മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച നടിമാരിൽ ഒരാളാണ് ഉർവ്വശി. നിരവധി ഗംഭീര കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അനശ്വരമാക്കിയ ഉർവ്വശി ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയപ്പോഴും പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്തു. ഏറ്റവും ഒടുവിൽ തീയേറ്ററുകളിലെത്തിയ ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ ഉർവ്വശി വീണ്ടും കയ്യടി നേടിയിരുന്നു. മമ്മൂട്ടിയോടൊപ്പം നിരവധി സിനിമകളിൽ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള അഭിനയത്രിയാണ് ഉർവ്വശി. മലയാളത്തിന്റെ അഭിമാനമെന്നാണ് മമ്മൂട്ടിയെ ഉർവ്വശി വിശേഷിപ്പിച്ചത്. എത്ര നാടകീയമായ സംഭാഷണവും കാഷ്വൽ ആയി പറയാൻ മമ്മൂക്കയ്ക്ക് കഴിയും. ആ ഉച്ഛാരണ രീതിയും, ശബ്ദ ഗംഭീര്യവും അദ്ദേഹത്തിന് മാത്രം സ്വന്തം. ഏത് വേഷവും ചേരുന്ന ശരീര ഭാഷ. മമ്മൂക്കയോളം വേഷച്ചേർച്ച മലയാളത്തിൽ മറ്റൊരു അഭിനേതാവിനുമില്ല എന്ന് തന്നെ പറയാം. അന്യ ഭാഷയിലെ നടീ നടന്മാർ മമ്മൂട്ടിയുടെ സൗന്ദര്യത്തെ ആദ്യ കാലം മുതലേ പുകഴ്ത്തുമായിരുന്നു എന്ന് ഉർവ്വശി ഓർമിക്കുന്നു. സിനിമയിൽ എത്തിയ കാലം മുതൽ അദ്ദേഹം എനിക്ക് ഒരു ജ്യേഷ്ഠ സഹോദരനെപ്പോലെ ആയിരുന്നു എന്ന് പറയാം. കരിമ്പിൻ പൂവിനക്കരെ എന്ന സിനിമയിൽ ഞാൻ കരയുന്ന സീൻ ചെയ്യുമ്പോൾ മമ്മൂക്ക എനിക്ക് കാണത്തക്ക വിധം ശരിക്കും കരഞ്ഞു കാണിക്കുമായിരുന്നു. അത് കണ്ട് സങ്കടം വന്നിട്ടാണ് ഞാൻ ആ സിനിമയിലെ കരച്ചിൽ രംഗങ്ങൾ സ്വാഭാവിക മാക്കിയത്.
സ്വന്തമായി ഡബ്ബ് ചെയ്യാൻ തനിക്ക് ധൈര്യം നൽകിയതും മമ്മൂക്കയാണെന്ന് ഉർവ്വശി പറയുന്നു.സ്വയം ഡബ്ബ് ചെയ്താലേ അഭിനയത്തിന് പൂർണത വരൂ എന്ന് അദ്ദേഹം പറയുമായിരുന്നു. തല്ലാനും ശാസിക്കാനും സ്നേഹിക്കാനുമൊക്കെ അധികാരണമുള്ള ഒരു ഏട്ടനായിരുന്നു മമ്മൂക്ക.ദൈവാനുഗ്രവും കഠിനാദ്ധ്വാനവും കൊണ്ടാണ് അദ്ദേഹം മഹാ നടനായത്.
വിദ്യാഭാസത്തിൽനിന്നുൾക്കൊണ്ട സംസ്ക്കാരവും സന്തുഷ്ടമായ ഒരു കുടുബത്തിന്റെ കെട്ടുറപ്പും അദ്ദേഹത്തെ ഗോസിപ്പുകളിൽ നിന്ന് മാറ്റി നിർത്തി.അദ്ദേഹത്തിന്റെ ഓരോ ചലനത്തിലും തൊഴിലിനോടുള്ള സമർപ്പണ ബോധം കാണാം. പുതിയ കാര്യങ്ങൾ അറിയാനും പഠിച്ചെടുക്കാനും അദ്ദേഹത്തിന്റെ താൽപ്പര്യം എടുത്തു പറയണം. സിനിമയ്ക്ക് പുറത്തുള്ള ജീവിതത്തതിൽ ഒട്ടും അഭിനയിക്കാൻ അറിയാത്ത പച്ച മനുഷ്യനാണ് മമ്മൂക്ക. നല്ലൊരു സംഗീത പ്രിയൻ കൂടിയാണ് മമ്മൂക്ക.ഇഷ്ടമുള്ള പാട്ടുകൾ പഠിച്ചു തനിയേ പാടും. മലയാള സിനിമയ്ക്ക് എന്നെന്നും അഭിമാനിക്കാവുന്ന ഒരപൂർവ്വ നടനാണ് മമ്മൂക്ക. അദ്ദേഹത്തെപ്പോലെ ഒരാളെ സഹോദര സ്ഥാനീയനായി ലഭിച്ചതിൽ എനിക്ക് അഭിമാനമുണ്ട്
