ഷൈലോക്ക് എന്ന സിനിമയിൽ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തെ കുറിച്ച് പറയുന്ന ഒരു ഡയലോഗ് ഉണ്ട്… “മലയാള സിനിമയുടെ അപ്രഖ്യാപിത ദൈവമാണ് അയാൾ” എന്ന്. അമ്മ പക്ഷേ അന്ന് അതിനെ ട്രോളിയവർ നിരവധിയാണ്. എന്നാൽ മമ്മൂട്ടി എന്ന മെഗാസ്റ്റാർ മലയാള സിനിമയുടെ ‘അപ്രഖ്യാപിത ദൈവമാണ്’ എന്ന് ഇന്ന് പറയുന്നത് സാക്ഷാൽ കേരളത്തിലെ തിയേറ്റർ ഉടമകൾ ആണ്. കോവിഡ് പ്രതിസന്ധി മൂലം ഒരു വർഷത്തിലേറെ കാലം അടഞ്ഞുകിടന്ന തീയേറ്ററുകൾ ദി പ്രീസ്റ്റ് എന്ന മമ്മൂട്ടി ചിത്രത്തിലൂടെ വീണ്ടും സജീവമായപ്പോൾ കേരളത്തിലെ നൂറുകണക്കിന് തീയേറ്ററുകൾക്ക് ലഭിച്ചത് വലിയൊരു തിരിച്ചുവരവാണ്. പലർക്കും അത് അവരുടെ ജീവിതത്തിലേക്ക് തന്നെയുള്ള തിരിച്ചുവരവായിരുന്നു. ജീവിതത്തിൽ സമ്പാദിച്ചതെല്ലാം വിറ്റു പെറുക്കിയും കടം വാങ്ങിയും ലോണെടുത്തും തിയേറ്റർ സമുച്ചയങ്ങൾ കെട്ടിപ്പൊക്കിയവരും പുതിയ കാലത്തിനനുസരിച്ച് ലക്ഷങ്ങൾ ചെലവഴിച്ച് തിയേറ്ററുകൾ മോടിപിടിപ്പിച്ച് പ്രതീക്ഷയോടെ കണ്ടവരും കോവിഡിന്റെ വരവോടെ തീർത്തും പ്രതിസന്ധിയിൽ അകപ്പെടുകയായിരുന്നു. ലോക്ക് ഡൗൺ മൂലം മാസങ്ങളോളം ആണ് തീയേറ്ററുകൾ അടഞ്ഞു കിടന്നത്. തീയേറ്ററുകൾ ഭാഗികമായി തുറക്കാനുള്ള സർക്കാരിന്റെ അനുമതി ലഭിച്ചപ്പോഴും ജനം തിയേറ്ററുകളിലേക്ക് വരുന്നതിലുള്ള ആശങ്കയും മറ്റൊരു പ്രതിസന്ധിയായി തുടർന്നു. ഇതിനിടയിലാണ് കൂനിന്മേൽ കുരു എന്ന പോലെ OTT പ്ലാറ്റ്ഫോമുകളുടെ കടന്നുവരവ്. കേരളത്തിലെ തിയേറ്ററുകളിൽ നിന്നും കോടികൾ വാരികൂട്ടിയ ഒരു സിനിമയുടെ രണ്ടാം ഭാഗം പോലും ഒടിടി പ്ലാറ്റ്ഫോമിൽ കൊടുത്തു ലാഭം മാത്രം ലക്ഷ്യമാക്കിയപ്പോൾ തിയേറ്ററുകാർ ശരിക്കും തകർന്നു പോയിരുന്നു. എന്നാൽ ഇവിടെയാണ് മമ്മൂട്ടി എന്ന മഹാനടൻ എന്നതിലുപരി