ഏറെ നാളത്തെ ഇടവേളയ്ക്കു ശേഷം കുടുംബ പ്രേക്ഷകരുടെ ഇഷ്ട സംവിധായകൻ സത്യൻ അന്തിക്കാടും മലയാളത്തിന്റെ പ്രിയനടൻ മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രം വരുന്നു എന്ന വാർത്ത പുറത്തുവന്നതുമുതൽ മലയാളി പ്രേക്ഷകർ, പ്രത്യേകിച്ചും കുടുംബ പ്രേക്ഷകർ ഏറെ പ്രതീക്ഷയിലായിരുന്നു.
ഈ ഏപ്രിലിൽ ചിത്രീകരണം ആരംഭിച്ചു ഓണത്തിനു റിലീസ് ചെയ്യാനുള്ള തയ്യാറെടുപ്പുകളാണ് തന്റെ മമ്മൂട്ടി ചിത്രത്തിനുവേണ്ടി സത്യൻ നടത്തിയിരുന്നത്. തിരക്കഥയിലെ മിനുക്കുപണികൾ ഒന്നൊന്നായി പൂർത്തിയാക്കി എല്ലാം തികഞ്ഞ ഒരു കുടുംബ ചിത്രമായി തന്റെ മമ്മൂട്ടി ചിത്രം പുറത്തുവരണമെന്ന് സത്യൻ അന്തിക്കാട് ആഗ്രഹിച്ചു. മലയാള സിനിമയ്ക്ക് ചുരുങ്ങിയ കാലം കൊണ്ട് ഒരുപിടി നല്ല ചിത്രങ്ങൾക്ക് തിരക്കഥയൊരുക്കിയ ഇക്ബാൽ കുറ്റിപ്പുറത്തിന്റേതായിരുന്നു തിരക്കഥ. തന്റെ ആദ്യ മമ്മൂട്ടി ചിത്രമെന്ന നിലയ്ക്കുതന്നെ ഈ ചിത്രം തന്റെ കരിയറിലെ ഏറ്റവും മികച്ചതാകണമെന്ന് ഇക്ബാലും ആഗ്രഹിച്ചു. വലിയൊരിടവേളക്കു ശേഷം മലയാളത്തിലെ നമ്പർ വൺ നിർമ്മാണ വിതര കമ്പനിയായ സെൻട്രൽ പിക്ചേഴ്സ് നിർമ്മിക്കുന്ന മമ്മൂട്ടി ചിത്രമെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ടായിരുന്നു. എന്നാൽ മഹാമാരിയായി ലോകത്ത് പടർന്നുപിടിച്ച കൊറോണയെ തുടർന്നുള്ള ലോക് ഡൗൺ സിനിമാ ചിത്രീകരണത്തെയും ബാധിച്ചതോടെ സത്യൻ മമ്മൂട്ടി ചിത്രവും അനിശ്ചിതത്വത്തിലായി.
എല്ലാവരെയും പോലെ കൊറോണക്കാലത്ത് സത്യനും തന്റെ അന്തിക്കാടെ വീട്ടിൽ തന്നെ കഴിഞ്ഞുകൂടി. പുതിയ സിനിമ എന്നു തുടങ്ങാൻ കഴിയുമെന്നുപോലും നിശ്ചയമില്ലാത്തവിധം കൊറോണ വ്യാപനം രൂക്ഷമാകുന്നതിൽ സത്യൻ അന്തിക്കാടും നിരാശനാണ്.
കോവിഡ് എന്ന മഹാമാരിയെക്കുറിച്ചും കൊറോണക്കാലം വഴിമുടക്കിയ സിനിമാലോകത്തെക്കുറിച്ചും തന്റെ പുതിയ സിനിമയെപ്പറ്റിയുമെല്ലാം മനസു തുറക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട ഈ സംവിധായകൻ. മാധ്യമം പത്രത്തിന്റെ ‘വാരാദ്യമാധ്യമ’ത്തിൽ സത്യൻ അന്തിക്കാടുമായുള്ള പ്രത്യേക അഭിമുഖത്തിലാണ് അദ്ധേഹം മനസ്സു തുറക്കുന്നത്.
