്കറിയില്ലായിരുന്നു പിന്നീട് ഇരു പതിറ്റാണ്ടിനിപ്പുറവും അതെ മനുഷ്യന്റെ സിനിമക്ക് ആദ്യ ഷോ കാണാൻ ഇത്രയേറെ ആവേശം എന്റെ ഉള്ളിൽ വീണ്ടും വീണ്ടും ഉണ്ടാകുമെന്ന്.
ഒരേയൊരു മമ്മൂക്ക, തലമുറകളുടെ നായകൻ. ❤️