ഒരു മഹാമനുഷ്യന്റെ മഹാ മനസ്സും ദീർഘവീക്ഷണവും തീയേറ്റർ വ്യവസായത്തെ തിരികെ കൊണ്ടുവന്നത്. തനിക്കുള്ള കടബാധ്യതകൾ സൂചിപ്പിച്ച നിർമാതാവിനോട്,ദി പ്രീസ്റ്റ് എന്ന സിനിമ ഒടിടി പ്ലാറ്റ്ഫോമിൽ കൊടുക്കുന്നതിനെ കുറിച്ച് ചോദിച്ചപ്പോഴെല്ലാം മമ്മൂട്ടി തിരിച്ചു ചോദിച്ച ഒരു ചോദ്യം ഉണ്ട് എന്ന് കഴിഞ്ഞദിവസമാണ് ആന്റോ ജോസഫ് വെളിപ്പെടുത്തിയത്. തീയറ്ററുകാരെ കുറിച്ച് മാത്രമല്ല മമ്മൂട്ടി അവിടെ ആശങ്കപ്പെട്ടത്. തിയറ്ററിനെ ചുറ്റിപ്പറ്റി ജീവിക്കുന്ന ഓട്ടോ തൊഴിലാളികളെ പോലും ഓർമ്മിപ്പിച്ചുകൊണ്ട്, തന്റെ സിനിമ തീയേറ്ററിൽ റിലീസ് ചെയ്താൽ മതിയെന്ന് മമ്മൂട്ടി പറയാതെ പറഞ്ഞില്ലായിരുന്നുവെങ്കിൽ ഒരു പക്ഷേ ഇപ്പോഴും തിയേറ്ററുകൾ പ്രതിസന്ധിയിൽ തന്നെ തുടരുമായിരുന്നു. എന്നാൽ മമ്മൂട്ടിയുടെ മനസ്സുപോലെ തന്നെ ദി പ്രീസ്റ്റ് എന്ന സിനിമ റിലീസ് ആവുകയും ജനം പഴയതുപോലെ തീയേറ്ററുകളിലേക്ക് ഇരമ്പി എത്തുകയും ചെയ്യുന്ന കാഴ്ച, തകർന്നു പോകുമായിരുന്ന ഒരു വ്യവസായത്തിന്റെ തിരിച്ചുവരവ് കൂടിയാണ്. തിയേറ്ററുകളെ ചുറ്റിപ്പറ്റി ജീവിക്കുന്ന ഒരുപാട് തൊഴിലാളികളുടെ ജീവിതത്തിലേക്കുള്ള തിരിച്ചുവരവ് കൂടിയാണത്.
തരം കിട്ടുമ്പോഴെല്ലാം മമ്മൂട്ടി സിനിമകളെ ഒതുക്കാൻ തക്കം പാർത്തു നടന്ന ചില തിയേറ്ററുകാർ എങ്കിലും ഉണ്ട്. എന്നാൽ അവരെ കൊണ്ടുപോലും മമ്മൂട്ടി എന്ന മനുഷ്യനെ അംഗീകരിക്കുന്ന തലത്തിലേക്കാണ് ഇന്ന് കാര്യങ്ങൾ നീങ്ങുന്നത്..
കൈവിട്ടു പോയി എന്ന് വിശ്വസിച്ച തങ്ങളുടെ ബിസിനസ് രംഗം തിരി തിരിച്ചുവരവിന്റെ പാതയിലേക്ക് നീങ്ങുന്നത് കണ്ട് ആ സന്തോഷം മറച്ചുവയ്ക്കാൻ പല തിയേറ്ററുകാരും തയ്യാറാകുന്നില്ല. അവർ തങ്ങളുടെ സന്തോഷവും കടപ്പാടും നന്ദിയും മമ്മൂട്ടിയോട് തുറന്നുപറയുക തന്നെയാണ് ചെയ്യുന്നത്.
