മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയുടെ എഴുപതാം പിറന്നാൾ വലിയ ആഘോഷമായി മാറിയതിന് സാംസ്ക്കാരിക കേരളം സാക്ഷ്യം വഹിച്ചു. ആരാധകരും, സിനിമാ പ്രേമികളും, രാഷ്ട്രീയ സാമൂഹ്യ സാംസ്ക്കാരിക മേഖലകളിലെ പ്രമുഖരുമൊക്കെ മമ്മൂട്ടിക്ക് ഹൃദ്യമായ ജന്മദിനാശംസകൾ നേർന്നു. അന്യ ഭാഷകളിലും മലയാള സിനിമയുടെ യശ്ശസ് ഉയർത്തിയ അതുല്യ പ്രതിഭയ്ക്ക് കേരളത്തിന് പുറത്തുനിന്നും ആശംസകൾ എത്തി. പ്രമുഖ മാധ്യമങ്ങളെല്ലാം മമ്മൂട്ടിയ്ക്ക് ജന്മദിനാശംസകൾ നേർന്നുകൊണ്ട് നിരവധി പ്രത്യേക പരിപാടികൾ അവതരിപ്പിച്ചു.സോഷ്യൽ മീഡിയയിലും മെഗാസ്റ്റാറിന്റെ പിറന്നാൾ തരംഗമായി മാറി.
മലയാളത്തിന്റെ പ്രിയ കഥാകാരൻ ടി.പദ്മനാഭൻ മമ്മൂട്ടിയുടെ പിറന്നാൾ ആഘോഷിച്ചത് വ്യത്യസ്തമായ രീതിയിലാണ്. അദ്ദേഹം പായസം തയ്യാറാക്കി തന്റെ അടുപ്പക്കാർക്ക് വിതരണം ചെയ്ത വിവരം സംവിധായകൻ രഞ്ജിത്താണ് ഒരു മാധ്യമത്തിൽ പങ്കു വെച്ചത്. പദ്മനാഭൻ തന്നെ ഈ വിവരം തന്നോട് പറഞ്ഞുവെന്നും താൻ ഇക്കാര്യം മമ്മൂട്ടിയെ അറിയിച്ചതായും രഞ്ജിത്ത് പറഞ്ഞു. മമ്മൂട്ടി ഇതറിഞ്ഞപ്പോൾ ടി.പദ്മനാഭനെ ഫോണിൽ വിളിച്ച് സന്തോഷം പങ്കുവെച്ചു. സാഹിത്യ രംഗത്തെ അഗ്രഗണ്യന്മാരിൽ ഒരാൾ എന്ന വിശേപ്പിക്കാവുന്ന ടി.പദ്മനാഭനെപ്പോലെ ഒരാൾക്ക് പോലും ഇന്ത്യൻ സിനിമയുടെ അഭിമാനമായ, മലയാളത്തിന്റെ മഹാനടനോടുള്ള സ്നേഹവും ആദരവുമാണ് ഇത് വ്യക്തമാക്കുന്നത്.