മാന്നാര്‍ മത്തായി റിലീസായ സമയത്താണ് കിംഗിലേക്ക് ക്ഷണമെത്തിയത്. ചിത്രീകരണം തിരുവനന്തപുരത്തായിരുന്നു. മമ്മൂക്കയുടെ ചിത്രത്തിലേക്ക് ക്ഷണിച്ചപ്പോഴാണ് മലയാളത്തില്‍ ഞാന്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത് എന്ന തോന്നല്‍ എനിക്കുണ്ടായത്. അതിലുപരി കുട്ടിക്കാലത്ത് ‘ആവനാഴി’ എന്ന ചിത്രം മുതല്‍ സിനിമയിലൂടെ ഞാന്‍ കാണാന്‍ തുടങ്ങിയ മമ്മൂക്കയെ നേരില്‍ കാണാനും പരിചയപ്പെടാനുമുള്ള അവസരമായാണ് കിംഗ്’-ല്‍ എത്രയും വേഗം ജോയിന്‍ ചെയ്യാന്‍ താല്പര്യമെടുത്തത്. പക്ഷേ നിര്‍ഭാഗ്യവശാല്‍ രണ്ടു ദിവസത്തേക്ക് ഷൂട്ടിംങ് മാറ്റുകയായിരുന്നു. വേണമെങ്കില്‍ വാണി മദ്രാസില്‍ പോയിട്ട് വന്നാലും മതി എന്ന് എക്സിക്യൂട്ടീവ് പറയുകയും ചെയ്തു. ഞാന്‍ ആകാംക്ഷയോടെ കാത്തിരുന്ന ദിവസം തുടക്കത്തില്‍ തന്നെ പാളിപ്പോയതിന്റെ വിഷമത്തോടെ തിരുവനന്തപുരത്തെ എയര്‍പോര്‍ട്ടിലേക്ക് തിരിച്ചു. ടിക്കറ്റ് ശരിയാകാത്തതിനാല്‍ ഞാന്‍ വെയിറ്റിംഗ് റൂമില്‍ ഇരിക്കുകയായിരുന്നു. അപ്പോഴാണ് മമ്മൂക്ക എയര്‍പോര്‍ട്ടില്‍ എത്തിയതായി ആരോ പറഞ്ഞറിയുന്നത്. മമ്മൂക്ക എന്നെ കണ്ടതും ഹായ്’എന്നോ മറ്റോ പറഞ്ഞ് ജെന്റില്മാന് ലുക്കില്‍ നടന്നുപോയി. ദൂരെ നിന്ന് എന്റെ ടിക്കറ്റിന്റെ കാര്യം റെഡിയായോ എന്നൊക്കെ ചോദിച്ചതായി പിന്നീട് ഞാനറിഞ്ഞു. സഹായിക്കാനുള്ള മനസ്സിന്റെ ഉടമയാണ് മമ്മൂക്കയെന്ന് അന്ന് നേരിട്ടറിഞ്ഞു. പക്ഷേ വളരെ തിരക്കു പിടിച്ച കാര്യത്തിലായതിനാല്‍ മമ്മൂക്കയ്ക്ക് എന്നെ സഹായിക്കാനായില്ല. ഞാന്‍ പിറ്റേന്ന് മോണിംഗ് ഫ്ളൈറ്റിലാണ് പോയത്. എയര്‍പോര്‍ട്ടില്‍വച്ച് ആ വലിയ നടനെ കണ്ടതിന്റെ സന്തോഷത്തിന് അതിരില്ലായിരുന്നു. ഷൂട്ടിംഗ് വൈകിയതിന്റെ വിഷമം മമ്മൂക്കയെ നേരില്‍ കണ്ടതിലൂടെ സ്വയം മാറ്റിയെടുത്താണ് ഞാന്‍ തിരിച്ച് വീട്ടിലേക്ക് പോയത്.
ഒരു ആക്ഷന്‍ ഹീറോയിന് പദവി നേടിതന്നത് കിംഗായിരുന്നു. ഒരു പക്ഷേ ആ വേഷം ചെയ്യാന്‍ ഞാന്‍ കാത്തിരുന്നില്ലായിരുന്നുവെങ്കില് ഈയൊരു ഇമേജ് തന്നെ എനിക്ക് നഷ്ടപ്പെട്ടേനെ. മമ്മൂക്ക പോലും എന്നെ ലേഡി മമ്മൂട്ടി’എന്ന് വിളിക്കുന്നത് ഇത്തരം കഥാപാത്രങ്ങള്‍ ചെയ്തതിന്റെ അംഗീകാരമായിട്ടാണ്.
കിംഗിനു ശേഷം മമ്മൂക്കയോടൊപ്പം ‘ഹിറ്റ്ലര്‍’ എന്ന ചിത്രത്തിലാണ് വേഷമിട്ടത്. സിദ്ദീഖ് ലാലിന്റെ ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് വേളയില്‍ രസകരവും മറക്കാന്‍ പറ്റാത്തതുമായ അനുഭവങ്ങളാണ് എനിക്ക് സമ്മാനിച്ചത്. ചിത്രത്തിന്റെ ഒരു പ്രധാന ഭാഗം ചിത്രീകരിക്കുന്നതിനിടയില്‍ ഞാന്‍ വീണ് എന്റെ കൈയൊടിഞ്ഞു. വേദനകൊണ്ട് ഒന്ന് എഴുന്നേല്ക്കാന് പോലും പറ്റാതെ ക്യാമറയ്ക്കുമുന്നില്‍ ഒരേ ഇരിപ്പായിരുന്നു. കാര്യമെന്തെന്നറിയാതെ എല്ലാവരുടേയും മുഖത്ത് ചിരിമാത്രമായിരുന്നു. എന്നാല്‍ വേദന കടിച്ചമര്‍ത്തുന്ന എന്റെ മുഖം കണ്ട് പന്തികേടാണെന്നു മനസിലാക്കിയ മമ്മൂക്ക ഓടിവന്ന് എന്നെ എടുത്ത് കാറിലേക്ക് മാറ്റി ഹോസ്പിറ്റലിലേക്ക് എത്തിക്കുകയായിരുന്നു. അപ്പോഴാണ് എല്ലാവര്ക്കും എന്താണ് കാര്യമെന്ന് മനസിലായതു തന്നെ. സിനിമയില്‍ മാത്രമല്ല ജീവിതത്തിലും ഹീറോയാണെന്ന് തോന്നിപ്പോയ നിമിഷമായിരുന്നു അത്.
ഹിറ്റ്ലറിനു ശേഷം ‘ട്രൂത്ത്, ഗോഡ്മാന്, തച്ചിലേടത്ത് ചുണ്ടന്, ഡാനി, ബല്‍റാം വേഴ്സസ് താരാദാസ് എന്നീ ചിത്രങ്ങളിലാണ് പിന്നീട് മമ്മൂക്കയോടൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത്. എന്റെ തിരിച്ചു വരവിനു കാരണമായതും മമ്മൂക്കയാണ്. തീര്‍ത്താല്‍ തീരാത്ത സ്നേഹവും കടപ്പാടും എനിക്ക് മമ്മൂട്ടി എന്ന നടനോടും വ്യക്തിയോടും ഉണ്ട്.
