മലയാള സിനിമാ പ്രേക്ഷകർക്ക് ഒരിക്കലും മറക്കാനാവാത്ത ഒരുപിടി കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ അനശ്വരമാക്കിയ നടനാണ് കാലയവനികയ്ക്കുള്ളിൽ മറഞ്ഞ ശങ്കരാടി. സത്യൻ അന്തിക്കാട്, പ്രിയദർശൻ തുടങ്ങിയവരുടെ നിരവധി സിനിമകളിൽ ശ്രദ്ധേയങ്ങളായ വേഷങ്ങൾ അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്. നാട്ടിൻപുറത്തുകാരനായ കഥാപാത്രമായി ശങ്കരാടിയോളം തിളങ്ങിയ അഭിനേതാക്കൾ ഏറെയില്ല. സത്യനും പ്രേംനസീറിനുമൊപ്പം അഭിനയിച്ചിട്ടുള്ള ശങ്കരാടി പിന്നീട് വന്ന പല അഭിനേതാക്കൾക്കൊപ്പവും അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടിയും മോഹൻലാലും ശങ്കരാടിക്ക് പ്രിയപ്പെട്ടവരാ യിരുന്നു. താഹാ മാടായി രചിച്ച ‘സത്യൻ അന്തിക്കാടിന്റെ ഗ്രാമീണർ’ എന്ന പുസ്തകത്തിൽ തന്നെയാണോ മമ്മൂട്ടിയെയാണോ കൂടുതലിഷ്ടം എന്ന മോഹൻലാലിൻറെ ചോദ്യത്തിന് ശങ്കരാടി നൽകിയ മറുപടിയെക്കുറിച്ച് പറയുന്നുണ്ട്.
മോഹൻലാൽ ശങ്കരാടിക്ക് ഒരു കളിക്കുട്ടിയെപ്പോലെയാണ്. മോഹൻലാൽ സ്റ്റാറായി കയറിക്കൊണ്ടിരുന്ന ഒരു ഘട്ടത്തിൽ അദ്ദേഹം ശങ്കരാടിയോട് ചോദിച്ചു -“എന്നെയാണോ മമ്മൂക്കയെയാണോ കൂടുതലിഷ്ടം?” . ശങ്കരാടി ഇരിക്കുമ്പോൾ പിറകെ വന്ന് തോളിൽ കയ്യിട്ടുകൊണ്ടാണ് മോഹൻലാലിന്റെ ചോദ്യം.ശങ്കരാടി ആദ്യമൊന്നും ഇതിനു മറുപടി കൊടുത്തില്ല. കുറേ ദിവസങ്ങൾ ചോദ്യം ആവർത്തിച്ചപ്പോൾ അദ്ദേഹം പറഞ്ഞു – “എനിക്കിഷ്ടം മമ്മൂട്ടിയെയാണ്”. എന്തുകൊണ്ടാണ് ചേട്ടൻ എന്നെക്കാൾ മമ്മൂക്കയെ ഇഷ്ടപ്പെടുന്നത് എന്ന ചോദ്യത്തിന് “അത്.. മമ്മൂട്ടി ദേഷ്യം വന്നാൽ അത് പുറത്തുകാണിക്കും, അത് തുറന്ന് പറയുകയും ചെയ്യും നിനക്ക് ദേഷ്യം വന്നാൽ നീയത് പുറത്ത് കാണിക്കുകയില്ല.നീയത് എങ്ങനെ എങ്കിലും അഡ്ജസ്റ്റ് ചെയ്യും. പിന്നെ കോംപ്രമൈസ് ചെയ്യും. ഇതു കൊണ്ടൊക്കെ എനിക്ക് മമ്മൂട്ടിയെയാണ് ഇഷ്ടം”