“സിനിമയെ മാത്രമല്ല, സകല മേഖലകളെയും കൊറോണ സാരമായി ബാധിച്ചുകഴിഞ്ഞു. ഇതുവരെ നാം അനുഭവിച്ചിട്ടില്ലാത്ത തരത്തിൽ നമ്മുടെ ജീവിതം അസഹനീയമായിക്കൊണ്ടിരിക്കുന്നു. ഇതിനെ ഏറ്റവും വലിയ ദുരന്തമാക്കുന്നത് പ്രവചിക്കാൻ പറ്റാത്തവിധം ഈ അവസ്ഥ നീണ്ടുപോകുന്നുവെന്ന യഥാർഥ്യമാണ്. കൊറോണയിൽ നിന്ന് മനുഷ്യർക്ക് എന്ന് മോചനം ലഭിക്കുമെന്ന് ചിന്തിക്കുമ്പോഴാണ് ഭീതിയും അനിശ്ചിതത്വവും നമ്മെ കീഴിപ്പെടുത്തുന്നത്.” കൊറോണക്കാലത്തെക്കുറിച്ചുള്ള തന്റെ ആശങ്കൾ സത്യൻ അന്തിക്കാട് പങ്കുവയ്ക്കുന്നതിങ്ങനെ.
ഈ ഓണക്കാലത്ത് റിലീസ് ചെയ്യാൻ തീരുമാനിച്ച തന്റെ മമ്മൂട്ടി ചിത്രത്തെക്കുറിച്ചും സത്യൻ അന്തിക്കാട് മനസ്സ് തുറക്കുന്നു.
“മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കിക്കൊണ്ടുള്ള തിരക്കഥ നിരവധി ചർച്ചകൾക്കും മിനുക്കുപണികൾക്കുമൊടുവിൽ അന്ത്യരൂപം കൊണ്ടു. മറ്റു അഭിനേതാക്കളുടെയും സാങ്കേതിക വിദഗ്ദരുടേയും കാര്യങ്ങളിലും തീരുമാനമായി. ഷൂട്ടിംഗ് ലൊക്കേഷനും നിശ്ചയിച്ചു. ഷെഡ്യൂളും തയ്യാറാക്കി. ഞാൻ അവസാനം ചെയ്ത മമ്മൂട്ടിയുടെ പടം ‘ഒരാൾ മാത്രം’(1997)ആയിരുന്നു. പത്തിരുപത്തിമൂന്ന് വർഷമായി. അതുകൊണ്ടാണ് പുതിയ പടത്തിൽ മമ്മൂട്ടി വേണമെന്ന് ആഗ്രഹിച്ചത്.
ആഗസ്റ്റ് അവസാനത്തിലാണ് ഓണം. ജനുവരിയിൽ തന്നെ മുന്നൊരുക്കങ്ങൾ തുടങ്ങിയിരുന്നു. ഏപ്രിൽ 10-നു ഷൂട്ടി തുടങ്ങാനായിരുന്നു ഉദ്ദ്യേശം. ഏപ്രിൽ-മെയ് ആണല്ലൊ സിനിമയുടെ കൊയ്ത്തുകാലം. ഷൂട്ടിനും ലാബ് വർക്കിനും നാലഞ്ചുമാസത്തെ സമയം കിട്ടുന്നുണ്ട്. സ്ക്രിപ്റ്റ് റെഡിയാണെങ്കിൽ, ഇത്രയും സമയമേ വേണ്ടൂ എനിക്കൊരു പ്രോജക്ട് ചെയ്യാൻ.
ഷൂട്ട് അല്പം വൈകിയാൽ പോലും, യുദ്ധകാലടിസ്ഥാനത്തിൽ രാവും പകലും പണിയെടുത്താൽ, പടം ഓണത്തിനു തിയേറ്ററുകളിൽ എത്തിക്കാമെന്നും കണക്കുകൂട്ടി. കൊറോണക്കാലം അന്ന് ലോക്ഡൗണിൽ എത്തിയിട്ടില്ലായിരുന്നു. എങ്ങനെയെങ്കിലും ഷൂട്ടുമായി മുന്നോട്ട് പോകാമെന്ന് തന്നെയാണ് അവസാനം വരെ കരുതിയത്. പക്ഷേ, കോവിഡ് വ്യാപനം കുതിച്ചുയർന്നു. എല്ലാ സ്വപ്നങ്ങളും തകർന്നു തരിപ്പണമായി.
