“ശരിക്കും ആരാണീ ഫാ. ബെന്നടിക്ട്?”
ഇയാൾ കേവലം ഒരു പുരോഹിതനോ, അതല്ല ഒരു മർഡർ ഹിസ്റ്ററിയുടെ ചുരുളഴിക്കാൻ പാതിരിയുടെ വേഷം കെട്ടിയ ആന്വേഷണ ഉദ്യോഗസ്ഥനോ?
പ്രേക്ഷകരിൽ ഒരേ സമയം ആകാംക്ഷയും ആവേശവും സൃഷ്ടിച്ചുകൊണ്ട് ദി പ്രീസ്റ്റിന്റെ സെക്കന്റ് ടീസർ യൂട്യൂബിൽ ട്രെൻഡിങ്ങിൽ ഇടം പിടിക്കുന്നു.
പ്രേക്ഷകരെ ആകാംക്ഷയുടെ മുൾ മുനയിൽ നിർത്തുന്ന ഒരു സസ്പെൻസ് ത്രില്ലരായിരിക്കും ചിത്രമെന്ന് പുറത്തിറങ്ങിയ രണ്ടു ടീസറുകൾ തന്നെ വ്യക്തമാക്കുന്നു.
ബിഗ് സ്ക്രീനിന്റെ ശബ്ദ-കാഴ്ചകളിലൂടെ മാത്രം അനുഭവിക്കേണ്ട ഒരു ത്രില്ലിംഗ് സിനിമയായിരിക്കും ദി പ്രീസ്റ്റ്. അതുകൊണ്ടുതന്നെയാണ് ഈ സിനിമ കോവിഡ് കാല പ്രതിസന്ധികൾക്കിടയിലും തിയേറ്റർ റിലീസിനായി കാത്തിരിക്കുന്നത്. സെക്കന്റ് ഷോ പ്രദർശനത്തിന് സർക്കാർ അനുമതി ലഭിച്ചാൽ മാർച്ച് നാലിനു തന്നെ ചിത്രം തിയേറ്ററുകളിൽ എത്തും.
ഒരേ കുടുംബത്തിൽ തന്നെ അടുത്തടുത്തു മൂന്നു ആത്മഹത്യകൾ..!
എന്നാൽ അത് സ്വഭാവികമായ ആത്മഹത്യകളോ അതോ കൊലപാതകമോ? ഫാ. ബെന്നടിക്ടിന്റെ അന്വേഷണം ഒട്ടേറെ നിഗൂഢതകളിലേക്ക് നയിക്കുകയാണ്. അവിടെയാണ് ദി പ്രീസ്റ്റ് കൂടുതൽ ത്രില്ലിംഗ് ആകുന്നത്.
ഫാ. ബെന്നടിക്റ്റിന്റെ വേഷത്തിൽ എത്തുന്നത് മെഗാസ്റ്റാർ മമ്മൂട്ടിയാണ്. മമ്മൂട്ടി ഇതുവരെ അവതരിപ്പിച്ചിട്ടില്ലാത്ത പുതുമായർന്ന ഒരു വേഷമാണ് പ്രീസ്റ്റിലേത്. മമ്മൂട്ടിക്കൊപ്പം ആദ്യമായി മഞ്ജു വാര്യർ അഭിനയ്ക്കുന്നു എന്നതാണ് ഈ സിനിമയുടെ മറ്റൊരു പ്രത്യേകത. കുടുംബ പ്രേക്ഷകരെ ആകർഷിക്കുന്ന പ്രധാന ഘടകം കൂടിയാകും മമ്മൂട്ടി -മഞ്ജു കോംബോ.
ഒരു വർഷത്തിന് ശേഷമെത്തുന്ന മമ്മൂട്ടി ചിത്രം എന്ന നിലയ്ക്കും പ്രേക്ഷകർ ഏറെ പ്രതീക്ഷയോടും ആകാംക്ഷയോടുമാണ് സിനിമയ്ക്കായി കാത്തിരിക്കുന്നത്.
