പേരുണർത്തുന്ന കൗതുകവും ആകാംഷയും ചിത്രത്തിലുടനീളം കാത്ത് സൂക്ഷിക്കാൻ സിബി മലയിലിനും എസ് എൻ സ്വാമിക്കും കഴിഞ്ഞു എന്നതിന്റെ തെളിവായിരുന്നു ഈ ചിത്രത്തിന്റെ ഗംഭീര വിജയം. മുഖ്യമന്ത്രി കെ.ജി.ആർ കൊലചെയ്യപ്പെടും… ദിവസങ്ങൾക്കകം.” ഒരു പത്രമാഫീസിലേക്ക് ലഭിച്ച അജ്ഞാത ഫോൺ സന്ദേശം. മദ്യപിച്ച് അവ്യക്തമായ രീതിയിലായിരുന്നു അയാളുടെ സംസാരം. ആരോ കബളിപ്പിക്കാൻ വേണ്ടി വിളിച്ചു പറഞ്ഞതാകുമെന്ന് കരുതി തള്ളിക്കളയാൻ നോക്കിയെങ്കിലും പത്രപ്രവർത്തകനു ആ സ്വരം വളരെ പരിചയം ഉള്ള ഒരാളുടെതാണെന്ന് സംശയം തോന്നി. മുതിർന്ന നേതാവും എം എൽ എ യുമായ കഴുത്തുമുട്ടം വാസുദേവന്റെ ശബ്ദമാണതെന്ന് തോന്നിയതോടെ അയാൾ ക്രൈംബ്രാഞ്ച് എസ് പി പെരുമാളിനോട് പറയുന്നു. ഒരു മുഖ്യമന്ത്രിയും പോലീസ് ഉദ്യോഗസ്ഥനും തമ്മിലുള്ള ബന്ധം ആയിരുന്നില്ല കെ.ജി.ആറും പെരുമാളും തമ്മിൽ. അവർ ഒരുമിച് പഠിച്ചവരും സുഹൃത്തുക്കളുമാണ്. അങ്ങിനെ കെ ജി ആറിനെതിരെയുള്ള വധ ഭീഷണിയെക്കുറിച്ച് പെരുമാൾ അനേഷിക്കുന്നു. ഇലക്ഷൻ സമയത്ത് പാർടിക്ക് വേണ്ടി ലക്ഷങ്ങൾ സംഭാവന നൽകിയ വിശ്വം മുതലാളിക്ക് കെ ജി ആർ മുഖ്യമന്ത്രിയായതിനോട് തികഞ്ഞ എതിര്പ്പുണ്ടെന്ന് പെരുമാൾ മനസിലാക്കുന്നു. ആ അനേഷണത്തിനൊടുവിൽ ചെന്നൈയിൽ നിന്നുള്ള ഒരു തേവർ, വിശ്വത്തിന് ഒരു വാടക കൊലയാളിയെ പരിചയപ്പെടുത്തികൊടുത്തിട്ടുണ്ടെന്ന് അറിഞ്ഞ പെരുമാൾ ആ വാടക കൊലയാളിയെ കണ്ടുപിടിക്കാനുള്ള ശ്രമം തുടങ്ങുന്നു. പക്ഷെ അയാൾ ആര്, എന്ത്, എവിടെ … തുടങ്ങിയ കാര്യങ്ങൾ അജ്ഞാതം. ശരിക്കുമുള്ള പേര് പോലും ആർക്കുമറിയില്ല. താൽക്കാലമായുള്ള സമ്പർക്കത്തിന് വേണ്ടി അയാൾ വിശ്വത്തിന് ഗോമസ് എന്ന പേരാണ് നൽകിയിരിക്കുന്നത്.
