സാൾട്ട് ആൻഡ് പെപ്പർ ലുക്കിൽ അഡാർ സ്റ്റൈലിൽ എത്തി പ്രേക്ഷകരെ വിസ്മയിപ്പിക്കാൻ മമ്മൂട്ടിയുടെ മറ്റൊരു കഥാപാത്രം അണിയറയിൽ ഒരുങ്ങുന്നു. നവാഗതനായ ഗിരീഷ് ദാമോദർ സംവിധാനം ചെയ്യുന്ന ‘അങ്കിൾ’ എന്ന സിനിമയിലെ ലുക്ക് ഇതിനകം ഏറെ ചർച്ചയായിക്കഴിഞ്ഞു. ജോയ് മാത്യു തിരക്കഥയൊരുക്കുന്ന ചിത്രത്തിൽ കെ.കെ. എന്ന് അടുപ്പമുള്ളവർ വിളിക്കുന്ന കൃഷ്ണകുമാർ എന്ന ക്താപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. “ഊട്ടിയിൽ നിന്നും വയനാട് വഴി കോഴിക്കോട് വരെയുള്ള ഒരു യാത്രയാണ് ഈ സിനിമ. അച്ഛന്റെ അടുത്ത സുഹൃത്തായ അങ്കിളിനൊപ്പമുള്ള ഒരു പെൺകുട്ടിയുടെ ഈ യാത്രയിൽ ഉണ്ടാകുന്ന സംഭവവികാസങ്ങളാണ് സിനിമയുടെ ഇതിവൃത്തം”.
സംവിധായകൻ ഗിരീഷ് പറയുന്നു.
ഒട്ടേറെ പുതുമുഖ സംവിധായകരെ മലയാളത്തിനു പരിചയെപ്പെടുത്തിയ മമ്മൂട്ടി ഈ വർഷം പരിചയപ്പെടുത്തുന്ന മൂന്നാമത്തെ നവാഗതനാണ് ഗിരീഷ്. ശ്യാംദത്ത് സൈനുദ്ധീൻ(സ്ട്രീറ്റ് ലൈറ്റ്സ്), ശരത് സന്ദിത്(പരോൾ) എന്നിവർക്കു ശേഷമുള്ള മറ്റൊരു പുതുമുഖം. “സമകാലിക പ്രാധാന്യമുള്ള ഒരു വിഷയമാണ് അങ്കിൾ കൈകാര്യം ചെയ്യുന്നത്. മമ്മൂക്കയുടെ റോൾ തന്നെയാണ് ഇതിൽ പ്രാധാന്യത്തോടെ ചെയ്തിരിക്കുന്നത്. അദ്ധേഹത്തിന്റെ വേഷം നെഗറ്റീവ് ആണോ പോസിറ്റീവ് ആണോ എന്നത് സിനിമ കാണുന്ന പ്രേക്ഷകന്റെ കാഴ്ചപാടിനനുസരിച്ചാകുമെന്നാണ് ഇപ്പോൾ പറയാനുള്ളത്. കാരണം ഓരോരുത്തരും മുന്നിൽ കാണുന്ന ആളെ വിലൈയിരുത്തുന്നത് വ്യത്യസ്തമായിട്ടാണല്ലോ. അതുകൊണ്ട് തൽക്കാലം എല്ലാം സസ്പെൻസായി ഇരിക്കട്ടെ.“ ഗിരീഷ് പറഞ്ഞു.
”മമ്മുക്കയുടെ ചില ചിത്രങ്ങളിൽ ഞാൻ അസിറ്റന്റായി വർക്ക് ചെയ്തിട്ടുണ്ട് എങ്കിലും അദ്ധേഹത്തെ നായകനാക്കി ഒരു സിനിമ സംവിധാനം ചെയ്യുമ്പോൾ ചെറിയൊരു പേടിയുണ്ടായിരുന്നു. പക്ഷേ വളരെ കൂൾ ആണ് മമ്മുക്ക. അദ്ധേഹത്തിന്റെ സഹകരണമാണ് 41 ദിവസം കൊണ്ട് ചിത്രീകരണം പൂർത്തിയാക്കാൻ ഞങ്ങളെ സഹായിച്ചത്.“
മമ്മൂട്ടിയോടൊപ്പം ജോയ് മാത്യു, കാർത്തിക മുരളീധരൻ, മുത്തുമണി എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നു.
ഷട്ടറിനു ശേഷം ജോയ് മാത്യു തിരക്കഥയൊരുക്കുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട് അങ്കിളിന്. ജോയ് മാത്യു, സജയ് സെബാസ്റ്റ്യൻ എന്നിവരാണ് നിർമ്മാതാക്കൾ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-സരിത ആൻ തോമസ്.
ചിത്രം മെയ് ആദ്യവാരം തിയേറ്ററുകളിൽ എത്തും.
In this article:

Click to comment