ഇനി ഈ സ്ക്രിപ്റ്റ് വീണ്ടും ഉപയോഗിക്കാൻ കഴിയുമോയെന്നും ഉറപ്പിച്ചുപറയാൻ കഴിയില്ല. അതാണ് ഏറ്റവും വലിയ ഖേദം. സമയത്തിനും കഥാപാത്രത്തിനും പ്രസക്തിയുള്ള കഥയാണ്. മഹാമാരിയുടെ നീരാളിപ്പിടുത്തത്തിൽ സകല നഷ്ടങ്ങളും ഏറ്റുവാങ്ങേണ്ടി വന്നു. മമ്മൂട്ടിയെ നായകനക്കി ഞാൻ മുൻപ് സംവിധാനം ചെയ്ത കളിക്കളം, അർഥം,ഗോളാന്തര വാർത്തകൾ, നമ്പർ വൺ സ്നേഹതീരം ബാംഗ്ളൂർ നോർത്ത്, കനൽക്കാറ്റ് തുടങ്ങിയവയെല്ലാം വലിയ വിജയങ്ങളായിരുന്നു. ശ്രീധരന്റെ ഒന്നാം തിരുമുറിവ് വിജയിക്കാതിരുന്നതിന്റെ കാരണം മമ്മൂട്ടിയല്ല. അദ്ധേഹത്തിനു കോമഡി ചേരില്ലെന്ന നിഗമനത്തിലൊന്നും എത്തിച്ചേരുന്നത് ശരിയല്ല. ഞാനും ശ്രീനിവാസനും ആ പരാജയം ഏറ്റെടുക്കുന്നു. എന്റെ കഥയും ശ്രീനിയുടെ തിരക്ക്ഥയുമാണ് ശ്രീധരന്റെ ഒന്നാം തിരുമുറിവ്.“
ഒ.ടി.ടി റിലീസ് സിനിമയ്ക്ക് പകരമാകില്ലെന്നും സത്യൻ അന്തിക്കാട് അഭിമുഖത്തിൽ പറയുന്നു. ഒ.ടി.ടിയ്ക്ക് ഒരുപാട് പരിമിതികളും പ്രതിബന്ധങ്ങളുമുണ്ട്. ചലച്ചിത്ര നിർമ്മാണവും പ്രദർശനവും ഒ.ടി.ടി.പ്ലാറ്റ്ഫോമിൽ തളച്ചിടേണ്ട കലയല്ല. അല്പം വൈകിയാലും ഈ ആപൽഘട്ടം അതിജീവിച്ച് മലയാള സിനിമ, ജീവിതഗന്ധിയായ കഥകളുമായി ശക്തമായ തിരിച്ചുവരവ് നടത്തുമെന്നും താൻ വിശ്വസിക്കുന്നതായി സന്ത്യൻ അന്തിക്കാട് പറയുന്നു.
എഴുപതുകളിലെ തീപ്പൊരി നായകൻ സുകുമാരൻ മുതൽ, മമ്മൂട്ടിയും മകൻ ദുൽഖർ സൽമാനും ജയറാമും മകൻ കാളിദാസും വരെയുള്ള നായകന്മാർക്കും ഷീല മുതൽ പുതിയ തലമുറയിലെ അമലാ പോൾ വരെയുള്ള നായികമാർക്കും ക്യാമറയ്ക്കുമുന്നിൽ നിർദേശങ്ങൾ കൊടുക്കുവാൻ സാധിച്ചു എന്നതുതന്നെയാണ് സംവിധായകൻ എന്ന നിലയിലെ നേട്ടമെന്നും സത്യൻ അന്തിക്കാട് പറഞ്ഞു.
