ആദ്യമായി തിയേറ്ററിൽ പോയി കണ്ട മമ്മൂട്ടി സിനിമയുടെ അനുഭവങ്ങൾ ഗാനഗന്ധർവൻ ഫെയിം ശാന്തി പ്രിയ പങ്കുവയ്ക്കുന്നു.
ഞാൻ തിയ്യറ്ററിൽ പോയി കാണുന്ന മമ്മൂക്കയുടെ ആദ്യത്തെ സിനിമ വാത്സല്യം ആണ്. തിരുവനന്തപുരത്തെ നെടുമങ്ങാട് സൂര്യ തിയ്യറ്ററിൽ വെച്ച് അച്ഛന്റെയും അമ്മയുടെയും അനിയന്റെയും കൂടെ ആണ് സിനിമ കണ്ടത്.അതിന് മുമ്പ് ഒരുപാട് തവണ ടിവിയിൽ കണ്ടിട്ടുണ്ടെങ്കിലും തിയ്യറ്ററിൽ പോയി കാണുന്ന എന്റെ രണ്ടാമത്തെ ചിത്രം എന്ന നിലക്കും ഭയങ്കരം സന്തോഷമായിരുന്നു. വളരെ നല്ല ഒരു കുടുംബ ചിത്രമായിരുന്നു. എനിക്ക് ഇപ്പോഴും അതിലെ ഒരുപാട് രംഗങ്ങൾ ഓർമയുണ്ട്. അതിൽ ഒരു സീനിൽ, എല്ലാവരും ഭക്ഷണം കഴിക്കുന്ന സമയത്ത് മമ്മുക്ക വയലിൽ നിന്ന് വന്ന് ഭക്ഷണം കഴിക്കാനിരിക്കുമ്പോൾ അതിൽ മമ്മൂക്കയുടെ അനിയന്റെ ഭാര്യയുടെ കഥാപാത്രം ഇദ്ദേഹത്തിന്റെ കൂടെ ഇരുന്ന് ഭക്ഷണം കഴിക്കാൻ പറ്റില്ല എന്ന് പറയുമ്പോൾ എന്നെ വല്ലാതെ വിഷമിപ്പിച്ച സീൻ ആയിരുന്നു. ആ സമയത്ത് ആ കഥാപാത്രത്തിനോട് വളരെയധികം ദേഷ്യം വന്നിരുന്നു. “താമരക്കണ്ണനുറങ്ങേണം” എന്ന ഗാനത്തിലും അവസാനം സ്വത്ത് തർക്കത്തിന്റെ വിഷയം വരുമ്പോഴും മനസ്സിൽ തട്ടിയല്ലാതെ അത് കാണാൻ കഴിഞ്ഞിരുന്നില്ല. ഒരു തുള്ളി കണ്ണുനീർ പൊഴിക്കാതെ ഇന്നും ഈ സിനിമ കണ്ട് തീർക്കാൻ കഴിയില്ല. എനിക്ക് സത്യം പറഞ്ഞാൽ മമ്മൂക്ക ഇങ്ങനെയുള്ള കഥാപാത്രം ചെയ്യുന്ന സിനിമയേക്കാൾ മമ്മുക്കയെ എല്ലാവരും ബഹുമാനിക്കുന്ന ഒരു വല്യേട്ടനായി കാണുന്ന സിനിമയാണ് എനിക്കിഷ്ടം.