ദി പ്രീസ്റ്റ് എന്ന സിനിമയിലൂടെ തകർന്നുപോയ മലയാളസിനിമയെ മമ്മൂട്ടി കൈപിടിച്ച് ഉയർത്തിയെന്ന് തിയേറ്റർ ഉടമ ജിജി അഞ്ചാനി. കൊവിഡ് പ്രതിസന്ധികൾ മൂലം തകർന്നു പോയ മലയാള സിനിമ തൊഴിലാളികൾ വീണ്ടും ആ പഴയ സന്തോഷത്തിലേക്ക് തിരിച്ചെത്തിയെന്നും അതിനു കാരണമായ മമ്മൂട്ടിയ്ക്ക് നന്ദിയുണ്ടെന്നും ജിജി പറഞ്ഞു. വെറും ഒരു നന്ദി പറച്ചിൽ മാത്രമല്ല അദ്ദേഹം ചെയ്യുന്നത്. ഷൈലോക്ക് എന്ന സിനിമയിൽ പറയുന്ന ഡയലോഗിനെ അനുസ്മരിച്ചുകൊണ്ട് “മലയാള സിനിമയുടെ അപ്രഖ്യാപിത ദൈവമാണ് മമ്മൂട്ടി” എന്നുവരെ അദ്ദേഹംപറഞ്ഞു വയ്ക്കുന്നു.
ജിജി അഞ്ചാനിയുടെ വാക്കുകൾ.
എന്റെ പേര് ജിജി അഞ്ചാനി എന്നാണ്. അഞ്ചാനി സിനിമാസ് എന്ന സിനിമ തിയേറ്ററിന്റെ ഉടമസ്ഥനാണ്. വലിയൊരു നന്ദി പറയാനാണ് ഞാൻ വന്നത്. നന്ദി പറഞ്ഞില്ലെങ്കിൽ അത് മോശമായി പോകും. കാരണം എന്നെപോലെ പ്രതിസന്ധികളിൽപ്പെട്ടു ഒരു വർഷകാലം പൂട്ടിക്കിടന്ന എന്റെ പ്രസ്ഥാനത്തിന് പുതുജീവൻ നൽകി. എനിക്ക് ഒരുപാടു സന്തോഷം കാരണം പ്രീസ്റ്റ് റിലീസായ ദിനം മുതൽ പാർക്കിങ്ങ് ഗ്രൗണ്ട് എല്ലാം നിറഞ്ഞു. കുടുംബ സഹിതം ആളുകൾ സിനിമ തിയേറ്ററിലേക്ക് കടന്നു വരുന്ന ആ കാലം തിരിച്ചു തന്ന മമ്മൂക്കയ്ക്ക് നന്ദി. ഞങ്ങളൊക്കെ വലിയ പ്രതിസന്ധിയിലായിരുന്നു. കടക്കെണിയിൽ പെട്ടുപോയ ഒരു യുവ സംരംഭകനാണ് ഞാൻ. എന്റെ എല്ലാ സമ്പാദ്യവും ചിലവഴിച്ച് തുടങ്ങിയ പ്രസ്ഥാനം തുടങ്ങി മൂന്ന് മാസം കഴിയുമ്പോൾ തന്നെ പൂട്ടിപോകുന്നു. അതിന് ശേഷം മലയാള സിനിമകളൊക്കെ ഒടിടിയിലേക്ക് പോകുന്നു. വളരെ വേദനയോടെ ഇരുന്ന ഞങ്ങൾക്ക് വലിയൊരു ആശ്വാസം ആയിട്ടാണ് പ്രീസ്റ്റ് വന്നത്. ആന്റോ ജോസഫ് ഒടിടിയിലേക്ക് പോകാൻ നിർബന്ധിതനാകുമ്പോൾ കാത്തിരിക്കാൻ പറഞ്ഞ മമ്മൂട്ടി എന്ന മഹാനടന് മുന്നിൽ ഒന്നും തന്നെ പറയാനില്ല. മലയാള സിനിമയിലെ എല്ലാ തൊഴിലാളികളും ഇന്ന് വീണ്ടും സന്തോഷവാന്മാരായി ജോലി ചെയ്യുന്നു. മലയാള സിനിമയെ തിരികെ എത്തിച്ച മഹാനടന് ഒരുപാട് നന്ദി. ഞങ്ങൾ മറക്കില്ല. മമ്മൂക്ക നിങ്ങളാണ് തകർന്നുപോയ ഈ മലയാള സിനിമയെ കൈ പിടിച്ച് ഉയർത്തെഴുനേൽപ്പിച്ചത്. ജീവിതം മുഴുവൻ കടപ്പെട്ടിരിക്കുന്നു
