യവനികയിലെ പോലീസ് ഓഫീസർ വേഷം നിരവധി പ്രശംസകൾ മമ്മൂട്ടിക്ക് നേടിക്കൊടുത്തു. പൗരുഷവും സൗന്ദര്യവും നിറഞ്ഞ ഒരു നായകന്റെ വരവിനായി കാത്തിരുന്ന മലയാളികൾക്ക് ലഭിച്ച ഒരു വരദാനമായി മമ്മൂട്ടിയെ സിനിമാലോകം ചൂണ്ടിക്കാട്ടി. സത്യനും പ്രേം നസീറും ജയനും പിന്നീട് സോമനും സുകുമാരനും കൈയാളിയ താര ഇടത്തിലേക്ക് എല്ലാം തികഞ്ഞ ഒരു നായകന്റെ വരവായിരുന്നു അത്.
തുടര്‍ന്ന് ചെറുതും വലുതുമായ ഒട്ടേറെ വേഷങ്ങള്‍. നവോദയയുടെ 70 എം.എം. ചിത്രമായ പടയോട്ടത്തില്‍ പ്രധാന വില്ലനായി വേഷമിട്ടു.
1983-ല്‍ ജോഷിയുടെ ആ രാത്രി, പി.ജി. വിശ്വംഭരന്റെ പിന്‍നിലാവ്, നദി മുതല്‍ നദി വരെ തുടങ്ങിയ ചിത്രങ്ങളുടെ വിജയം മലയാളസിനിമയുടെ മുന്‍നിരയിലേക്കുള്ള ചവിട്ടുപടിയായി.
പത്മരാജന്റെ കൂടെവിടെ മമ്മൂട്ടിയിലെ മികച്ച നടനെ മലയാളത്തിനു കാണിച്ചു തന്നു.
84-ല്‍ വീണ്ടും ചലിക്കുന്ന ചക്രം, അക്ഷരങ്ങള്‍, അതിരാത്രം, ചക്കരയുമ്മ, സന്ദര്‍ഭം, ആള്‍ക്കൂട്ടത്തില്‍ തനിയെ, കാണാമറയത്ത്, മണിത്താലി, കൂട്ടിനിളംകിളി, സന്ധ്യയ്‌ക്കെന്തിനു സിന്ദൂരം, എന്റെ ഉപാസന, അടിയൊഴുക്കുകള്‍ തുടങ്ങി നിരവധി സൂപ്പര്‍ഹിറ്റുകള്‍ മമ്മൂട്ടിയുടേതായി പുറത്തു വന്നു. അതോടെ മമ്മൂട്ടി മലയാളസിനിമയുടെ താരസിംഹാസനം സ്വന്തമാക്കി.
കുടുംബപ്രേക്ഷകരുടെ പ്രത്യേകിച്ചും സ്ത്രീകളുടെ ഇഷ്ടനായകനായി മമ്മൂട്ടി മാറുന്നത് 1985-ല്‍. മുഹൂര്‍ത്തം 11.30ന്, ഈറന്‍ സന്ധ്യ, മകന്‍ എന്റെ മകന്‍, തമ്മില്‍ തമ്മില്‍, അനുബന്ധം, ഈ ശബ്ദം ഇന്നത്തെ ശബ്ദം, ഒരു നോക്കു കാണാന്‍, മാന്യമഹാജനങ്ങളേ, എന്റെ കാണാക്കുയില്‍, നിറക്കൂട്ട്, യാത്ര തുടങ്ങി മമ്മൂട്ടി നായകനായ ചിത്രങ്ങള്‍ കേരളക്കരയില്‍ ബോക്‌സോഫീസ് ഹിറ്റുകളായി മാറി. എതിരാളികളില്ലാത്ത താരരാജാവായി മമ്മൂട്ടി മലയാള സിനിമയെ അടക്കി ഭരിച്ചു.
86-ന്റെ തുടക്കത്തില്‍ ശ്യാമ, വാര്‍ത്ത, സ്‌നേഹമുള്ള സിംഹം, പൂമുഖപ്പടിയില്‍ നിന്നെയും കാത്ത്, മൂന്നുമാസങ്ങള്‍ക്കു മുമ്പ്, ആവനാഴി തുടങ്ങിയ വന്‍ഹിറ്റുകള്‍.
(തുടരും)