കഴിഞ്ഞ വർഷം കൊറോണ എന്ന മഹാമാരി മൂലം അടഞ്ഞുകിടന്ന തിയേറ്ററുകൾക്ക് രക്ഷകനായി അവതരിച്ചത് മമ്മൂട്ടിയായിരുന്നു. കൊറോണയുടെ ഒന്നാം തരംഗത്തെ തുടർന്ന് പൂട്ടിക്കിടന്ന തിയേറ്ററുകൾ വീണ്ടും തുറന്നപ്പോൾ പ്രേക്ഷകരെ വീണ്ടും തിയേറ്ററിലേക്ക് കൂട്ടിക്കൊണ്ടുവന്നത് മമ്മൂട്ടിയുടെ ദി പ്രീസ്റ്റ് എന്ന ചിത്രമായിരുന്നു.
ഇപ്പോൾ കൊറോണയുടെ രണ്ടാം തരംഗത്തിന് ശേഷം കേരളത്തിൽ തിയേറ്ററുകൾ വീണ്ടും തുറക്കുമ്പോൾ തിയേറ്ററുകൾക്ക് രക്ഷകനാകാൻ എത്തുകയാണ്, ദുൽഖർ സൽമാൻ.
രണ്ടാം തരംഗത്തിന് ശേഷം കേരളത്തിൽ തിയേറ്ററുകൾ തുറക്കുമ്പോൾ ആദ്യമായി പ്രദർശിപ്പിക്കുന്ന മലയാള ചിത്രം ദുൽഖർ നായകനാകുന്ന കുറുപ്പ് ആണ്. നവംബർ 12-നാണു കുറുപ്പ് തിയേറ്ററുകളിൽ എത്തുന്നത്.
തിയേറ്റരുകാരുടെ പ്രതിസന്ധികാലത്ത് വാപ്പയുടെയും മകന്റെയും സിനിമകൾ താങ്ങായി മാറുന്നതിന്റെ സന്തോഷം തിയേറ്റർ അധികൃതരും മറച്ചുവച്ചില്ല.
“നവംബർ 12-ആം തിയതി ദുൽഖർ സൽമാന്റെ കുറുപ്പ് എന്ന ചിത്രത്തോടെയാണ് മലയാള ചിത്രങ്ങളുടെ തുടക്കം. കഴിഞ്ഞ വർഷം, നിങ്ങൾക്കറിയാം മമ്മൂട്ടിയുടെ ദി പ്രീസ്റ്റ് എന്ന ചിത്രത്തോടെയാണ് തിയേറ്ററുകളിൽ ഒരാവേശം കൈവന്നത്. ഇത്തവണ തികച്ചും യാദൃച്ഛികമാകാം, തിയേറ്ററുകളിൽ ഓളമുണ്ടക്കാൻ അദ്ദേഹത്തിന്റെ മകന്റെ ചിത്രം തന്നെ വേണ്ടി വന്നു ” എന്നാണ് തിയേറ്റർ അസോസിയേഷൻ പ്രതിനിധികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞത്.
കൊറോണയുടെ വരവോടെ തകർന്നടിഞ്ഞ തിയേറ്റർ വ്യവസായത്തിനു പുതുജീവൻ പകർന്നുകൊണ്ടാണ് മമ്മൂട്ടി ചിത്രമായ പ്രീസ്റ്റ് തിയേറ്ററുകളിൽ ആളെക്കൂട്ടിയത്. കൊറോണയോടെ എല്ലാം കൈവിട്ടുപോയി എന്ന് കരുതി നിരാശയോടെ ഇരുന്ന തിയേറ്ററുകൾക്ക് ഇടിത്തീ പോലെയായിരുന്നു OTT പ്ലാറ്റ്ഫോമുകളുടെ വരവ്. ദൃശ്യം 2 പോലൊരു സൂപ്പർ സ്റ്റാർ ചിത്രം പോലും OTT യെ ആശ്രയിച്ചപ്പോൾ തീയറ്റർ വ്യവസായത്തിനു ഇനി ഒരു മടങ്ങിവരവില്ല എന്ന് ഉറപ്പിച്ചിടത്താണ് ദി പ്രീസ്റ്റ് എന്ന മമ്മൂട്ടി ചിത്രം തിയേറ്റർ റിലീസായി തന്നെ എത്തുന്നതും ഒരിടവേളയ്ക്കുശേഷം കുടുംബ പ്രേക്ഷകർ അടക്കം തിയേറ്ററുകളിലേക്ക് തിരിച്ചെത്തുന്നതും.

Mammootty Starrer The Priest Movie Poster
ദി പ്രീസ്റ്റ് നു OTT യിൽ നിന്നും മോഹിപ്പിക്കുന്ന ഓഫറുകൾ ഉണ്ടായിട്ടും തിയേറ്റർ വ്യവസായം നിലനിൽക്കണമെന്ന ആഗ്രഹത്തോടെയായിരുന്നു മമ്മൂട്ടി തന്റെ ചിത്രം തിയേറ്റർ റിലീസ് ആയി തന്നെ എത്തിയാൽ മതി എന്ന് നിർമ്മാതാവ് ആന്റോ ജോസഫിനോട് നിർബന്ധം പറയുന്നത്. മമ്മൂട്ടിയുടെ ആ നല്ല മനസ്സ് പോലെ തന്നെ തിയേറ്ററുകൾക്ക് രക്ഷയാകുന്ന ഒരു സിനിമയായി പ്രീസ്റ്റ് മാറുകയും ചെയ്തു. ആപത്ത് കാലത്ത് പല പ്രമുഖരും സ്വന്തം നിലനിൽപ്പും സാമ്പത്തിക നേട്ടവും മാത്രം നോക്കി OTT തേടി പോയപ്പോൾ പ്രതിസന്ധി കാലത്ത് തങ്ങൾക്കൊപ്പം നിന്ന മമ്മൂട്ടിയോട് തങ്ങളുടെ കടപ്പാടും അറിയിക്കാൻ തിയേറ്റർ അസോസിയേഷൻ അധികൃതർ അദ്ദേഹത്തിന്റെ വീട്ടിൽ എത്തുകയും ചെയ്തിരുന്നു.
‘മലയാള സിനിമയുടെ അപ്രഖ്യാപിത ദൈവം’ എന്നാണ് ചില തിയേറ്റർ ഉടമകൾ മമ്മൂട്ടിയെ അന്ന് വിശേഷിപ്പിച്ചത്.
