Connect with us

Hi, what are you looking for?

Film News

യേശുദാസിന്റെ സംഗീത ജീവിതം ആറ് പതിറ്റാണ്ടുകൾ പിന്നിടുന്നു . മഹാനടനും ഗാന ഗന്ധർവനും ഒരുമിച്ച അനശ്വര ഗാനങ്ങൾ.. കലാ ജീവിതത്തിലേയും വ്യക്തി ജീവിതത്തിലെയും സമാനതകൾ.

                        മലയാളത്തിന്റെ പുണ്യം ഗാനഗന്ധർവൻ പത്മവിഭൂഷൺ ഡോ.കെ.ജെ യേശുദാസ് അദ്ദേഹത്തിന്റെ സമാനതകളില്ലാത്ത സംഗീത ജീവിതം ആരംഭിച്ചിട്ട് ആറ് പതിറ്റാണ്ടുകൾ പൂർത്തിയാകുന്നു. സം​ഗീതാസ്വാദകരെ ഇന്നും ത്രസിപ്പിച്ച് കൊണ്ടേയിരിക്കുന്നു ആ നാദ വിസ്മയം. മലയാളിക്ക് പെറ്റമ്മയുടേതിനേക്കാൾ പരിചിതമായ സ്വരമെന്ന വിശേഷണം ഒട്ടും അതിശയോക്തി നിറഞ്ഞതല്ല യേശുദാസിന്റെ കാര്യത്തിൽ. മലയാള ചലച്ചിത്രഗാനരംഗത്ത് 1965 മുതൽ, രണ്ടാമതോ മൂന്നാമതോ പോലും ആരുമില്ലാത്ത വിധം  ഒന്നാം സ്ഥാനം അലങ്കരിച്ചു കൊണ്ട് ഏതൊരു കലാകാരനും മാതൃകയായ  തന്റെ  സമാനതകളിലാത്ത കലാജീവിതം മുന്നോട്ട് നയിക്കുകയാണ് യേശുദാസ്. തമിഴ്, തെലുങ്ക്,കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിലും തന്റെ അതുല്യമായ ആലാപനമികവുകൊണ്ട് വിസ്മയം തീർക്കാൻ അദ്ദേഹത്തിന് സാധിച്ചു. എണ്ണമറ്റ പുരസ്‌കാരങ്ങളും അംഗീകാരങ്ങളും സുദീർഘവും ദീപ്തവുമായ സംഗീത യാത്രയിൽ അദ്ദേഹത്തെ തേടിയെത്തി. 8 തവണ മികച്ച ഗായകനുള്ള ദേശീയ പുരസ്ക്കാരം നേടിയ യേശുദാസ് ഈ പുരസ്ക്കാരം നേടുന്ന ഏറ്റവും പ്രായം കൂടിയ ഗായകൻ കൂടിയാണ്. 25 സംസ്ഥാന പുരസ്‌ക്കാരങ്ങൾ നൽകി കേരളം അദ്ദേഹത്തെ ആദരിച്ചു. മറ്റു ഇന്ത്യൻ ഭാഷകളിൽ നിന്നായി മികച്ച ഗായകനുള്ള പുരസ്ക്കാരം പത്തോളം തവണ യേശുദാസ് സ്വന്തമാക്കി.

‘ജാതി ഭേദം മതദ്വേഷം ..’ എന്നാരംഭിക്കുന്ന എക്കാലവും പ്രസക്തമായ ഗുരുവചനം പാടിക്കൊണ്ട് തന്റെ സിനിമാ സംഗീത യാത്ര ആരംഭിച്ച യേശുദാസ് മത നിരപേക്ഷതയ്ക്കായി ഉറച്ച നിലപാടുകൾ സ്വീകരിക്കുവാൻ എക്കാലവും ശ്രമിച്ചിട്ടുണ്ട്. ഭാവ സാന്ദ്രമായ ആലാപന ശൈലി കൊണ്ട് യേശുദാസ് അനശ്വരമാക്കിയ അസംഖ്യം ഗാനങ്ങൾ മലയാള സിനിമാ ചരിത്രത്തിന്റെ കൂടി ഭാഗമാണ്.മലയാളം കണ്ട എക്കാലത്തെയും മികച്ച സംഗീത സംവിധായകനായ ദേവരാജൻ മാസ്സറുടെ ഏറ്റവും അധികം ഗാനങ്ങൾ പാടിയതും യേശുദാസ് തന്നെ .സത്യൻ മുതൽ നിവിൻ പോളി വരെ എണ്ണമറ്റ നടന്മാർക്കായി യേശുദാസിന്റെ സ്വരം വെള്ളിത്തിരയിൽ മുഴങ്ങി. നിത്യഹരിത നായകൻ പ്രേം നസീറിനുവേണ്ടിയാണ് യേശുദാസ് ഏറ്റവും അധികം ഗാനങ്ങൾ ആലപിച്ചത്. ‘പ്രാണ സഖി..’, ‘താമസമെന്തേ..’, ‘ആയിരം പാദസരങ്ങൾ..’, ‘സന്യാസിനി..’, ‘കരയുന്നോ പുഴ ചിരിക്കുന്നോ..’, ‘ചന്ദ്ര കളഭം…’ ,’ഉത്തരാസ്വയംവരം..’, ‘കായാമ്പു കണ്ണിൽ…’, ‘ഇളവന്നൂർ മഠത്തിലെ..’ തുടങ്ങി അസംഖ്യം ഗാനങ്ങളാണ് ഈ കൂട്ടുകെട്ടിൽ നിന്ന് പിറന്നത്.യേശുദാസിന്റെ ശബ്ദം ഏറ്റവും നന്നായി യോജിക്കുന്ന നടൻ എന്ന വിശേഷണവും പ്രേംനസീറിന് സ്വന്തം.

Click here for subscribe Mammootty Times YouTube Channel

പ്രേംനസീർ കഴിഞ്ഞാൽ യേശുദാസിന്റെ ശബ്ദം ഏറ്റവും നന്നായി യോജിക്കുന്നത് മമ്മൂട്ടിക്കായിരിക്കും. പാടി അഭിനയിച്ചവ അടക്കം മമ്മൂട്ടിച്ചിത്രങ്ങളിലെ മനോഹര ഗാനങ്ങൾ അധികവും യേശുദാസിന്റെ ശബ്ദത്തിലാണ് നാം കേട്ടത്. 1981 ൽ പുറത്തിറങ്ങിയ ‘തൃഷ്ണ’ യിലെ ‘ശ്രുതിയിൽ നിന്നുയരും..’ മുതൽ  കഴിഞ്ഞ മാസം   പ്രദർശനത്തിനെത്തിയ ‘മാമാങ്ക’ത്തിലെ  ‘പീലിത്തിരുമുടി..’ വരെ മഹാ നടനും ഗാനഗന്ധർവ്വനും ഒരുമിച്ച,   ആസ്വാദക ഹൃദയങ്ങളിൽ ഇന്നും നിറഞ്ഞു നിൽക്കുന്ന നിത്യഹരിത ഗാനങ്ങളിൽ ചിലത് ചുവടെ:

* ശ്രുതിയിൽ നിന്നുയരും..

* മൈനാകം കടലിൽനിന്നുയരുന്നുവോ ..

* മാനത്തെ ഹൂറി പോലെ പെരുന്നാൾ ..

* ഇന്ദ്രനീലമെഴുതിയ മിഴികൾ…

* കരയണോ മിഴി നീരിൽ ..

* മനസൊരു മാന്ത്രിക കുതിരയായി..

* ഒരു മഞ്ഞു തുള്ളിയിൽ…

* പണ്ടൊരു കാട്ടിലൊരാൺ സിംഹം..

* കണ്ണാംതളിയും കാട്ടുകുറിഞ്ഞിയും..

* എന്റെ വിണ്ണിൽ വിടരും നിലാവേ..

* തന്നനം താനന്നം താളത്തിലാടി..

* അലയും കാറ്റിൻ ഹൃദയം..

* ഇന്ദുലേഖ കൺ തുറന്നു..

* ഹൃദയ വനിയിലെ..

* നെറ്റിയിൽ പൂവുള്ള…

* പൂമുഖ വാതിൽക്കൽ..

* പീലി ഏഴും വീശിവാ..

* ചന്ദനലേപ സുഗന്ധം..

* വികാര നൗകയുമായി..

* എത്ര പൂക്കാലമിനി…

* മധുമാസം പൊന്നല ചൂടി…

* മഴവില്ലിൻ മലർ തേടി…

* ഒരിക്കൽ നിറഞ്ഞും ഒരിക്കൽ മെലിഞ്ഞും …

* പനിനീരുമായി പുഴകൾ..

* എന്തിനു വേറൊരു സൂര്യോദയം..

* കാട്ടുക്കുയില് മനസ്സുക്കുള്ളേ

* ആത്മാവിൻ പുസ്തകത്താളിൽ…

* കനക നിലാവേ..

* തരളിത രാവിൽ…

* ശാന്തമീ രാത്രിയിൽ..

* രാസ നിലാവിന് താരുണ്യം..

* പാതിരാക്കിളീ…

* ഓലത്തുമ്പത്തിരുന്ന്…

* സ്നേഹത്തിൻ പൂഞ്ചോല…

* ആത്മാവിൻ പുസ്തക താളിൽ..

* നാട്ടുപച്ച കിളി പെണ്ണേ..

* യാത്രയായ് വെയിലൊളി….

* ചന്ദ്രകാന്തം കൊണ്ട് നാലുകെട്ട്…

* ഇനോയൊന്നു പാടു ഹൃദയമേ..

* കടലിന്നഗാഥമാം…

* എന്നൊടുത്തുണരുന്ന….

* * സഹസ്രദളസം ശോഭിത നളിനം..

* മഴപെയ്തു മാനം…

* പൊന്നമ്പിളി പൊട്ടും തൊട്ട്….

* വെണ്ണിലാ ചന്ദനക്കിണ്ണം..

* സുമംഗലി കുരുവീ…

* നീയുറങ്ങിയോ നിലാവേ…

* വാർത്തിങ്കളേ….

* മയ്യഴിപ്പുഴ ഒഴുകി…

* ചൈത്ര നിലാവിന്റെ…

* മണിക്കുട്ടിക്കുറുമ്പുള്ളൊരമ്മിണി…

* ശാരദേന്ദു പാടി…

* കരുണാമയനെ…

* പൊന്നാമ്പൽ പുഴയിറമ്പിൽ…

* ഞാനൊരു പാട്ടുപാടാം…

* ശോകമൂകമായി…

* തെക്ക് തെക്ക് തെക്കേ പാടം …

* മനസിൻ മണിചിമിഴിൽ….

* കുഞ്ഞേ നിനക്ക് വേണ്ടി…

* വേഷങ്ങൾ ജന്മങ്ങൾ…

* ഏതോ രാത്രി മഴ മൂളിവരും…

* ദീന ദയാലോ രാമാ…

* മാനത്തെ വെള്ളി വിതാനിച്ച…

* മുറ്റത്തെ മുല്ലേ ചൊല്ലു…

* ആദിയുഷ സന്ധ്യ പൂത്തതിവിടെ….

* മണിക്കിനാവിൻ കൊതുമ്പു വള്ളം…

* താമരപ്പൂങ്കാവനത്തിൽ…

* പീലിത്തിരുമുടിക്കെട്ടിലിന്നെന്തിന്‌ ..

പ്രണയവും വിരഹവും ഭക്തിയുമടക്കം ഏത് ഭാവവും പൂർണതയോടെ ഒഴുകിയെത്തുന്ന ശബ്ദമാണ് യേശുദാസിനെ മലയാളവും കണ്ട ഏറ്റവും മഹാനായ ഗായകനായി എക്കാലവും നിലനിർത്തുന്നത്. ആലാപനത്തിലെ  വ്യത്യസ്തതയും അനായാസതയും അദ്ദേഹത്തെ മറ്റ് ഗായകരിൽ നിന്നു വേറിട്ടു നിർത്തി. . ഹരിവരാസനം, ആയിരം കാതം അകലെ ആണെങ്കിലും, രക്ഷകാ.. തുടങ്ങിയ ഭക്തി ഗാനങ്ങൾ അനശ്വരമാക്കിയ ശബ്ദത്തിൽ നിന്ന് തന്നെ പാരിജാതം തിരുമിഴി തുറന്നു,  അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ അടക്കം അസംഖ്യം പ്രണയ ഗാനങ്ങൾ ഒഴുകിയെത്തി. താമസമെന്തേ വരുവാൻ, കരയുന്നോ പുഴ ചിരിക്കുന്നോ , ആത്മാവിൻ പുസ്തക താളിൽ തുടങ്ങി വിരഹവും വിഷാദവും നിറഞ്ഞ ഗാനങ്ങൾ യേശുദാസിന്റെ കളകണ്ഠം വിട്ടൊഴുകി ആസ്വാദക ഹൃദയങ്ങളിൽ ചിര പ്രതിഷ്ഠ നേടി . നാടൻ പാട്ടുകളും ശാസ്ത്രീയ സംഗീതത്തിന്റെ അടിത്തറയിൽ സൃഷ്ടിക്കപ്പെട്ട പാട്ടുകളും ഹാസ്യ ഗാനങ്ങളുമൊക്കെ  മറ്റാർക്കും സാധിക്കാൻ കഴിയാത്ത പൂർണതയോടെയും മനോഹാരിതയോടെയുമാണ്  യേശുദാസിന്റെ ശബ്ദത്തിൽ ശ്രോതാക്കളിൽ എത്തിയത്.മമ്മൂട്ടി നാല് പതിറ്റാണ്ടോളമായി മലയാളം കണ്ട എക്കാലത്തെയും മികച്ച നടന്മാരുടെ മുൻ നിരയിൽ തലയെടുപ്പോടെ  നിലനിൽക്കുന്നത് കഥാപാത്ര വൈവിധ്യങ്ങളാൽ  വിസ്മയം  തീർത്തുകൊണ്ടാണ്. പൊന്തൻമാടയും ഭാസ്ക്കര പട്ടേലരും  പുട്ടുറുമീസും ജോസഫ് അലക്‌സും മന്നാഡിയാറും അച്ചൂട്ടിയുമടക്കം തികച്ചും വ്യത്യസ്തത പുലർത്തുന്ന കഥാപാത്രങ്ങളെ തികഞ്ഞ കയ്യടക്കത്തോടെ അവതരിപ്പിച്ച മമ്മൂട്ടി ഒരേ സമയം വാണിജ്യ സിനിമകളുടെയും കലാമൂല്യമുള്ള സിനിമകളുടെയും ഭാഗമായി. രാജ മാണിക്യവും പ്രാഞ്ചിയേട്ടനും പോക്കിരിരാജയും അമുദവനും സി.കെ രാഘവനും പോക്കിരിരാജയും  പള്ളിക്കൽ നാരായണനുമൊക്കെയായി സിനിമയും പ്രേക്ഷകനും ഒരുപാട് മാറിയപ്പോഴും തന്നിലെ അഭിനേതാവിനെ സ്വയം നവീകരിച്ച് മുന്നേറുകയാണ് മമ്മൂട്ടി. സംഗീതത്തിൽ യേശുദാസിന് കൈവരിക്കാൻ കഴിഞ്ഞ വ്യത്യസ്തത  അഭിനയത്തിൽ മമ്മൂട്ടിക്കും സാധിച്ചു എന്നതാണ് ഇരുവരേയും സമകാലികരിൽ നിന്ന് വേറിട്ട് നിർത്തുന്നതും തങ്ങളുടെ മേഖലകളിൽ  സവിശേഷ സ്ഥാനം അലങ്കരിക്കാൻ പ്രാപ്തരാക്കുന്നതും.

സമർപ്പണം  എന്ന വാക്കിന്റെ പര്യായമായാണ് യേശുദാസിനെ സംഗീത രംഗത്തെ മഹാരഥന്മാർ അടക്കം വിശേഷിപ്പിച്ചിട്ടുള്ളത്.തന്റെ ശബ്ദത്തെ ദോഷകരമായി ബാധിക്കുന്ന  ഒന്നും ദാസേട്ടൻ  ചെയ്യാറില്ല എന്നും ഭക്ഷണം നമ്മുടെ തൊണ്ടയുടെ ഇന്ധനം ആണെന്നും അത് ശരിയായിരിക്കണം എന്നും അദ്ദേഹം എപ്പോഴും പറയുമെന്നും  ഗായിക സുജാത ഒരു ലേഖനത്തിൽ പറഞ്ഞിട്ടുണ്ട് .പ്രിയപ്പെട്ട ഒരുപാട് കാര്യങ്ങൾ ത്യജിച്ചാണ് യേശുദാസ് തന്റെ ആലാപന ശേഷിയും ശബ്ദവും നിലനിർത്തുന്നത് എന്ന് ശ്രീകുമാരൻ തമ്പി പറയുന്നു.  മമ്മൂട്ടിയെക്കുറിച്ചും സിനിമാ രംഗത്തുള്ള നിരവധി പ്രമുഖർ സമാനമായ അഭിപ്രായങ്ങൾ പങ്കുവെച്ചിട്ടുണ്ട്. കഥാപാത്രങ്ങളുടെ അവതരണത്തിലും ശബ്ദ നിയന്ത്രണത്തിലും  ശരീര സംരക്ഷണത്തിലും  അടക്കം പുതു തലമുറയ്ക്കും മാതൃകയാണ് മമ്മൂട്ടി.       

