ഗുഡ്‌വിൽ എന്റർറ്റിയന്മെന്റിന്റെ ബാനറിൽ ജോബി ജോർജ്ജ് നിർമ്മിച്ച് ഷെയിൻ നിഗം നായകനായ ‘വെയിൽ’ ഒ.ടി.ടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യാൻ ഒരുങ്ങുന്നതായ വാർത്ത അടുത്തിടെ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കപ്പെടുന്നു. മലയാള സിനിമയിലെ ആദ്യ ഒ.ടി.ടി റിലീസായ സൂഫിയും സുജാതയും ആമസോൺ പ്രൈമിൽ എത്തിയതോടെയാണ് വെയിൽ അടക്കമുള്ള ചില ചിത്രങ്ങൾ അതേ പാത പിന്തുടർന്ന് ഓൺലൈൻ പ്ലാറ്റ്ഫോമിൽ എത്തുമെന്ന പ്രചരണം ശക്തമായത്.
എന്നാൽ ഗുഡ്‌വിലിന്റെ ബാനറിൽ താൻ നിർമ്മിച്ച ‘വെയിൽ’ എന്ന ചിത്രം ഒരു കാരണവശാലും ഒ.ടി.ടി. റിലീസ് ചെയ്യില്ല എന്ന് നിർമ്മാതാവ് ജോബി ജോർജ്ജ് മമ്മൂട്ടി ടൈംസിനോട് പറഞ്ഞു.

“വെയിൽ അതിമനോഹരമായൊരു കാവ്യമാണ്. അത് ചിത്രത്തിന്റെ ടീസറും ട്രെയിലറും വരുമ്പോൾ വ്യക്തമാകും. നല്ലൊരു ഫാമിലി എന്റർടെയിനറായിരിക്കും ഈ ചിത്രം. അതിലുപരി ഷെയിൻ നിഗത്തിന്റെ സിനിമാകരിയറിലെ ഏറ്റവും നല്ല സിനിമ വെയിൽ ആയിരിക്കും. ഒരു സംശയവും വേണ്ട. തിയേറ്ററിൽ തന്നെ റിലീസ് ചെയ്യും. തിയേറ്റർ റിലീസ് കഴിഞ്ഞേ ചിത്രം ഒ.ടി.ടിയിൽ എത്തൂ. നമ്മൾ തിയേറ്ററിനു വേണ്ടി തന്നെയാണ് വെയിറ്റ് ചെയ്യുന്നത്. അതല്ല, ഇനി കാലാകാലമായി തിയേറ്റർ ബിസിനസ്സ് ഇല്ല എന്ന് പറഞ്ഞാൽ മാത്രമേ ഓൺലൈൻ പ്ലാറ്റ്ഫോമിലേക്ക് പോകൂ… അങ്ങിനെ ഒരു സാഹചര്യം ഉണ്ടായാൽ തീർച്ചയായും നിങ്ങളെപ്പോലുള്ള മീഡിയകളെ ഒഫീഷ്യലായി തന്നെ അറിയിക്കും. പക്ഷേ ഇതുവരെ അങ്ങിനെ ഒരു തീരുമാനമില്ല. എല്ലാം ചിലർ വെറുതെ പ്രചരിപ്പിക്കുന്നതാണ്.” ജോബി ജോർജ്ജ് പറഞ്ഞു.

നവാഗതനായ ശരത് മേനോൻ സംവിധാനം ചെയ്യുന്ന വെയിലിൽ സുരാജ് വെഞ്ഞാറമൂട്, ഷൈൻ ടോം ചാക്കോ എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.നേരത്തേ ചില വിവാദങ്ങളിൽ പെട്ട് വെയിൽ വാർത്തകളിൽ ഇടം നേടിയിരുന്നു.
In this article:

Click to comment