Connect with us

Hi, what are you looking for?

Features

ആദ്യം ദേശീയ പുരസ്കാരം; പിന്നീട് സംസ്ഥാനത്തും അംഗീകാരം: പുരസ്കാര നിറവിൽ സുരാജ് വെഞ്ഞാറമൂട്.

ഇന്ത്യയിലെ ഏറ്റവും മികച്ച നടനുള്ള ദേശീയ പുരസ്കാരം സുരാജ് വെഞ്ഞാറമൂടിനെ തേടിയെത്തുന്നത് 2015-ൽ. പേരറിയാത്തവർ എന്ന ചിത്രത്തിലെ മികച്ച പ്രകടനമാണ്‌ സുരാജിനെ രാജ്യത്തെ മികച്ച നടൻ എന്ന പുരസ്കാരത്തിനു അർഹനാക്കിയത്. എന്നാൽ വീണ്ടും നാല് വർഷം കാത്തിരിക്കേണ്ടി വന്നു സ്വന്തം സംസ്ഥാനത്ത് അംഗീക്കപ്പെടാൻ. ഒരുപക്ഷെ സംസ്ഥാന പുരസ്‌കാരം നേടും മുൻപേ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടുന്ന ആദ്യത്തെ നടനാകാം സുരാജ്.

ഒരു കൊമേഡിയൻ എന്ന നിലയിൽ മലയാള സിനിമാ പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം നേടിയ സുരാജ് വെഞ്ഞാറമൂടിന്റെ മികച്ച നടനിലേക്കുള്ള വളർച്ച തീർത്തും  അൽഭുതാവഹമായിരുന്നു. ഹാസ്യ താരമെന്ന നിലയിൽ ഒരേ ടൈപ്പ് വേഷങ്ങളിൽ പെട്ട് പ്രേക്ഷകർക്ക് മടുത്ത് തുടങ്ങുന്നിടത്തു നിന്നും മികച്ച നടനുള്ള ദേശീയ പുരസ്കാരം വരെ നേടുന്നിടത്തേക്ക് സുരാജ് എന്ന നടൻ വളർന്നപ്പോൾ പ്രേക്ഷകർക്ക് അത് വിശ്വസിക്കാൻ പോലും കഴിഞ്ഞില്ല.

എന്നാൽ മുഖ്യാധാരാ പ്രേക്ഷകർ സുരാജിലെ നടനെ തിരിച്ചറിയുന്നത് ആക്ഷൻ ഹീറോ ബിജു പോലുള്ള ചിത്രങ്ങളിലെ ചില മിന്നലാട്ടങ്ങളിലൂടെയാണ്‌. വെറുമൊരു കോമഡി താരം മാത്രമല്ല താൻ എന്നും മികച്ച ക്യാരക്ടർ റോളുകൾ കിട്ടിയാൽ തിളങ്ങാൻ കഴിയുമെന്നുമുള്ള വിശ്വാസം സംവിധായകരിലും ജനിച്ചതോടെ സുരാജിന്റെ ജാതകം തന്നെ മാറിമറിയുകയായിരുന്നു.

ഫൈനൽസിലെ അഛൻ വേഷവും വികൃതികൾ എന്ന ചിതത്തിലെ ഊമയായ കഥാപാത്രവും ഗംഭീരമാക്കി താനൊരു മികച്ച നടനാണെന്ന് പ്രേക്ഷകരെ ബോധ്യപ്പെടുത്തി, കൈയടിയും വാങ്ങി.

എന്നാൽ ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ എന്ന ചിത്രത്തിലെ വൃദ്ധൻ വേഷത്തിലൂടെ പ്രേക്ഷകരെ ശരിക്കും ഞെട്ടിച്ചുകളഞ്ഞു സുരാജ്. മേക്കപ്പ് കൊണ്ടുള്ള വേഷപ്പകർച്ചകൾക്കപ്പുറത്ത്, ഭാവാഭിനയ മികവുകൊണ്ട് മലയാളത്തിലെ മികച്ച നടന്മാരുടെ ഇരിപ്പിടത്തിലേക്ക് ആർജ്ജവത്തോടെ കയറിയിരുന്നു സുരാജ് .
പിന്നീട് ഡ്രൈവിംഗ് ലൈസൻസ് പോലുള്ള ചിത്രങ്ങളിലും നായകനേക്കാൾ കൈയടി വാങ്ങി സുരാജ്.

ഒരു മിമിക്രി ആർട്ടിസ്റ്റിൽ നിന്നും സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് വന്നു കോമഡിയനായി കൈയടി നേടി, മികച്ച നടനിലേക്കുള്ള സുരാജിന്റെ വളർച്ച തീർത്തും വിസ്മയാവഹം എന്ന് വിശേഷിപ്പിക്കാം. തന്നിലെ മികച്ച നടനെ തേച്ചുമിനുക്കി എടുക്കുന്നതിലും സൂക്ഷ്മാഭിനയത്തിൽ പോലും മികവ് പ്രകടിപ്പിക്കുന്നതിലും സുരാജ് എടുക്കുന്ന എഫർട്ടിനെ അംഗീകരിക്കാതെ നിർവാഹമില്ല.
മികച്ച നടനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം ആദ്യമായി ഈ നടനെ തേടിയെത്തുമ്പോൾ മലയാളി ഇന്ന് അതിൽ ഒട്ടും അതിശയോക്തി കാണുന്നില്ല. കാരണം, ഈ പുരസ്കാരത്തിനു നൂറു ശതമാനം അർഹനാണ്‌ സുരാജ് എന്ന ഈ വെഞ്ഞാറമൂടുകാരൻ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles