മലയാള സിനിമയുടെ എക്കാലത്തെയും സൂപ്പർ ഡ്യുപ്പർ ഹിറ്റുകളിൽ ഒന്നാം സ്ഥാനം അലങ്കരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ഷാജി കൈലാസ് രൺജി പണിക്കർ മമ്മൂട്ടി ടീമിന്റെ ദി കിംഗ്. മലയാള സിനിമയിൽ അതുവരെയുള്ള കളക്ഷൻ റെക്കോർഡുകൾ ബ്രേക്ക് ചെയ്ത ചിത്രം പല കേന്ദ്രങ്ങളിലും പുതിയ കളക്ഷൻ റെക്കോർഡുകൾ സൃഷ്ടിച്ചു വൻ വിജയം നേടി.
മമ്മൂട്ടി അവതരിപ്പിച്ച ജോസഫ് അലക്സ് എന്ന നായക കഥാപാത്രം മലയാള സിനിമയിലെ പൗരുഷമുള്ള കഥാപാത്രങ്ങളുടെ അവസാന വാക്ക് എന്നു തന്നെ വിശേഷിപ്പിക്കാം. മമ്മൂട്ടിയുടെ അസാമാന്യ പെർഫോമൻസ് കൊണ്ടുതന്നെ ജോസഫ് അലക്സ് എല്ലാ വിഭാഗം പ്രേക്ഷകരുടെയും ആവേശമായി മാറി.
മാക് പ്രൊഡക്ഷൻസിന്റെ ബാനറിൽ വ്യവസായി ആയ മാക് അലിയായിരുന്നു ദി കിംഗിന്റെ നിർമ്മാണം.
മലയാളത്തിൽ ഒരുപിടി സൂപ്പർ ഹിറ്റ് ചിത്രങ്ങൾ നിർമ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്ത മാക് അലി പിന്നീട് രാഷ്ട്രീയത്തിൽ സജീവമായതോടെ സിനിമാ മേഖലയിൽ നിന്നും വിട്ടുപോവുകയായിരുന്നു. മാക് പ്രൊഡക്ഷൻസ് എന്ന ബാനറിന്റെ പിന്മാറ്റം സിനിമാ പ്രേമികളെ, പ്രത്യേകിച്ചും മമ്മൂട്ടി ആരാധകരെ തെല്ലൊന്നുമല്ല വിഷമ്മിപ്പിച്ചത്. കാരണം, ചുരുങ്ങിയ നാളുകൾ കൊണ്ട് മമ്മൂട്ടിയുടെ എണ്ണം പറഞ്ഞ സൂപ്പർ ഹിറ്റ് സിനിമകളുടെ നിർമ്മാണത്തിലോ വിതരണത്തിലോ മാക് എന്ന കമ്പനിയുടെ സാന്നിധ്യം ഉണ്ടായിരുന്നു.
ഇന്ന് ദി കിംഗ് എന്ന സിനിമ തിയേറ്ററുകളിൽ എത്തിയിട്ട് 25 വർഷം പൂർത്തിയാക്കുകയാണ്. ഈ അവസരത്തിൽ ദി കിംഗ് നെ കുറിച്ചുള്ള നല്ല ഓർമ്മകൾ പങ്കുവയ്ക്കുകയാണ് ചിത്രത്തിന്റെ നിർമ്മാതാവായ മഞ്ഞളാംകുഴി അലി എന്ന മാക് അലി, തന്റെ ഫേസ് ബുക്ക് കുറിപ്പിലൂടെ.
അലിയുടെ ഫേസ് ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം :
‘ദ കിംഗ്’ എന്ന സിനിമ റിലീസ് ചെയ്തിട്ട് ഇന്നേക്ക് 25 വര്‍ഷമായി. സിനിമാക്കാലത്തിന്റെ നല്ല ഓര്‍മ്മകളില്‍ തിളക്കമേറിയ ചിത്രം. ദിവസത്തില്‍ ഒരുതവണയെങ്കിലും ആ സിനിമയെക്കുറിച്ച് ഓര്‍ക്കുകയോ ആരെങ്കിലും ഓര്‍മ്മിപ്പിക്കുകയോ ചെയ്യാത്ത ദിവസങ്ങളില്ലെന്നുതന്നെ പറയാം. അത്രയേറെ ജനങ്ങളിലേക്ക് കയറിപ്പോയിരുന്നു കലക്ടര്‍ തേവള്ളിപ്പറമ്പില്‍ ജോസഫ് അലക്‌സ്.
യഥാര്‍ത്ഥത്തില്‍, ഒരു കിംഗ് ആയിരുന്നില്ല ആ സിനിമയില്‍ ഉള്ളത്. അനേകംപേരുണ്ട്. മമ്മൂട്ടിയെക്കൂടാതെ ഷാജി കൈലാസ്, രഞ്ജിപണിക്കര്‍. പിന്നെ, താരമൂല്യത്തില്‍
ഒന്നാംനിരയിലുള്ള നടീനടന്‍മാര്‍, സാങ്കേതിക പ്രവര്‍ത്തകര്‍. അതുകൊണ്ടുതന്നെ ചെയ്ത സിനിമകളില്‍ ഏറ്റവും കഷ്ടപ്പാടുണ്ടായത് ദ കിംഗിനാണ്. അതിന് ഫലമുണ്ടായി. അതുകൊണ്ടാണ് ആ സിനിമ ഇന്നും സ്‌ക്രീനില്‍നിന്ന് മായാതെ നില്‍ക്കുന്നത്.
മലയാള സിനിമ അന്നേവരെ കണ്ടിട്ടില്ലാത്ത സൂപ്പര്‍ ഹിറ്റ് ഡയലോഗുകള്‍ കൊണ്ട് സമ്പന്നമായിരുന്നു കിംഗ്. അക്കാലത്ത് ഏറ്റവുമധികം തിയറ്ററുകളില്‍ ഒന്നിച്ച് റിലീസ് ചെയ്തിട്ടും ടിക്കറ്റ് ലഭിക്കാത്ത പരാതികള്‍ നിറഞ്ഞ മാസങ്ങളുണ്ടായി. രാഷ്ട്രീയ പശ്ചാത്തലം തോന്നിപ്പിച്ച സിനിമ അത്തരമൊരു വിവാദത്തിനും വഴിവച്ചു. ചില രാഷ്ട്രീയ നേതാക്കള്‍ക്കെതിരാണെന്ന് പ്രചരണമുണ്ടായി. പക്ഷെ, സത്യസന്ധനായ ഉദ്യോഗസ്ഥര്‍ക്ക് സമൂഹത്തിലുണ്ടാവുന്ന സ്ഥാനം കൃത്യമായി അടയാളപ്പെടുത്തിയ സിനിമയായിരുന്നു അത്. ജോസഫ് അലക്‌സിന്റെ പഞ്ചുള്ള ഡയലോഗുകള്‍ ഇന്നും കാതുകളിലുണ്ടെന്ന് പറയുന്നവര്‍ ഏറെയാണ്. നല്ല സിനിമകള്‍ അതിനുമുമ്പും ശേഷവും പിറവിയെടുത്തിട്ടുണ്ട്. എന്നാല്‍ മമ്മൂട്ടിയുടെ നായകത്വത്തില്‍, അതേ പൗരുഷത്തില്‍, അതേ വീറോടെ, അതേ മികവോടെ പിന്നീടുണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്. കാലം മാറിയപ്പോള്‍ സൗകര്യങ്ങളും സാങ്കേതിക സംവിധാനങ്ങളും മാറിയിട്ടുണ്ടാവും. എന്നാല്‍ എത്ര സിനിമകള്‍ ഇടയ്ക്കിടെ ആളുകളില്‍ റിലീസാവുന്നു എന്ന ചോദ്യത്തിന്റെ ഉത്തരത്തില്‍ തീര്‍ച്ചയായും ദി കിംഗ് ഉണ്ടാവും. അന്ന് ആ സിനിമയുടെ വിജയത്തിന് കൂടെനിന്ന എല്ലാവരോടും ഈ 25-ാം വാര്‍ഷിക ദിനത്തില്‍ സ്‌നേഹം പങ്കിടുന്നു. ആ സിനിമയില്‍ നടനായിരുന്ന കോഴിക്കോട് സ്വദേശി കൃഷ്ണന്‍ അന്ന് ചെന്നൈയില്‍ വച്ച് മരിച്ചിരുന്നു. ആ കലാകാരനെയും കുടുംബത്തെയും ഓര്‍ക്കുന്നു. കോഴിക്കോട്, തിരുവനന്തപുരം, ചെന്നൈ തുടങ്ങി ഒട്ടേറെ സ്ഥലങ്ങളില്‍ തുടര്‍ച്ചയായി ഓടി നടന്ന് പൂര്‍ത്തിയാക്കിയ സിനിമ എന്ന പ്രത്യേകതയും ദ കിംഗിനുണ്ട്.
https://m.facebook.com/story.php?story_fbid=2685019578381492&id=1418934054990057