മുഖ്യമന്ത്രി കൊലചെയ്യപെടുന്ന ദിവസമേതാണെന്ന് അവ്യക്തമായി നിലകൊള്ളുന്നു. ആഗസ്ത് 15 തുടർന്ന് അനേഷണ സംഘത്തിന് മനസ്സിലാകുന്നു സ്വാതന്ത്ര്യദിനത്തിന്റെ അന്നാണ് കൊലപാതകം നടത്താൻ പദ്ധതി ഇട്ടിരിക്കുന്നതെന്ന്. “DAY OF THE JAKAL” എന്ന ഇംഗ്ലീഷ് സിനിമയുടെ ഇതിവൃത്തത്തിൽ നിന്നു കടമെടുത്താണ് തിരക്കഥാകൃത്ത് എസ്.എൻ സ്വാമി ആഗസ്റ്റ് 1? എന്ന ചിത്രത്തിന് കഥയൊരുക്കിയത്. എന്നാൽ ആ ചിത്രം കണ്ട് മലയാളികൾ പോലും സാമ്യം തിരിച്ചറിഞ്ഞില്ലെന്നതാണ് അതിശയം. കാരണം തികച്ചും വ്യത്യസ്തമായ രീതിയിലാണ് പശ്ചാത്തലവും പാത്രസൃഷ്ടിയും എസ്.എൻ സ്വാമി നിർവഹിച്ചത്.

ഒരു സി.ബി.ഐ ഡയറികുറിപ്പ്, ഇരുപതാം നൂറ്റാണ്ട് തുടങ്ങിയ വിജയങ്ങളോടെ എസ്.എൻ സ്വാമി മലയാള സിനിമയിലെ നമ്പർ വൺ തിരക്കഥകൃത്തായി നിൽക്കുന്ന സമയം. തനിയാവർത്തനം, എഴുതപ്പുറങ്ങൾ, വിചാരണ തുടങ്ങിയ കലാമൂല്യമുള്ള ചിത്രങ്ങൾ ഒരുക്കിയ സിബി മലയിലിനോട് തങ്ങൾക്കായി ഒരു ചിത്രമൊരുക്കണം എന്ന് തോംസൺ ഫിലിംസ് ആവശ്യപെടുന്നു. എന്നാൽ തിരക്കഥാകൃത്തായി സിബിയുടെ മനസ്സിൽ ഉണ്ടായിരുന്ന ലോഹിതദാസിന് പകരമായി എസ്.എൻ സ്വാമിയുടെ പേരാണ് തോംസൺ ഫിലിംസ് മുന്നോട്ട് വെച്ചത്. ലോഹിതദാസിന്റെ എഴുതാപുറങ്ങൾ, വിചാരണ എന്നിവ കലാമൂല്യങ്ങൾ ഉള്ള ചിത്രങ്ങളായിരിന്നുവെങ്കിലും സാമ്പത്തികമായി വൻ വിജയങ്ങൾ ആയിരുന്നില്ല. അങ്ങിനെ ഒരവസ്ഥയിൽ സിബിക്ക് ഈ ഓഫർ സ്വീകരിക്കുകയല്ലാതെ മറ്റ് വഴികളുണ്ടായിരുന്നില്ല. മുൻ ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി ഒരു ത്രില്ലർ ആയിരിന്നു സംവിധായകന്റെ മനസ്സിൽ. അങ്ങിനെയാണ് മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ‘ഡേ ഓഫ് ദി ജക്കാൾ’ ത്രെഡ് സ്വാമി പറയുന്നത്. സിബിക്കും കഥ തലപര്യമുണ്ടായിരുന്നു. എന്നാൽ കഥാ ചർച്ചയുമായി സിബിയും സ്വാമിയും മുന്നോട്ട് നീങ്ങവേ, തോംസൺ ഫിലിംസുകാർ ഈ പ്രോജെക്ടിൽ നിന്നും പിന്മാറി. ആ അനിശ്ചിതാവസ്ഥയിൽ നിന്നും സിബി മോചിതനായത് അരോമ മണി ഈ പ്രൊജക്റ്റ് ഏറ്റെടുക്കുമ്പോഴാണ്. തുടർന്ന് സുനിതാ പ്രൊഡക്ഷന് വേണ്ടി ഈ ചിത്രമൊരുക്കാൻ സിബി തീരുമാനിച്ചു. നായകനായി മമ്മൂട്ടിയെയും, കെ.ജി.ആർ ആയി സുകുമാരനെയും നിശ്ചയിച്ചു. കെ.ജി.ആറിന്റെ ഭാര്യയായി ഊർവ്വശിയെയും സിബി മലയിൽ നിശ്ചയിച്ചു.ചിത്രത്തിലെ വഴിതിരിവായി മാറുന്ന രണ്ടു കഥാപാത്രങ്ങളായി ( ഹോട്ടലുകൾ തോറും മോഷണം നടത്തിപ്പോരുന്ന ഒരു കള്ളനും മകളും ) ഇന്നസെന്റും ലിസിയെയും തീരുമാനിക്കപ്പെട്ടു.

