ഒരു സിനിമയുടെ വിജയത്തിലായാലും പരാജയത്തിലായാലും ഇന്നത്തെ കാലത്ത് സോഷ്യൽ മീഡിയ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. പ്രീ റിലീസ് പബ്ലിസിറ്റിയിൽ ട്രെയിലറുകളും ഗാനങ്ങളും സോഷ്യൽ മീഡിയകളിൽ ചെറുതല്ലാത്ത പങ്ക് വഹിക്കുന്നുണ്ട്. ‘ഒരു അഡാറ് ലവ്’ എന്ന ചെറിയ ചിത്രത്തിലെ ഗാനം സോഷ്യൽ മീഡിയയിൽ വൈറൽ ആയതോടെ ഇന്ന് ഈ ചിത്രം 2000ൽ അധികം കേന്ദ്രങ്ങളിൽ പ്രദർശനത്തിന് എത്തിയത് ഏറ്റവും പുതിയ ഉദാഹരണം. നവാഗതനായ ഫെല്ലിനി സംവിധാനം നിർവ്വഹിച്ച്, 2018ൽ പുറത്തിറങ്ങിയ ‘തീവണ്ടി’ എന്ന ചിത്രത്തിലെ ‘ജീവാംശമായി’ എന്ന ഗാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ വാർത്തകളിൽ നിറയുന്നത്.
കൈലാസ് മേനോന്റെ സംഗീതത്തിൽ ഹരിശങ്കറും ശ്രേയ ഘോഷാലും ചേർന്ന് ആലപിച്ച തീവണ്ടിയിലെ ‘ജീവാംശമായി’ എന്ന ഗാനം 4 കോടിയ്ക്ക് മുകളിൽ കാഴ്ച്ചക്കാരുമായി യുട്യൂബിൽ കുതിപ്പ് തുടരുകയാണ്. വ്യത്യസ്തമായ മാർക്കറ്റിംഗ് രീതികളിലൂടെ നിരവധി ഗാനങ്ങളും ട്രെയിലറുകളും സോഷ്യൽ മീഡിയകളിൽ മുൻനിരയിൽ എത്തിച്ച ഗുഡ് വിൽ എന്റർടൈൻമെന്റ്സാണ് ഈ ഗാനവും ഓൺലൈനിൽ എത്തിച്ചത്. വ്യവസായിയും ചലച്ചിത്ര നിർമ്മാതാവുമായ ജോബി ജോർജ്ജാണ് ഗുഡ് വിൽ എന്റർടൈൻമെൻറ്സിന്റെ സാരഥി.
ടൊവിനോ തോമസ്, സംയുക്ത മേനോൻ എന്നിവരായിരുന്നു ‘തീവണ്ടി’യിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഒരു ചെയിൻ സ്‌മോക്കറുടെ കഥ രസകരമായി അവതരിപ്പിച്ച ‘തീവണ്ടി’ തീയറ്ററുകളിൽ മികച്ച വിജയം നേടിയിരുന്നു.