യുവസംവിധായകൻ സൂരജ് ടോം ഒരുക്കിയ ‘സർബത്ത്’ തമിഴ് പതിപ്പ് റിലീസ് ചെയ്തു. കോവിഡ് കാലത്ത് ബിഗ് ഹിറ്റായി മാറിയ ക്വാറൻ്റീൻ സന്ദേശം ഉയർത്തുന്ന സർബത്ത് ഷോർട്ട് മൂവിയിൽ മലയാളത്തിലെ പ്രമുഖ പ്രൊഡക്ഷൻ കൺട്രോളർ ബാദുഷയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്.
സർബത്ത് വിവിധ ഭാഷകളിൽ റിലീസ് ചെയ്യുന്നതിൻ്റെ ഭാഗമായിട്ടാണ് തമിഴ് വേർഷൻ ഇറങ്ങിയത്. കഴിഞ്ഞ ദിവസം ഹിന്ദി വേർഷൻ ഇറങ്ങിയിരുന്നു. കോവിഡ് പശ്ചാത്തലത്തിൽ ക്വാറൻ്റിനിൽ കഴിയുന്നതിൻ്റെ പ്രാധാന്യമാണ് സർബത്ത് ചർച്ച ചെയ്യുന്നത്. പ്രവാസികളുടെ ക്വാറൻറീൻ ജീവിതമാണ്, സർബത്തിൻ്റെ ഇതിവൃത്തം. വലിയ മൂല്യമേറിയ സന്ദേശമാണ് ഈ ഷോർട്ട് മൂവി മുന്നോട്ട് വയ്ക്കുന്നത്. മലയളപതിപ്പിന് വൻ സ്വീകാര്യതയാണ് ലഭിച്ചത്. താമസിയാതെ കന്നഡ, തെലുങ്ക് പതിപ്പുകളും റിലീസ് ചെയ്യും.
മലയാളത്തിലെയും, തമിഴിലെയും പ്രശസ്തതാരങ്ങളായ പൃഥ്വിരാജ്, കീർത്തി സുരേഷ്, ശശികുമാർ, രമ്യ നമ്പീശൻ, പ്രിയങ്ക നായർ, രവി വെങ്കിട്ടരാമൻ, ഗോവിന്ദ് പത്മസൂര്യ എന്നിവർ തങ്ങളുടെ ഫേയ്സ് ബുക്ക് പേജിലുടെയാണ് സർബത്ത് തമിഴ് പതിപ്പ് റിലീസ് ചെയ്തത്. വലിയ താര പങ്കാളിത്തത്തോടെയാണ് മലയാളത്തിലും ചിത്രം റിലീസ് ചെയ്തത്. വർഷങ്ങളായി പരസ്യചിത്ര സംവിധാന രംഗത്ത് പ്രവർത്തിക്കുന്ന സൂരജ് ടോം മുൻപ് പാവ, എൻ്റെ മെഴുതിരി അത്താഴങ്ങൾ എന്നീ സിനിമകൾ സംവിധാനം ചെയ്തിരുന്നു.
ഇപ്പോൾ റിയൽസ്റ്റോറിയായ ബെറ്റർ ഹാഫ് എന്ന വെബ് മൂവിയുടെ ചിത്രീകരണത്തിലാണ്. പരസ്യ രംഗത്ത് കണ്ടൻ്റ് ഡവലപ്പറായ വിവേക് മോഹനാണ് സർബത്തിൻ്റെ രചന നിർവഹിച്ചിരിക്കുന്നത്. ക്യാമറ സാഗർ അയ്യപ്പൻ, എഡിറ്റർ രാജേഷ് കോടോത്ത്, സംഗീതം ആനന്ദ് മധുസൂധനൻ, സൗണ്ട് ഡിസൈനിംഗ് മനോജ് മാത്യു, കളറിസ്റ്റ് അലക്സ് വർഗീസ്. സൂരജ്ടോം പ്രൊഡക്ഷൻസും, ടീം മീഡിയയും സംയുക്തമായാണ് വിവിധ ഭാഷകളിൽ ഒരുക്കിയിരിക്കുന്ന സർബത്ത് നിർമ്മിച്ചിരിക്കുന്നത്. (പി.ആർ.ഒ. സുമേരൻ)