ക്യാപ്റ്റൻ രാജു എന്ന നടന്റെ ഗംഭീരമായ വേഷങ്ങളിൽ ഒന്നായിരുന്നു ഓഗസ്റ്റ് 1 ലേത്. നടപ്പിലും, എടുപ്പിലും സംസാരത്തിലുമെല്ലാം സൂക്ഷ്മത വെച്ച് പുലർത്തി. മലയാളി അന്നേ വരെ കണ്ട് വന്ന വില്ലന്മാരിൽ നിന്നുമൊക്കെ ഏറെ വ്യത്യസ്തമായ ഒരു ശൈലിയാണ് പ്രൊഫഷണൽ കില്ലറെ ക്യാപ്റ്റൻ രാജു അവതരിപ്പിച്ചത്.
1921- നു വേണ്ടി മുടി പറ്റെ വെട്ടിയ മമ്മൂട്ടി ഏറെകുറെ അതെ ഹെയർസ്റ്റെയിലിൽ ആണ് ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടത്. പോലിസ് വേഷങ്ങൾ ഒരുപാട് ചെയ്തിട്ടുണ്ടെങ്കിലും മമ്മൂട്ടിയുടെ എണ്ണം പറഞ്ഞ വേഷങ്ങളിൽ ഒന്നായാണ് പെരുമാളിനെ ഇന്നും ജനങ്ങൾ ഓര്മിക്കപെടുന്നത്. ആ കഥാപാത്രത്തിന് അദ്ദേഹം പകർന്നു നൽകിയ ഫ്രഷ്നസ് അത്രത്തോളമാണ്. അതോടൊപ്പം തന്നെ ഒരു പെർഫെക്ട് ഫിഗർ ഈ കഥാപാത്രത്തിനുടനീളം സൃഷ്ടിച്ചെടുക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. ഇത് കൂടാതെ സുകുമാരനും മമ്മൂട്ടിയും മുഖാമുഖം വരുന്ന രംഗങ്ങൾ, ശ്യാമിന്റെ ഗംഭീര പശ്ചാത്തല സംഗീതം, തിരക്കഥയിലെ പുതുമ, സംവിധാന മികവ് എന്നിവ കൊണ്ടാണ് ചിത്രത്തിന് അഭൂതപൂർവ്വമായ വിജയം കൈവരിക്കാനായത്. “Once wants to kill him, the other wants to save him” ആഗസ്ത് 1 ന് വേണ്ടി ഗായത്രി ഡിസൈൻ ചെയ്ത പോസ്റ്ററുകൾ എല്ലാം ഏറെ ആകര്ഷണമായിരിന്നു. 1988ൽ പ്രദർശനശാലകളിലെത്തിയ ചിത്രം ഏറ്റവും കൂടുതൽ പ്രദർശിപ്പിച്ചത് തിരുവനതപുരം ധന്യ – രമ്യയിലാണ്. നൂറിൽപരം ദിനങ്ങൾ ചിത്രം ഇവിടെ പ്രദർശിപ്പിച്ചു.