    

പ്രഗത്ഭരായ സംവിധായകരുടേയും എഴുത്തുകാരുടെയും എക്കാലത്തെയും പ്രിയപ്പെട്ട നടനാണ് മമ്മൂട്ടി. അടൂർ ഗോപാലകൃഷ്ണനും , എം.ടി വാസുദേവൻ നായരും, ലോഹിത ദാസുമൊക്കെ അവരുടെ ഏറ്റവും മികച്ച കഥാപാത്രങ്ങളെ  ഏൽപ്പിച്ചത് മമ്മൂട്ടിയെയാണ്. മലയാളത്തിന്റെ അഭിമാനങ്ങളായ ഈ പ്രതിഭാധനരൊക്കെ   മമ്മൂട്ടിയിലെ സമാനതകളില്ലാത്ത അഭിനയ പ്രതിഭയെ ഏറെ പുകഴ്തിത്തിയവരാണ്. രഞ്ജിത്തും ബ്ലെസ്സിയുമടക്കമുള്ളവരും  പുതിയ തലമുറയിലെ ശ്രദ്ധേയരായ എഴുത്തുകാരിലും  സംവിധായകരിലും ഒരു വലിയ വിഭാഗവുമൊക്കെ  മമ്മൂട്ടി എന്ന  നടനേയും താരത്തേയും തങ്ങളുടെ സിനിമകളിൽ നന്നായി ഉപയോഗിച്ചവരാണ്. പുതു തലമുറയിലെ ഏറ്റവും ശ്രദ്ധേയനായ എഴുത്തുകാരനെന്ന വിശേഷണത്തിന് അർഹനായ  ശ്യാം പുഷ്‌കരൻ,  ഒരു ശക്തമായ  കഥാപാത്രത്തെ അവതരിപ്പിക്കുവാൻ റെഫർ ചെയ്തത് മമ്മൂട്ടി അനശ്വരമാക്കിയ ചില കഥാപാത്രങ്ങളാണ് എന്ന് ജോജു ജോർജ് ഒരു അഭിമുഖത്തിൽ സൂചിപ്പിച്ചിരുന്നു.  ശ്യാം പുഷ്‌കരൻ രചന നിർവഹിച്ച  മഹേഷിന്റെ പ്രതികാരം എന്ന സിനിമയിൽ സൗബിൻ അവതരിപ്പിച്ച  ക്രിസ്പി  മമ്മൂട്ടിയുടെ  വേഷപ്പകർച്ചകളുടെ വൈവിധ്യത്തെ പരാമർശിച്ചു പറയുന്ന ഡയലോഗ് ഏറെ ഹിറ്റായിരുന്നു. പതിറ്റാണ്ടുകൾക്കിപ്പുറവും എഴുത്തുകാരുടേയും സംവിധായകരുടേയും പ്രിയപ്പെട്ട നടനാണ് മമ്മൂട്ടി. ദേവരാജൻ മാസ്റ്ററും ദക്ഷിണാ മൂർത്തിയും രാഘവൻ മാസ്റ്ററും അർജുനൻ മാസ്റ്ററും   ബാബുരാജുമടക്കമുള്ള സംഗീത സംവിധായകർക്കും പിന്നീട് ശ്യാം, ജോൺസൺ, രവീന്ദ്രൻ തുടങ്ങിയവർക്കും ഏറ്റവും പ്രിയപ്പെട്ട ഗായകൻ യേശുദാസ് തന്നെയായിരുന്നു. പുതു തലമുറയിലെ ഗോപി സുന്ദർ അടക്കമുള്ള സംഗീത സംവിധായകരും ഗന്ധർവ നാദത്തിന്റെ ആരാധകർ തന്നെ. യേശുദാസിന്റെ ശബ്ദ മാന്ത്രികതയ്ക്ക് തലമുറഭേദമന്യേ ആരാധകരുണ്ട്.

മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിൽ യേശുദാസും മമ്മൂട്ടിയും എക്കാലവും ശ്രദ്ധ പുലർത്തിയിട്ടുണ്ട്. ജാതി ഭേദം മത ദ്വേഷം ഏതു മില്ലാതെ എന്നാരംഭിക്കുന്ന ഗുരുദേവ കീർത്തനം ആലപിച്ചുകൊണ്ടാണ് ഗന്ധർവ ഗായകൻ തന്റെ സംഗീത ജീവിതം ആരംഭിച്ചത്. ജാതി മത ചിന്തകൾക്ക് അതീതമായി മാനവ സ്നേഹവും ഐക്യവും  നിലനിൽക്കണം എന്ന ചിന്ത എക്കാലവും പങ്കുവെച്ചിട്ടുണ്ട് യേശുദാസ്. സ്നേഹം പരസ്പരം കൈമാറ്റം ചെയ്യുന്നവർക്കേ ദൈവ സന്നിധിയിൽ നിന്ന് പ്രതിഫലം ലഭിക്കുകയുള്ളുവെന്നും, സ്നേഹിച്ച് ജീവിക്കേണ്ട കാലമാണിതെന്നുമുള്ള   ആറ്റുകാൽ ക്ഷേത്രത്തിൽ നടന്ന ചടങ്ങിലെ മമ്മൂട്ടിയുടെ വാക്കുകൾ കാലിക പ്രസക്തമാണ്.

മലയാളത്തിന്റെ യശസ്സ് അന്യ ഭാഷകളിലും ഉയർത്തിയ മഹത് വ്യക്തിത്വങ്ങളാണ് യേശുദാസും മമ്മൂട്ടിയും. ശ്രദ്ധേയങ്ങളായ കഥാപാത്രങ്ങളിലൂടെ കേരളത്തിന് പുറത്തും മമ്മൂട്ടി തന്റെ അഭിനയ മികവ് അടയാളപ്പെടുത്തുന്നു. സ്വാതികിരണവും ദളപതിയും മുതൽ പേരൻപും യാത്രയും വരെ ഇതിന് ഉദാഹരണങ്ങളാണ്. ആലാപന മികവിനാൽ ഇന്ത്യ മുഴുവൻ നിറഞ്ഞു നിൽക്കുന്ന പേരാണ് യേശുദാസിന്റേത്. ഗാനഗന്ധർവന്റെ അസംഖ്യം അന്യ ഭാഷാ ഗാനങ്ങളും അവയിലൂടെ നേടിയെടുത്ത ആസ്വാദക പ്രശംസയും എണ്ണമറ്റ പുരസ്‌കാരങ്ങളും മലയാളത്തിന് എക്കാലവും അഭിമാനം നൽകുന്നവയാണ്

മലയാളത്തിന്റെ പുണ്യമായ ഗന്ധർന്ധർവ നാദം ഇനിയുമേറെക്കാലം നമ്മെ വിസ്മയിപ്പിക്കട്ടെ. എം.ടി വാസുദേവൻ നായരുടെ തിരക്കഥയിൽ മമ്മൂട്ടി അഭിനയിച്ച ‘സുകൃതം’ എന്ന സിനിമയിൽ യേശുദാസ് ആലപിച്ച  ‘എന്നോടൊത്തുണരുന്ന പുലരികളേ…’ എന്നാരംഭിക്കുന്ന ഗാനത്തിന്റെ അവസാന വരികൾ ഇങ്ങനെ  – ‘യാത്ര തുടരുന്നു …ശുഭ യാത്ര നേർന്നു വരൂ…’. അതെ,  മഹാ ഗായകന്  തന്റെ സംഗീത യാത്ര അഭംഗുരം തുടരാൻ  ആദരവോടെയും സ്നേഹത്തോടെയും നമുക്ക് നേരാം – ശുഭയാത്ര

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles